• HOME
  • »
  • NEWS
  • »
  • world
  • »
  • Dan Wieden | നൈക്കിക്കു വേണ്ടി ലോകപ്രശസ്ത പരസ്യവാചകം സൃഷ്ടിച്ചയാൾ; അന്തരിച്ച ഡാൻ വെയ്‌ഡനെക്കുറിച്ച് ചിലത് 

Dan Wieden | നൈക്കിക്കു വേണ്ടി ലോകപ്രശസ്ത പരസ്യവാചകം സൃഷ്ടിച്ചയാൾ; അന്തരിച്ച ഡാൻ വെയ്‌ഡനെക്കുറിച്ച് ചിലത് 

പരസ്യം എന്നാൽ കേവലം ഉത്പന്നങ്ങൾ വിൽക്കലല്ല എന്നും, മറിച്ച് കമ്പനികളും അവരുടെ ഉപഭോക്താക്കളും തമ്മിൽ ശക്തമായ ബന്ധം സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗം ആണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു

  • Share this:
പ്രമുഖ ബ്രാൻഡുകൾ ഉപയോഗിക്കുന്ന പരസ്യ വാചകങ്ങളും ജിംഗിളുകളും പ്രേക്ഷകരുടെ മനസിൽ പതിയാറുണ്ട്. അത്തരത്തിൽ ആകർഷകമായ പരസ്യ വാചകങ്ങൾ എഴുതിയിട്ടുള്ള വ്യക്തിയാണ് ഡാൻ വെയ്‌ഡെൻ (Dan Wieden). ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം മരിച്ചത്. 77 -ാംവയസിലായിരുന്നു അന്ത്യം. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. ഫാഷൻ ബ്രാൻഡ് നൈക്കിക്കു (Nike) വേണ്ടി ജസ്റ്റ് ഡു ഇറ്റ് (Just Do It) എന്ന പ്രശസ്തമായ പരസ്യ വാചകം എഴുതിയത് അദ്ദേഹമാണ്.

വെയ്‌ഡെൻ+കെന്നഡി (Wieden+Kennedy) എന്ന പ്രശസ്തമായ പരസ്യ കമ്പനിയുടെ സ്ഥാപകൻ കൂടിയാണ് ഡാൻ വെയ്‌ഡെൻ. കമ്പനി തന്നെയാണ് അദ്ദേഹത്തിന്റെ മരണ വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്. "ഒരിക്കലും ഒരു വലിയ പരസ്യ ഏജൻസി ഉണ്ടാക്കുക എന്നത് മാത്രം ആയിരുന്നില്ല ഒരു എഴുത്തുകാരൻ കൂടി ആയിരുന്ന വെയ്‌ഡെന്റെ ഉദ്ദേശ്യം. മറിച്ച് ആളുകൾക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ജോലി ചെയ്യാൻ കഴിയുന്ന ഒരു ഇടം നൽകുക എന്നതു കൂടി ആയിരുന്നു ," ചരമക്കുറിപ്പിൽ കമ്പനി പറഞ്ഞു.

പരസ്യം എന്നാൽ കേവലം ഉത്പന്നങ്ങൾ വിൽക്കലല്ല എന്നും, മറിച്ച് കമ്പനികളും അവരുടെ ഉപഭോക്താക്കളും തമ്മിൽ ശക്തമായ ബന്ധം സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗം ആണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

Also Read- Canada | കാനഡയിലെ ഭഗവത്ഗീത പാര്‍ക്കിലെ ബോര്‍ഡ് തകര്‍ത്തു: ഇന്ത്യക്കാർക്കെതിരായ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുന്നതാ?

യുണൈറ്റഡ് സ്റ്റേറ്റ്സിലെ പോർട്ട്‌ലാൻഡ് സ്വദേശിയായ ഡാൻ വെയ്‌ഡെൻ ഒറിഗോൺ സർവകലാശാലയിൽ നിന്നാണ് ജേണലിസം പഠിച്ചത്. പരസ്യ മേഖലയിലേക്ക് മാറുന്നതിന് മുമ്പ് കുറച്ച് വർഷങ്ങൾ പബ്ലിക് റിലേഷൻസ് രംഗത്തും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പിന്നീട് പരസ്യ ഏജൻസിയായ മക്കാൻ-എറിക്‌സണിൽ പ്രവർത്തിക്കാൻ തുടങ്ങി. ഇവിടെ വച്ചാണ് അദ്ദേഹം ഡേവിഡ് കെന്നഡിയെ കണ്ടുമുട്ടിയത്. അദ്ദേഹത്തോടൊപ്പം 1982-ൽ വൈഡൻ+കെന്നഡി എന്ന കമ്പനി സ്ഥാപിച്ചു.

നൈക്കി എന്ന ഒരേയൊരു ക്‌ളൈന്റും മൂന്ന് ജീവനക്കാരുമായാണ് കമ്പനി ആരംഭിച്ചത്. 1988-ൽ നൈക്കിനായി വെയ്‌ഡെൻ 'ജസ്റ്റ് ഡു ഇറ്റ്' എന്ന പരസ്യ വാചകം പുറത്തിറക്കി. ഇന്ന്, ലോകമെമ്പാടും കമ്പനി തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഡൽഹി, ന്യൂയോർക്ക്, ലണ്ടൻ, ആംസ്റ്റർഡാം, ടോക്കിയോ, ഷാങ്ഹായ് എന്നിവിടങ്ങളിൽ കമ്പനിക്ക് ഓഫീസുകളുണ്ട്.

മക്‌ഡൊണാൾഡ്‌സ്, ബഡ് ലൈറ്റ്, ഓൾഡ് സ്‌പൈസ്, ടാർഗെറ്റ്, ലെവിസ്, ഇഎസ്‌പിഎൻ, കൊക്കകോള, ഹോണ്ട, പി ആൻഡ് ജി, നോക്കിയ, ഇലക്‌ട്രോണിക് ആർട്‌സ് തുടങ്ങിയ വൻകിട കമ്പനികൾക്കു വേണ്ടി വെയ്‌ഡെൻ+കെന്നഡി പ്രവർത്തിച്ചിട്ടുണ്ട്.

തന്റെ പരസ്യ ഏജൻസി എപ്പോഴും സ്വതന്ത്രവും ക്രിയാത്മകമായി പ്രവർത്തിക്കണമെന്നാണ് വെയ്‌ഡെൻ ആഗ്രഹിച്ചത്. പരസ്യ മേഖലയിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് അദ്ദേഹത്തിന് മികച്ച സംരംഭകനുള്ള ഒറിഗോണിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. 50 പേരടങ്ങുന്ന ടൈം മാഗസിന്റെ സൈബർ എലൈറ്റ് പട്ടികയിലും അദ്ദേഹം ഇടം നേടിയിരുന്നു.

ഒറിഗോണിലെ സിസ്റ്റേഴ്‌സിൽ ചെറുപ്പക്കാർക്കു വേണ്ടിയുള്ള നോൺ പ്രോഫിറ്റ് വിദ്യാഭ്യാസ സ്ഥാപനമായ കാൽഡെറയും ഡാൻ വെയ്‌ഡെൻ സ്ഥാപിച്ചതാണ്.
Published by:Rajesh V
First published: