ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ തീരുമാനം; 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും അനുകൂലിച്ച് വോട്ട് ചെയ്തു

രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിടുന്ന ആദ്യ യുഎസ് പ്രസിഡന്റായി ട്രംപ് മാറി.

News18 Malayalam | news18-malayalam
Updated: January 14, 2021, 7:29 AM IST
ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ തീരുമാനം; 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും അനുകൂലിച്ച് വോട്ട് ചെയ്തു
Donald Trump
  • Share this:
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ട് ചെയ്തു. ഇതോടെ രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിടുന്ന ആദ്യ യുഎസ് പ്രസിഡന്റായി ട്രംപ് മാറി.

ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിനെതിരേ കുറ്റം ചുമത്താം. 100 അംഗ സെനറ്റില്‍ 50 ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കുപുറമേ 17 റിപ്പബ്ലിക്കന്മാര്‍ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെ കഴിഞ്ഞ ആഴ്ച ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചത്.

Also Read- US Capitol | യുഎസ് പാര്‍ലമെന്‍റിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുകൂലികൾ; ലോകത്തെ ഞെട്ടിച്ച അതിക്രമത്തിലെ കാഴ്ചകൾ

ട്രംപിനെ പുറത്താക്കാന്‍ 25ാം ഭേദഗതി പ്രയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വിസമ്മതിച്ചതിന് പിന്നാലെയാണ് ജനപ്രതിനിധിസഭയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങിയത്. അധികാരമൊഴിയാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കേ രാഷ്ട്രീയം കളിക്കാനുള്ള ജനപ്രതിനിധി സഭയുടെ ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കില്ലെന്നായിരുന്നു മൈക്ക് പെന്‍സ് വിശദീകരിച്ചത്. പ്രസിഡന്റിന് കഴിവുകേടോ ശാരീരിക വൈകല്യമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് 25ാം ഭേദഗതി പ്രയോഗിക്കേണ്ടതെന്നും പെൻസ് ചൂണ്ടിക്കാട്ടിയിരുന്നു.

Also Read- കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

ഇതിന് മുൻപ് 2019ലാണ് ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. അന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരംഗം പോലും ഇതിനെ പിന്തുണച്ചിരുന്നില്ല. അതേസമയം ജനുവരി 20ന് മുന്‍പ് വിചാരണ നടപടികള്‍ സെനറ്റ് ആരംഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 20നാണ് പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ ഔദ്യോഗികമായി സ്ഥാനമേൽക്കുന്നത്. ഇംപീച്‌മെന്റ് നടപടി പൂര്‍ത്തിയായാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് ഇനി മത്സരിക്കാനാവില്ല. മുന്‍ പ്രസിഡന്റുമാര്‍ക്ക് അനുവദിക്കുന്ന പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, സുരക്ഷ തുടങ്ങിയവയ്ക്കും വിലക്കുണ്ടാകും.
Published by: Rajesh V
First published: January 14, 2021, 7:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading