• HOME
  • »
  • NEWS
  • »
  • world
  • »
  • DOHA TOPS LIST OF BEST AIRPORTS IN THE WORLD JK

ദോഹ ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ മുന്നിൽ; സിംഗപ്പൂർ ഷാംഗെയ്ക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു

ദോഹ വിമാനത്താവളം കൈവരിച്ച ഈ നേട്ടം ഖത്തറിന്റെ ഫ്ലാഗ്ഷിപ്പ് എയർലൈൻസ് ആയ 'ഖത്തർ എയർവെയ്സിന്റെ' കഠിനപ്രയത്നവുമായി ചേർത്തു വായിക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങൾ ഉൾപ്പെടുത്തി വർഷാവർഷം സ്‌കൈട്രാക്സ് തയ്യാറാക്കുന്ന പട്ടികയിലെ ഒന്നാം സ്ഥാനം സിംഗപ്പൂരിലെ ചംഗി വിമാനത്താവളത്തിന് നഷ്ടമായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ചംഗി വിമാനത്താവളത്തിന് ഈ സ്ഥാനം നഷ്ടപ്പെടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ പട്ടികയിൽ പടവുകൾ കയറി വരികയായിരുന്ന ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ് 2021-ൽ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളം എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ഇത്തവണ ചംഗി വിമാനത്താവളത്തിന് മൂന്നാം സ്ഥാനം നേടി തൃപ്തിപ്പെടേണ്ടി വന്നു. ഈ വിമാനത്താവളത്തിലെ സൗകര്യങ്ങളെയും ഭക്ഷണമുൾപ്പെടെയുള്ള സേവനങ്ങളെയും എന്നും പുകഴ്ത്താറുള്ള ആരാധകർക്ക് ഒരുപക്ഷേ ഇത് നിരാശപ്പെടുത്തുന്ന വാർത്തയായിരിക്കും.

    ദോഹ വിമാനത്താവളം കൈവരിച്ച ഈ നേട്ടം ഖത്തറിന്റെ ഫ്ലാഗ്ഷിപ്പ് എയർലൈൻസ് ആയ 'ഖത്തർ എയർവെയ്സിന്റെ' കഠിനപ്രയത്നവുമായി ചേർത്തു വായിക്കേണ്ടതുണ്ട്. ഖത്തർ ഗവണ്മെന്റ് തങ്ങളുടെ പ്രധാന എയർപോർട്ടിന്റെയും എയർലൈൻ സേവനത്തിന്റെയും വികസനത്തിനായി അത്രമേൽ നിക്ഷേപങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രികർക്ക് കാത്തിരിപ്പ് സമയത്ത് സൗജന്യമായി നഗര സന്ദർശനം, സൗജന്യ വിശ്രമ സൗകര്യങ്ങൾ, ഭക്ഷണ സേവനങ്ങൾ എന്നീ സൗകര്യങ്ങൾ എയർപോർട്ട് അധികൃതർ ഒരുക്കാറുണ്ട്. അതുകൂടാതെ വി ഐ പി ട്രാൻസ്ഫർ സേവനങ്ങളും എയർപോർട്ട് അധികൃതർ യാത്രികർക്കായി ഒരുക്കുന്നു. ഇതിന്റെ ഭാഗമായി വിമാനം ഇറങ്ങിയ ശേഷം അവർക്ക് പോകേണ്ട അടുത്ത വിമാനത്തിലേക്ക് കയറുന്നത് വരെ യാത്രികർക്ക് എയർപോർട്ട് ജീവനക്കാർ വേണ്ട സഹായവും മാർഗനിർദേശങ്ങളും നൽകുന്നു.

    യൂറോപ്പിലെയും ഏഷ്യയിലെയും വിമാനത്താവളങ്ങൾ തന്നെയാണ് മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒട്ടുമുക്കാലും സ്ഥാനങ്ങളും സ്വന്തമാക്കിയിരിക്കുന്നത്. ആദ്യത്തെ 10 സ്ഥാനങ്ങളിൽ മൂന്ന് സ്ഥാനങ്ങൾ നേടിക്കൊണ്ട് ജപ്പാൻ ഏറ്റവുമധികം റേറ്റിങ് നേടിയ രാജ്യമായി മാറി. ടോക്കിയോവിലെ രണ്ട് വിമാനത്താവളങ്ങളും (നറീറ്റ, ഹനേഡ) ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. 2020 ഓഗസ്റ്റിനും 2021 ജൂലൈയ്ക്കും ഇടയിൽ സംഘടിപ്പിച്ച ഗ്ലോബൽ എയർപോർട്ട് സാറ്റിസ്ഫാക്ഷൻ സർവേയിൽ പങ്കെടുത്ത വിമാനയാത്രികരുടെ വോട്ടിങിന്റെ അടിസ്ഥാനത്തിലാണ് മികച്ച വിമാനത്താവളങ്ങളുടെ ഈ പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്.

    'ലോകത്തെ മികച്ച വിമാനത്താവളങ്ങളു'ടെ പട്ടികയിൽ ഇടം പിടിച്ച പത്ത് വിമാനത്താവളങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

    1. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
    2. ടോക്കിയോ ഹനേഡ വിമാനത്താവളം
    3. സിംഗപ്പൂർ ചംഗി വിമാനത്താവളം
    4. ഇഞ്ചിയോൺ അന്താരാഷ്ട്ര വിമാനത്താവളം
    5. ടോക്കിയോ നറീറ്റ വിമാനത്താവളം
    6. മ്യൂണിച്ച് വിമാനത്താവളം
    7. സൂറിച്ച് വിമാനത്താവളം
    8. ലണ്ടൻ ഹീത്ത്റോ വിമാനത്താവളം
    9. കാൻസായ് അന്താരാഷ്ട്ര വിമാനത്താവളം
    10. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം
    Published by:Jayesh Krishnan
    First published:
    )}