വിഖ്യാത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ‘സിറ്റി ഓഫ് ജോയ്’, ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ തുടങ്ങിയ വിഖ്യാത പുസ്തകങ്ങളുടെ രചയിതാവാണ്. ഇന്ത്യയോട് ഹൃദയബന്ധം സൂക്ഷിച്ച ഡോമിനിക്കിന്റെ പുസ്തകങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികളാണ് രാജ്യത്ത് വിറ്റുപോയത്.
1931 ജുലൈ 30 ന് ഫ്രാൻസിലെ ഷാറ്റെലൈലോണിൽ ജനിച്ച ലാപിയർ, അമേരിക്കൻ എഴുത്തുകാരനായ ലാറി കോളിൻസുമായി സഹകരിച്ച് എഴുതിയ ആറ് പുസ്തകങ്ങൾ ഏകദേശം 50 ദശലക്ഷം കോപ്പികളാണ് വിറ്റുപോയിട്ടുണ്ട്. ‘ഈസ് പാരീസ് ബേണിങ്’? ആണ് ഇതിൽ ഏറ്റവും പ്രശസ്തമായത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പാരീസ് വിമോചനത്തിന്റെ കഥ പറയുന്ന പുസ്തകമാണ് ‘ഈസ് പാരീസ് ബേണിങ്’?.
“Or I’ll Dress You in Mourning” (1968), “O Jerusalem” (1972), “Freedom at Midnight” (1975), “The Fifth Horseman” (1980), “Is New York Burning?” എന്നിവയാണ് ലാറി കോളിൻസുമായി സഹകരിച്ച് അദ്ദേഹം എഴുതിയ മറ്റ് കൃതികൾ.
1985-ലാണ് കൊൽക്കത്തയിലെ ഒരു റിക്ഷാക്കാരന്റെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള ‘സിറ്റി ഓഫ് ജോയ്’ പുറത്തിറങ്ങുന്നത്. ഈ നോവലും വൻ വിജയമായിരുന്നു. ‘സിറ്റി ഓഫ് ജോയ്’ ൽ നിന്ന് ലഭിച്ച റോയൽറ്റി തുകയുടെ വലിയൊരു പങ്ക് ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി തന്നെ അദ്ദേഹം നൽകി.
പതിമൂന്നാം വയസ്സിൽ, നയതന്ത്രജ്ഞനായ പിതാവിനൊപ്പം അദ്ദേഹം അമേരിക്കയിലേക്ക് പോയി. ന്യൂ ഓർലിയാൻസിലെ ജെസ്യൂട്ട് സ്കൂളിൽ പഠിച്ച അദ്ദേഹം ന്യൂ ഓർലിയൻസ് ഐറ്റത്തിൽ പേപ്പർ ബോയ് ആയി ജോലി ചെയ്തു. യാത്ര, എഴുത്ത്, കാറുകൾ എന്നിവയിൽ താത്പര്യം വളരുന്നത് ഇക്കാലത്താണ്.
‘എ ഡോളർ ഫോർ എ തൗസന്റ് കിലോമീറ്റേഴ്സ്’ ആണ് ആദ്യ പുസ്തകം. ഇത് യൂറോപ്പിൽ ബെസ്റ്റ് സെല്ലർ ആയിരുന്നു. രണ്ടാമത് എഴുതിയ പുസ്തകമാണ് ‘ഹണിമൂൺ എറൗണ്ട് ദി എർത്ത്’. ഒരു വർഷം നീണ്ട തന്റെ സംഭവവ ബഹുലമായ ഹണിമൂൺ കാലത്തിനു ശേഷമാണ് അദ്ദേഹേം ഈ പുസ്തകം രചിക്കുന്നത്.
ഫ്രഞ്ച് സേനയിൽ സേവനമനുഷ്ഠിക്കുന്ന കാലത്താണ് ലാറി കോളിൻസിനെ പരിചയപ്പെടുന്നത്. 2005 ൽ പുറത്തിറങ്ങിയ ‘ഈസ് ന്യൂയോർക്ക് ബേണിങ്? ആണ് ഇരുവരും ഒന്നിച്ചെഴുതിയഅവസാനത്തെ പുസ്തകം. 1975 ലാണ് കോളിൻസുമായി ചേർന്ന് ഫ്രീഡം അറ്റ് മിഡ്നനൈറ്റ് പുറത്തിറക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെ പറ്റിയായിരുന്നു ഈ പുസ്തകം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.