ഹോങ്കോങിൽ നായയിൽ കൊറോണ സ്ഥിരീകരിച്ചു: മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക് പകർന്ന ആദ്യ കേസെന്ന് സംശയം
ഹോങ്കോങിൽ നായയിൽ കൊറോണ സ്ഥിരീകരിച്ചു: മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക് പകർന്ന ആദ്യ കേസെന്ന് സംശയം
ക്വാറന്റൈൻ ചെയ്ത നായ, കൊറോണ പൊസിറ്റീവ് ആണെങ്കിലും ദുർബലമായ വിഭാഗത്തിൽപ്പെടുത്താവുന്ന കുറഞ്ഞ അണുബാധയാണിതെന്നാണ് ഹോങ്കോങ് അഗ്രികൾച്ചർ ഫിഷറീസ് ആൻഡ് കൺസർവേഷൻ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഹോങ്കോങ്: ചൈനയിൽ വളർത്തു നായയിൽ കൊറോണ സ്ഥിരീകരിച്ചു. മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗം പകർന്ന ആദ്യ കേസെന്ന് സംശയിക്കുന്ന സംഭവം ഹോങ്കോങിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നായയുടെ ഉടമയായ അറുപതുകാരിയിൽ നേരത്തെ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാകാം വൈറസ് പടർന്നതെന്നാണ് സംശയിക്കുന്നത്. നിലവിൽ ഒരു പെറ്റ് സെന്ററിൽ ക്വാറന്റൈൻ ചെയ്തിരിക്കുന്ന നായയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വളർത്തു മൃഗങ്ങൾ വൈറസ് വാഹകരാകാമെന്ന് സംബന്ധിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ശാസ്ത്രീയമായ സ്ഥിരീകരണം ഒന്നുമില്ലെന്നും മറുവാദമുണ്ട്. ക്വാറന്റൈൻ ചെയ്ത നായ, കൊറോണ പൊസിറ്റീവ് ആണെങ്കിലും ദുർബലമായ വിഭാഗത്തിൽപ്പെടുത്താവുന്ന കുറഞ്ഞ അണുബാധയാണിതെന്നാണ് ഹോങ്കോങ് അഗ്രികൾച്ചർ ഫിഷറീസ് ആൻഡ് കൺസർവേഷൻ വകുപ്പ് അറിയിച്ചിരിക്കുന്നത്.
പോമറേനിയൻ വിഭാഗത്തിൽപ്പെട്ട നായക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷെ രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിക്കുന്നുമില്ല. നായ വൈറസ് ബാധിതനാണോ അതോ കൊറോണ വ്യാപന മേഖലയിൽ നിന്ന് വന്നതിനെ തുടർന്നുണ്ടായ പ്രതിഫലനം മാത്രമാണോ ഇതെന്ന് ലോകാരോഗ്യ സംഘടനയിലെ അടക്കം വിദഗ്ധർ പരിശോധിച്ച് വരികയാണ്. പൂച്ച, പട്ടി പോലുള്ള വളർത്തു മൃഗങ്ങൾ വൈറസ് ബാധിതരാകാമെന്നതിന് തെളിവുകളൊന്നും ഇല്ലെന്നും ലോകാരോഗ്യ സംഘടന അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്ലെന്നും ഇതിന്റെ പേരിൽ ഉടമസ്ഥർ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പകരം അവയുമായി അടുത്തിടപഴകാനുള്ള സാഹചര്യങ്ങൾ കുറയ്ക്കണം. മൃഗങ്ങളുമായി ഇടപഴകുകയാണെങ്കിൽ കൃത്യമായ ശുചിത്യ നിർദേശങ്ങൾ പാലിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. വളർത്തു മൃഗങ്ങളുടെ ആരോഗ്യ നിലയിൽ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ടാല്‍ എത്രയും വേഗം വെറ്ററിനേറിയന്‍റെ സഹായം തേടണമെന്നും ഹോങ്കോങ് അഗ്രികൾച്ചർ ഫിഷറീസ് ആൻഡ് കൺസർവേഷൻ വകുപ്പ് വ്യക്തമാക്കി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.