കാബൂൾ: പുരുഷൻമാർ ഒപ്പമില്ലാത്ത സ്ത്രീകൾക്ക് ആഭ്യന്തര - അന്താരാഷ്ട്ര വിമാന സർവ്വീസുകളിൽ യാത്ര അനുവദിക്കരുതെന്ന് താലിബാൻ (Taliban) ഭരണകൂടം അഫ്ഗാനിസ്ഥാനിലെ (Afghanistan) എയർലൈനുകൾക്ക് നിർദേശം നൽകി. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പെൺകുട്ടികൾക്കായി ഹൈസ്കൂളുകൾ തുറക്കാനുള്ള തങ്ങളുടെ മുൻ തീരുമാനത്തിൽ നിന്ന് താലിബാൻ പിന്നോട്ട് പോയതിന് പിന്നാലെയാണ് ഈ നീക്കം, പുതിയ തീരുമാനത്തിൽ മനുഷ്യാവകാശ സംഘടകൾ പ്രതിഷേധം രേഖപ്പെടുത്തി. വിവിധ ലോകരാജ്യങ്ങളും താലിബാന്റെ നീക്കത്തെ വിമർശിച്ചു.
ബുധനാഴ്ചത്തെ തീരുമാനത്തെത്തുടർന്ന് പ്രധാന സാമ്പത്തിക വിഷയങ്ങളിൽ താലിബാൻ ഉദ്യോഗസ്ഥരുമായി നടത്താനിരുന്ന യോഗങ്ങൾ അമേരിക്ക വെള്ളിയാഴ്ച റദ്ദാക്കി.
മതവിശ്വാസവുമായി ബന്ധപ്പെട്ട മന്ത്രാലയം പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് അറിയിച്ചുകൊണ്ട് ശനിയാഴ്ച എയർലൈനുകൾക്ക് ഒരു കത്ത് അയച്ചതായി സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള, പുരുഷൻമാർ ഒപ്പമില്ലാത്ത സ്ത്രീകൾക്ക് ഞായർ, തിങ്കൾ ദിവസങ്ങളിൽ യാത്ര ചെയ്യാൻ അനുമതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. ശനിയാഴ്ച കാബൂളിലെ വിമാനത്താവളത്തിൽ ടിക്കറ്റുകളുള്ള ചില സ്ത്രീകളെ തിരിച്ചയച്ചതായി അവർ പറഞ്ഞു.
Also Read-
Dubai Police | പൊലീസ് പട്രോളിങ് ചിത്രീകരിച്ച് കാമുകിക്ക് അയച്ചു; യുവാവിനെ ശിക്ഷിച്ച് കോടതി
പുണ്യപ്രചരണത്തിന് വേണ്ടിയുള്ള മന്ത്രാലയത്തിന്റെ വക്താക്കളും സാംസ്കാരിക വിവര മന്ത്രാലയവും ഈ വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. പഠനത്തിനായി വിദേശത്തേക്ക് പോകുന്ന സ്ത്രീകൾക്കൊപ്പം ഒരു പുരുഷ ബന്ധുവും ഉണ്ടായിരിക്കണമെന്ന് താലിബാൻ ഭരണകൂട വക്താവ് മുമ്പ് പറഞ്ഞിരുന്നു.
1996 മുതൽ 2001 വരെയുള്ള തങ്ങളുടെ മുൻ ഭരണത്തിൽ നിന്ന് തങ്ങൾ മാറിയെന്ന് താലിബാൻ പറയുന്നു, അന്ന് സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യുന്നതിനോ ജോലി ചെയ്യുന്നതിനോ പുരുഷ ബന്ധുവില്ലാതെ വീട് വിടുന്നതിനോ വിലക്കിയിരുന്നു. ഇസ്ലാമിക നിയമങ്ങൾക്കും അഫ്ഗാൻ സംസ്കാരത്തിനും അനുസരിച്ചുള്ള അവകാശങ്ങളാണ് തങ്ങൾ സ്ത്രീകൾക്ക് അനുവദിക്കുന്നതെന്ന് അവർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.