• HOME
  • »
  • NEWS
  • »
  • world
  • »
  • Canada | കനിഷ്‌ക ബോംബ് സ്‌ഫോടനത്തെക്കുറിച്ച് മറക്കരുത്; ഖലിസ്ഥാന്‍ ഹിതപരിശോധനയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

Canada | കനിഷ്‌ക ബോംബ് സ്‌ഫോടനത്തെക്കുറിച്ച് മറക്കരുത്; ഖലിസ്ഥാന്‍ ഹിതപരിശോധനയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

കനേഡിയന്‍ സമൂഹത്തില്‍ പ്രചരിക്കുന്ന ഇന്ത്യാ വിരുദ്ധ വിദ്വേഷവും ഹിന്ദുഫോബിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കാനഡ പരാജയപ്പെട്ടുവെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

  • Share this:
കാനഡയില്‍ (Canada) നടക്കുന്ന ഖലിസ്ഥാന്‍ വിഘടനവാദ ഹിതപരിശോധനയില്‍ (Khalistan separatist referendum) ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ (India). ഇത്തരം പ്രവൃത്തികള്‍ ആക്ഷേപകരമാണെന്നും ഇന്ത്യയുമായി സൗഹൃദമുള്ള ഒരു രാജ്യത്ത് ഇത്തരം പ്രവൃത്തികള്‍ അനുവദിക്കുന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇന്ത്യ വ്യക്തമാക്കി. നിരോധിത വിഘടനവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (Sikhs for Justice)(എസ്എഫ്‌ജെ) ബ്രാംപ്ടണില്‍ നടത്തിയ ഹിതപരിശോധനയെക്കുറിച്ച് പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്.

1985ലെ കനിഷ്‌ക സ്‌ഫോടനത്തെക്കുറിച്ചും ബാഗ്‌ചി ചൂണ്ടിക്കാട്ടി. മോൺട്രിയലിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ 182 വിമാനം ഖാലിസ്ഥാനി ഭീകരർ ബോംബ് വച്ചതിനെ തുടർന്നാണ് പൊട്ടിത്തെറിച്ചത്. വിമാനത്തില്‍ ഒരു സ്യൂട്ട്‌കേസിനുള്ളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 31,000 അടി ഉയരത്തില്‍ പറക്കവെ ഐറിഷ് വ്യോമാതിര്‍ത്തിയില്‍ വെച്ചാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ വിമാനത്തിലുണ്ടായിരുന്ന 329 പേരും കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരായ കനേഡിയന്‍ പൗരന്മാരായിരുന്നു.

'ഇത്തരം പ്രതിഷേധാര്‍ഹമായ ഹിത പരിശോധനകൾ ഒരു സൗഹൃദ രാജ്യത്ത് അനുവദിക്കുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. ഈ വിഷയത്തില്‍ ഞങ്ങളുടെ ആശങ്കകള്‍ കനേഡിയന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്' ബാഗ്ചിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

'ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എങ്ങനെയാണ് ഇത്തരം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാനഡയില്‍ വര്‍ദ്ധിക്കുന്നതെന്നും അത് ഇന്ത്യക്കാര്‍ക്ക് എങ്ങനെ അപകടമുണ്ടാക്കുന്നുവെന്നും ഇന്ത്യന്‍ പൗരന്മാര്‍ക്ക് രാജ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. കനിഷ്‌ക ബോംബ് സ്ഫോടനം നാം മറക്കരുത്. എസ്എഫ്ജെയെ ഇന്ത്യ ഇതിനകം നിരോധിച്ചിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൊറന്റോയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഇന്ത്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ ആളുകൾ ജാഗ്രത പാലിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നേപ്പിയനില്‍ നിന്നുള്ള കനേഡിയന്‍ എംപി ചന്ദ്ര ആര്യയും കനേഡിയന്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുകയും ഹിന്ദുഫോബിയയെ നേരിടാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

Also read : ഹിന്ദുസമൂഹം യുകെയുടെ അവിഭാജ്യ ഘടകം, ഹിന്ദുഫോബിയക്കെതിരെ പോരാടണം: യുകെ പ്രതിപക്ഷ നേതാവ്

അതേസമയം, കനേഡിയന്‍ സമൂഹത്തില്‍ പ്രചരിക്കുന്ന ഇന്ത്യാ വിരുദ്ധ വിദ്വേഷവും ഹിന്ദുഫോബിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കാനഡ പരാജയപ്പെട്ടുവെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ മാസം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതേസമയം, ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) സെപ്തംബര്‍ 19ന് ഒന്റാറിയോയിലെ ബ്രാംപ്ടണില്‍ സംഘടിപ്പിച്ച ഖാലിസ്ഥാന്‍ ഹിതപരിശോധനയില്‍ 100,000 കനേഡിയന്‍ സിഖുകാര്‍ വോട്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഹിതപരിശോധനയില്‍ വോട്ട് ചെയ്യുന്നതിനായി പുരുഷന്മാരും സ്ത്രീകളും ക്യൂ നില്‍ക്കുന്നതിന്റെ വീഡിയോകളും വൈറലായിരുന്നു.

വിഷയത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നെങ്കിലും ജനാധിപത്യപരമായി പ്രതിഷേധിക്കാനും അഭിപ്രായം പറയാനുമുള്ള സംഘടനകളുടെ അവകാശത്തിനെതിരെ നടപടി എടുക്കാനാവില്ലെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.
Published by:Amal Surendran
First published: