marലാറ്റിനമേരിക്കൻ സാഹിത്യത്തിൽ (Latin American literature) ഒരു പുതിയ യുഗം ആരംഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഗബ്രിയേൽ ഗാർഷ്യ മാർക്വേസ് (Gabriel Garcia Marquez). കൊളംബിയയിൽ (Colombia) ജനിച്ച ഈ നൊബേൽ സമ്മാന (Nobel Prize) ജേതാവ് 2014ൽ 87-ാം വയസ്സിലാണ് മരിച്ചത്.
മരിക്കുന്ന സമയത്ത് മാർക്വേസ് 1967ൽ ആദ്യമായി പ്രസിദ്ധീകരിച്ച വൺ ഹൺഡ്രസ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് (One Hundred Years of Solitude) അഥവാ ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന നോവലിന്റെ 2.5 കോടിയിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടിരുന്നു.
1983 മെയ് മാസത്തിലെ വാനിറ്റി ഫെയറിന്റെ (Vanity Fair) കവർ പേജിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രചാരമുള്ള വരികളിൽ ഒന്ന് പ്രത്യക്ഷപ്പെട്ടിരുന്നു. "എല്ലാവർക്കും മൂന്ന് ജീവിതങ്ങളുണ്ട്: ഒരു പൊതു ജീവിതം, ഒരു സ്വകാര്യ ജീവിതം, ഒരു രഹസ്യ ജീവിതം" മാർക്വേസിന്റെ കാര്യത്തിൽ ഈ വരികൾ അർത്ഥവത്താണെന്ന് വ്യക്തമാക്കുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം ഒരു കൊളംബിയൻ മാധ്യമം പുറത്തുവിട്ടിരിക്കുന്നത്. 1990കളുടെ തുടക്കത്തിൽ മാർക്വേസിന് 60 വയസ്സിനു മുകളിൽ പ്രായമുള്ളപ്പോൾ മെക്‌സിക്കൻ എഴുത്തുകാരിയായ സൂസാന കാറ്റോയുമായുള്ള ബന്ധത്തിൽ ഒരു മകളുണ്ടെന്നാണ് ഞായറാഴ്ച പുറത്തു വന്ന മാധ്യമ റിപ്പോർട്ട്.
കാറ്റോയും മാർകേസും അവൾക്ക് ഇന്ദിര (Indira) എന്നാണ് പേരിട്ടിരിക്കുന്നതെന്നും. പേരിനൊപ്പം അമ്മയുടെ കുടുംബപ്പേരാണ് ചേർത്തിരിക്കുന്നതെന്നും ഇന്ദിരയ്ക്ക് ഇപ്പോൾ 31 വയസ്സ് പ്രായമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. അവർ മെക്സിക്കോ സിറ്റിയിലെ ഒരു ഡോക്യുമെന്ററി പ്രൊഡ്യൂസർ ആണെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മെഴ്‌സിഡസ് ബാർച്ച പർഡോയുമായുള്ള മാർക്വേസിന്റെ വിവാഹ ബന്ധം നിലനിൽക്കെയാണ് ഇങ്ങനെ ഒരു ബന്ധം മാർക്വേസിന് ഉണ്ടായിരുന്നത്. 1956ൽ വിവാഹിതരായ മെഴ്‌സിഡസും മാർക്വേസും മരണം വരെ ഒരുമിച്ചുണ്ടായിരുന്നു. 2020ലാണ് മെഴ്‌സിഡസ് മരിച്ചത്. ഇവർക്ക് രണ്ട് ആൺമക്കളാണുള്ളത്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സൂസാന കാറ്റോ ഒരു ഇറാഖി കുടിയേറ്റ കുടുംബത്തിലാണ് ജനിച്ചത്. കൂടാതെ മാർക്വേസിന്റെ വിദ്യാർത്ഥിയും ആയിരുന്നു. അവർ മാർക്വേസിനൊപ്പം രണ്ട് സിനിമകളുടെ തിരക്കഥകളിലും പ്രവർത്തിച്ചിരുന്നു. കൂടാതെ 1996ൽ ഒരു മാഗസിന് വേണ്ടി അദ്ദേഹത്തെ അഭിമുഖം ചെയ്യുകയും ചെയ്തിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. മാർക്വേസിന്റെ രണ്ട് ബന്ധുക്കളും അദ്ദേഹത്തിന് കാമുകിയിൽ ഒരു കുഞ്ഞ് ജനിച്ചിട്ടുണ്ടെന്ന് അസോസിയേറ്റഡ് പ്രസിനോട് സ്ഥിരീകരിച്ചു.
“തനിക്ക് തന്റെ ബന്ധുവായ ഇന്ദിരയെക്കുറിച്ച് വർഷങ്ങളായി അറിയാമായിരുന്നു, എന്നാൽ മാധ്യമങ്ങൾക്ക് മുമ്പിൽ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. കാരണം തന്റെ മാതാപിതാക്കൾ അമ്മാവന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വളരെ ശ്രദ്ധയോടെ സംസാരിക്കണമെന്ന് തന്നോട് എപ്പോഴും ആവശ്യപ്പെട്ടിരുന്നു“, മാർക്വേസിന്റെ മരുമകളിൽ ഒരാളായ ഷാനി ഗാർഷ്യമാർക്വേസ് എപിയോട് പറഞ്ഞു. താൻ ഇന്ദിര കാറ്റോയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ അവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ”മാർക്വേസിന്റെ മറ്റൊരു ബന്ധുവായ ഗബ്രിയേൽ എലിജിയോ ടോറസ് ഗാർസിയ പറഞ്ഞു. മാർകേസിന്റെ മക്കൾക്കും ഇന്ദിരയെക്കുറിച്ച് അറിയാമെന്ന് ഇദ്ദേഹം അവകാശപ്പെട്ടു.
ഇന്ദിരാഗാന്ധിയും മാർക്വേസുമായുള്ള ബന്ധം
ഗബ്രിയേൽ ഗാർഷ്യമാർക്വേസിന്റെ ആരാധികയായിരുന്നു മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധിയോടുള്ള ബഹുമാനാർത്ഥമാകാം മാർക്വേസിന്റെ മകൾക്ക് ഇന്ദിര എന്ന പേര് നൽകിയതെന്ന് എൽ യൂണിവേഴ്സൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.1982ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ മാർക്വേസിനെ അഭിനന്ദിച്ച "ആദ്യത്തെ" ലോകനേതാവ് ഇന്ദിരാഗാന്ധിയാണെന്ന് റിട്ടയേർഡ് ഇന്ത്യൻ നയതന്ത്രജ്ഞൻ രംഗരാജ് വിശ്വനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
“ബ്രഷ്‌നേവിന്റെ (സോവിയറ്റ് നേതാവ് ലിയോനിഡ്) ശവസംസ്‌കാര ചടങ്ങിനിടെ മോസ്‌കോയിൽ ഫിഡൽ കാസ്‌ട്രോയെ ശ്രീമതി ഗാന്ധി കണ്ടപ്പോൾ ചേരിചേരാ ഉച്ചകോടിയിൽ ഫിഡലിന്റെ സുഹൃത്ത് മാർക്വേസിനെ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഫിഡലിനോട് ഇന്ദിരാഗാന്ധി പറഞ്ഞിരുന്നു. 1983ലെ ചേരിചേരാ ഉച്ചകോടിക്കായി ഫിദൽ കാസ്‌ട്രോയുടെ ഔദ്യോഗിക വിമാനത്തിൽ മാർക്വേസ് (ഗാബോ) ഇന്ത്യയിലെത്തി. ടാർമാക്കിൽ കാസ്‌ട്രോയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകുമ്പോൾ മാർക്വേസ് വിമാനത്തിനുള്ളിൽ ഇരുന്നു. എന്നാൽ വിമാനത്തിനുള്ളിൽ എത്തി മാർക്വേസിനെ അഭിവാദ്യം ചെയ്യാൻ ഇന്ദിരാഗാന്ധി എത്തിയിരുന്നു.
മാർക്വേസ് ഡൽഹിയിൽ മൂന്നു ദിവസം താമസിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധി ഗാബോയെ ഇന്ത്യയിലുടനീളം സഞ്ചരിക്കാൻ മറ്റൊരു സന്ദർശനത്തിനായി പ്രത്യേകം ക്ഷണിക്കുകയും ചെയ്തിരുന്നു. ഇന്ദിരാഗാന്ധി തന്റെ നോവലിൽ മക്കോണ്ടോ എന്ന് പരാമർശിച്ചിരിക്കുന്ന കൊളംബിയയിലെ അരക്കാറ്റാക്കയിലെ സ്ത്രീകളെപ്പോലെയാണ് കാണപ്പെടുന്നതെന്ന് ഗാബോ അഭിപ്രായപ്പെട്ടിരുന്നു“, വിശ്വനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ 1984ൽ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം അദ്ദേഹം ഇന്ത്യ സന്ദർശിക്കേണ്ടെന്ന് തീരുമാനിച്ചുവെന്നും എൽ യൂണിവേഴ്സൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. “ഇന്ദിരാഗാന്ധിയുടെ കൊലപാതക വാർത്തയിൽ ഗാർസിയ മാർക്വേസ് ഏറെ നിരാശനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഓർമ്മയിൽ ഇന്ദിര എന്ന പേര് വെളിച്ചവും ധൈര്യവും നിറഞ്ഞ ഒരു പേരായി എന്നും നിലനിന്നിരുന്നു"
മാജിക് റിയലിസം എന്ന സാഹിത്യ സങ്കേതത്തിന് പ്രചുരപ്രചാരം നൽകി ലോകത്തെമ്പാടുമുള്ള വായനക്കാരുടെ മനം കവർന്ന എഴുത്തുകാരനാണ് ഗബ്രിയേൽ ഗാർഷ്യ മാർക്വേസ്. അദ്ദേഹത്തെ ഓർക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ വിഖ്യാതമായ വാക്കുകളും നമ്മുടെ ഓർമകളിൽ അലയടിക്കാറുണ്ട്. നമ്മുടെ അസ്തിത്വം മുതൽ നമുക്ക് ചുറ്റുമുള്ള രാഷ്ട്രീയം വരെ സകലതിനെയും ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള സ്വാധീനം സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട് .
അതോടൊപ്പം ജീവിതത്തിലെ ഏറ്റവും ചെറുതെന്ന് കരുതപ്പെടുന്ന കാര്യങ്ങളെ ഉൾപ്പെടെ ആഴത്തിൽ നോക്കിക്കാണാൻ അവ നമ്മളെ പ്രാപ്‌തരാക്കിയിട്ടുണ്ട്. 'ഏകാന്തതയുടെ നൂറു വർഷങ്ങൾ', 'കോളറക്കാലത്തെ പ്രണയം', 'കുലപതിയുടെ ശരത്കാലം' തുടങ്ങി അതുല്യങ്ങളായ നിരവധി കൃതികളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indira Gandhi, Literature