• HOME
  • »
  • NEWS
  • »
  • world
  • »
  • Hate Crime | 'വൃത്തികെട്ട ഹിന്ദു'; കാലിഫോര്‍ണിയയില്‍ ഇന്ത്യക്കാരന് നേരെ വംശീയ അധിക്ഷേപം; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

Hate Crime | 'വൃത്തികെട്ട ഹിന്ദു'; കാലിഫോര്‍ണിയയില്‍ ഇന്ത്യക്കാരന് നേരെ വംശീയ അധിക്ഷേപം; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

കൃഷ്ണന്‍ ജയരാമന്‍ എന്നയാള്‍ക്ക് നേരെയാണ് വംശീയ അധിക്ഷേപം നടത്തിയത്. 37 കാരനായ സിംഗ് തേജീന്ദര്‍ എന്ന ഇന്ത്യൻ അമേരിക്കക്കാരനാണ് ഈ അധിക്ഷേപം നടത്തിയത്...

  • Last Updated :
  • Share this:
    കാലിഫോര്‍ണിയയില്‍ (california) ഇന്ത്യന്‍ പൗരന് (indian) നേരെ വംശീയ അധിക്ഷേപം. വൃത്തികെട്ട ഹിന്ദു, അറപ്പുളവാക്കുന്ന നായ എന്നീ പ്രയോഗങ്ങള്‍ നടത്തിയാണ് അധിക്ഷേപിച്ചത്. ടെക്‌സാസിൽ നാല് സ്ത്രീകള്‍ക്കെതിരെ മറ്റൊരു വംശീയ അധിക്ഷേപ കേസ് റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം നടന്നിരിക്കുന്നത്.

    ഓഗസ്റ്റ് 21 ന് കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലെ ഗ്രിമ്മര്‍ ബൊളിവാര്‍ഡിലെ ടാക്കോ ബെല്ലില്‍ വെച്ചായിരുന്നു സംഭവം. കൃഷ്ണന്‍ ജയരാമന്‍ എന്നയാള്‍ക്ക് നേരെയാണ് വംശീയ അധിക്ഷേപം (racially abused) നടത്തിയത്. 37 കാരനായ സിംഗ് തേജീന്ദര്‍ എന്ന ഇന്ത്യൻ അമേരിക്കക്കാരനാണ് ഈ അധിക്ഷേപം നടത്തിയിരിക്കുന്നതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു

    തേജീന്ദറിനെതിരെ പൗരാവകാശ ലംഘനം, മോശം ഭാഷയിലുള്ള ആക്രമണം, സമാധാനം ഇല്ലാതാക്കൽ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായി ഫ്രീമോണ്ട് പൊലീസ് അറിയിച്ചു. ചാര്‍ജ് ഷീറ്റില്‍ ഏഷ്യന്‍/ഇന്ത്യന്‍ എന്ന പേരിലാണ് തേജീന്ദറിന്റെ കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.

    തേജീന്ദര്‍ തന്നെ വംശീയ അധിക്ഷേപം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ജയരാമന്റെ ഫോണിലുണ്ട്. എട്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ ആണിത്. '' നിന്നെ ഞങ്ങള്‍ വെറുക്കുന്നു, നായ. പൊതുസ്ഥലങ്ങളില്‍ ഇതുപോലെ വന്ന് നില്‍ക്കരുത്. വൃത്തികെട്ട ഹിന്ദു,'' എന്നിങ്ങനെയാണ് തേജീന്ദര്‍ വീഡിയോയില്‍ പറയുന്നത്. വീഡിയോയില്‍ രണ്ട് തവണ തേജീന്ദര്‍ ജയരാമന്റെ മുഖത്തേക്ക് തുപ്പുന്നതും കാണാം. ഇത് ഇന്ത്യയല്ലെന്നും അമേരിക്കയാണെന്നും തേജീന്ദര്‍ പറയുന്നുണ്ട്.

    സംഭവത്തില്‍ താന്‍ പേടിച്ചു പോയെന്നും തേജീന്ദറും ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ അസ്വസ്ഥനായെന്നും ജയരാമന്‍ പറഞ്ഞു. '' ഞാന്‍ പേടിച്ചുപോയി. ഒരു സമയത്ത് ഞാന്‍ ദേഷ്യപ്പെട്ടെങ്കിലും അയാള്‍ എന്റെ പുറകെ വന്നാല്‍ എന്ത് ചെയ്യുമെന്നോര്‍ത്ത് ഭയപ്പെട്ടുവെന്നും ജയരാമന്‍ എന്‍ബിസി ബേ ഏരിയയോട് പറഞ്ഞു.''

    ''ഞാന്‍ നിങ്ങളോട് വഴക്കിടാന്‍ വന്നിട്ടില്ലെന്ന് ജയരാമന്‍ തേജീന്ദറിനോട് പറയുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ ഹിന്ദുക്കളെ ഞങ്ങള്‍ക്ക് വെറുപ്പാണെന്ന് തേജീന്ദര്‍ മറുപടി നല്‍കുകയും ജയരാമന്റെ മുഖത്തേക്ക് തുപ്പുകയും ചെയ്തു,'' KLTS.com വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

    Also Read- ഗർഭിണിയായ ഇന്ത്യൻ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പോർച്ചുഗൽ ആരോഗ്യമന്ത്രി രാജിവെച്ചു

    സംഭവത്തെ കുറിച്ച് ഫ്രീമോണ്ട് പൊലീസ് അന്വേഷണം തുടരുകയാണ്. ഫ്രീമോണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുന്നതോടെയാണ് ജയരാമന്റെ വീഡിയോ അവസാനിക്കുന്നത്. പിന്നീട് പൊലീസ് മേധാവി സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു.

    ''വിദ്വേഷ സംഭവങ്ങളെയും വിദ്വേഷ കുറ്റകൃത്യങ്ങളെയും ഞങ്ങള്‍ ഗൗരവമായി കാണുന്നുണ്ട്. മാത്രമല്ല അവ നമ്മുടെ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം എന്തെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ലിംഗഭേദം, വംശം, ദേശീയത, മതം, മറ്റ് വ്യത്യാസങ്ങള്‍ എന്നിവ പരിഗണിക്കാതെ എല്ലാ ആളുകളെയും സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്,'' പൊലീസ് മേധാവി സീന്‍ വാഷിംഗ്ടണ്‍ കുറിച്ചു. ഇത്തരം സംഭവങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    അമേരിക്കയിലെ ടെക്‌സാസില്‍ നാല് ഇന്ത്യന്‍-അമേരിക്കന്‍ സ്ത്രീകളെ ഒരു മെക്‌സിക്കന്‍-അമേരിക്കന്‍ സ്ത്രീ വംശീയമായി അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബുധനാഴ്ച രാത്രി ടെക്സാസിലെ ഡല്ലാസിലായിരുന്നു സംഭവം.
    Published by:Anuraj GR
    First published: