• HOME
  • »
  • NEWS
  • »
  • world
  • »
  • Drought | കടുത്ത വരള്‍ച്ച; യൂറോപ്പിലെ വറ്റിവരണ്ട നദികളില്‍ പുരാതന ലിഖിതങ്ങളും സ്മാരകങ്ങളും

Drought | കടുത്ത വരള്‍ച്ച; യൂറോപ്പിലെ വറ്റിവരണ്ട നദികളില്‍ പുരാതന ലിഖിതങ്ങളും സ്മാരകങ്ങളും

നദികൾ വറ്റി വരണ്ടതോടെ വളരെക്കാലമായി നദിയ്ക്കടിയിൽ മുങ്ങിക്കിടന്നിരുന്ന പുരാവസ്തുക്കളാണ് ഇപ്പോൾ ഉയര്‍ന്നു വന്നിരിക്കുന്നത്

സ്പാനിഷ് സ്റ്റോൺഹെഞ്ച് ബിസി 5000ത്തോളം പഴക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു

സ്പാനിഷ് സ്റ്റോൺഹെഞ്ച് ബിസി 5000ത്തോളം പഴക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു

  • Last Updated :
  • Share this:
    യൂറോപ്പിലുടനീളം (Europe) വരൾച്ച രൂക്ഷമായതോടെ നദികൾ വറ്റി വരണ്ട പ്രദേശങ്ങളിൽ നിന്ന് ഉയർന്നു വരുന്നത് പഴയ ലിഖിതങ്ങളും മുങ്ങിപ്പോയ സ്മാരകങ്ങളും (monuments). മഴ പെയ്യാത്തതും മെയ് മുതലുളള്ള ഉഷ്ണ തരംഗവും ഈ പ്രദേശത്തെ ജലാശയങ്ങളെ കാര്യമായി ബാധിച്ചുവെന്നും നിരവധി പ്രദേശങ്ങളില്‍ വരള്‍ച്ചയ്ക്ക് (drought) കാരണമായെന്നും സിഎന്‍ബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നദികൾ വറ്റി വരണ്ടതോടെ വളരെക്കാലമായി നദിയ്ക്കടിയിൽ മുങ്ങിക്കിടന്നിരുന്ന പുരാവസ്തുക്കളാണ് ഇപ്പോൾ ഉയര്‍ന്നു വന്നിരിക്കുന്നത്.

    'Wenn du mich siehst, dann weine (നിങ്ങള്‍ എന്നെ കണ്ടാല്‍ കരയുക)' ചെക്ക് റിപ്പബ്ലിക്കിലെ ഡെസിന്‍ പട്ടണത്തിലെ എല്‍ബെ നദിയുടെ അടിത്തട്ടിൽ നിന്ന് കണ്ടെത്തിയ ഒരു കല്ലിലെ ലിഖിതം ഇങ്ങനെയായിരുന്നു. ഗാര്‍ഡിയന്‍ റിപ്പോർട്ട് അനുസരിച്ച്, 'വിശപ്പ് കല്ല്' (hunger stone) എന്ന് വിളിക്കപ്പെടുന്ന ഈ കല്ല് ഭാവി തലമുറകള്‍ക്ക് ദാരിദ്ര്യത്തിന്റെ മുന്നറിയിപ്പ് കൂടിയാണ് നല്‍കുന്നത്. എല്‍ബെ നദിയിൽ നിന്ന് കണ്ടെത്തിയ ഈ പുരാതന കല്ല് 1616 മുതലുള്ളതാണ്. 1417ലെയും 1473ലെയും ലിഖിതങ്ങളുടെ അവശിഷ്ടങ്ങളും നദിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 'ഇത് താഴേക്ക് പോകുമ്പോള്‍, ജീവിതം വീണ്ടും കൂടുതല്‍ വര്‍ണ്ണാഭമായി മാറും' എന്ന് എഴുതിയിരിക്കുന്ന മറ്റൊരു കല്ലും എല്‍ബെ നദിയില്‍ നിന്ന് കണ്ടെത്തി.

    നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പള്ളിയും ഒരു വലിയ മെഗാലിത്തിക്ക് സമുച്ചയവും സ്പെയിനില്‍ ഉയര്‍ന്നുവന്ന സ്മാരകങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് എഎഫ്പി റിപ്പോര്‍ട്ട്. സ്പെയിനിന്റെ പടിഞ്ഞാറന്‍ എക്സ്ട്രീമഡുര മേഖലയില്‍, വാല്‍ഡെക്കനാസ് റിസര്‍വോയറിലെ വെള്ളം കുറഞ്ഞതോടെ ഒരു ചെറിയ ദ്വീപില്‍ പുരാതനമായ ഒരു ശിലാവൃത്തം കണ്ടെത്തിയിരുന്നു. സ്പാനിഷ് സ്റ്റോണ്‍ഹെഞ്ച് എന്ന് വിളിക്കപ്പെടുന്ന ഡോള്‍മെന്‍ ഓഫ് ഗ്വാഡല്‍പെറല്‍ എന്ന ശിലാവൃത്തം ബിസി 5000 വര്‍ഷം പഴക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു.

    അതികഠിനമായ വരള്‍ച്ചയെ തുടര്‍ന്ന് വടക്കന്‍ ഇറാഖിലെ ടൈഗ്രിസ് നദിയില്‍, 3,400 വര്‍ഷം പഴക്കമുള്ള ഒരു നഗരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. മാസങ്ങള്‍ നീണ്ട വരള്‍ച്ചയെ തുടര്‍ന്ന് മൊസൂള്‍ റിസര്‍വോയറില്‍ നിന്ന് ജലസേചനത്തിനായി വെള്ളം എടുക്കേണ്ടി വന്നതാണ് പുരാതന നഗരത്തിന്റെ ശേഷിപ്പുകൾ തെളിഞ്ഞു വരാന്‍ കാരണമായതെന്ന് ട്യൂബിംഗന്‍ സര്‍വകലാശാല പറയുന്നു. ബിസി 1550-1350 കാലഘട്ടത്തില്‍ വടക്കന്‍ മെസൊപ്പൊട്ടേമിയയുടെയും സിറിയയുടെയും ഭൂരിഭാഗം സ്ഥലങ്ങളും ഭരിച്ചിരുന്ന, മിത്താനി സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പുരാതന നഗരമായ സഖിക്കുവിന്റെ ശേഷിപ്പുകളാകാം അവയെന്നാണ് വിദഗ്ധരുടെ നിഗമനം.

    അതിനിടെ, ഇറ്റലിയിലെ പോ നദിയില്‍ ബോംബ് ഉള്‍പ്പെടെയുള്ള രണ്ടാം ലോക മഹായുദ്ധ കാലത്തെ പുരാവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ സെര്‍ബിയയിലെ ഡൗബ് നദിയുടെ അടിത്തട്ടിലും കണ്ടെത്തിയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഡസന്‍ കണക്കിന് ജര്‍മ്മന്‍ യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടുന്നുണ്ട്.

    ചില പ്രധാന ജലശയങ്ങളിലെ ജലനിരപ്പ് പത്ത് വര്‍ഷം മുമ്പത്തേതിനോക്കാള്‍ കുറവാണെന്ന് റിസര്‍ച്ച് അഡൈ്വസറി സ്ഥാപനമായ ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിലെ യൂറോപ്പ് ആന്‍ഡ് ക്ലൈമറ്റ് പോളിസി സീനിയര്‍ അനലിസ്റ്റ് മാത്യു ഓക്സെന്‍ഫോര്‍ഡ് സിഎന്‍ബിസിയോട് പറഞ്ഞു.
    Published by:user_57
    First published: