• HOME
  • »
  • NEWS
  • »
  • world
  • »
  • Spiking | മാരത്തൺ ഓട്ടക്കാർക്കായുള്ള പാനീയത്തിൽ റം ചേർത്ത് യുവാവ്; വൈറൽ വീഡിയോയിലെ പ്രതിയെ തിരിച്ചറിഞ്ഞു

Spiking | മാരത്തൺ ഓട്ടക്കാർക്കായുള്ള പാനീയത്തിൽ റം ചേർത്ത് യുവാവ്; വൈറൽ വീഡിയോയിലെ പ്രതിയെ തിരിച്ചറിഞ്ഞു

മാരത്തൺ ഓട്ടക്കാരുടെ പാനീയത്തിൽ വൈറ്റ് റം ചേർക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

  • Last Updated :
  • Share this:
    മാരത്തൺ ഓട്ടക്കാർക്കായുള്ള പാനീയത്തിൽ മദ്യം ചേർത്ത് യുവാവ്. മെക്‌സിക്കോയിലെ ഒരു മാരത്തൺ മൽസരത്തിനു തൊട്ടു മുൻപാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുറ്റവാളിയെ പോലീസ് തിരിച്ചറിഞ്ഞതായി മെക്‌സിക്കോ ന്യൂസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്നും മനസിലാകുന്നത്. മാരത്തൺ ഓട്ടക്കാരുടെ പാനീയത്തിൽ വൈറ്റ് റം ചേർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇയാൾ തന്നെ ഈ ദൃശ്യങ്ങൾ പകർത്തുന്നുമുണ്ട്. ഈ പാനീയം കുടിച്ചാൽ മാരത്തൺ ഓട്ടക്കാർക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകും എന്ന് ഇയാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം.

    മെക്‌സിക്കോ സിറ്റിയിലെ പോളാൻകോ പരിസരത്താണ് സംഭവം നടന്നത്. 2022 ലെ മെക്സിക്കോ സിറ്റി മാരത്തൺ ഓട്ടക്കാരുടെ 42 കിലോമീറ്റർ ഓട്ടത്തിന് തൊട്ടു മുൻപാണ് പ്രതി ഇവർക്കുള്ള പാനീയങ്ങളിൽ റം കലർത്തിയത്. സംഭവത്തെത്തുടർന്ന്, മെക്‌സിക്കോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്ട് പ്രസ്താവന പുറത്തിറക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളിയെ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.

    പാനീയങ്ങളിൽ മദ്യം ചേർത്ത ആളെ തിരിച്ചറിഞ്ഞതായി പിന്നീട്, മെക്‌സിക്കോ സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിന്റെ ഡയറക്ടർ ജാവിയർ ഹിഡാൽഗോ പോൻസ് മെക്‌സിക്കൻ പത്രമായ എൽ യൂണിവേഴ്‌സലിനോട് പറഞ്ഞു. കോർഡിനേറ്റർമാർ സംഭവം അറിഞ്ഞതിനാൽ റം ചേർത്ത പാനീയം ഓട്ടക്കാർ കഴിച്ചില്ലെന്നും ഹിഡാൽഗോ അറിയിച്ചു.



    മദ്യലഹരിയില്‍ ബാറില്‍ നിന്നിറങ്ങിയ ആള്‍ സ്വന്തം കാറാണെന്ന് കരുതി മറ്റൊരു കാര്‍ ഓടിച്ച് പോയ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയും കുട്ടിയും ഭയന്ന് നിലവിളിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വഴിയരികിലെ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചു കയറി. ചോറ്റാനിക്കരയിലാണ് സംഭവം നടന്നത്. ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ചോറ്റാനിക്കര സ്വദേശി ആഷ്‌ലി സ്വന്തം കാറാണെന്ന് കരുതി ബാറിന് സമീപം നിര്‍ത്തിയിരുന്ന കാറോടിച്ചു പോവുകയായിരുന്നു. ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി ബാറിന് സമീപത്തുള്ള കടയിലേക്ക് പോയ മറ്റൊരാളുടെ കാറാണ് ഇയാള്‍ ഓടിച്ചു പോയത്. ബാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ കണ്ട കാര്‍ തന്റേതാണെന്ന് തെറ്റിധരിച്ചാണ് ഇയാള്‍ കാറില്‍ കയറിയത്.

    കാറിന്റെ താക്കോലും അതില്‍ തന്നെയുണ്ടായിരുന്നതിനാല്‍ മദ്യലഹരിയിലായിരുന്ന ആഷ്‌ലി മറ്റൊന്നും ചിന്തിച്ചില്ല. പരിചയമില്ലാത്ത ഒരാള്‍ കാര്‍ വണ്ടിയോടിച്ച് മുന്നോട്ട് പോയതോടെ കാറിലുണ്ടായിരുന്നവര്‍ വണ്ടി നിര്‍ത്താനായി നിലവിളിച്ചതോടെ ആഷ്‌ലി പരിഭ്രാന്തനായി. ഇതിനിടെ വണ്ടി പലയിടങ്ങളിലും തട്ടുകയും ചെയ്തു. വണ്ടിയിലുണ്ടായിരുന്ന സ്ത്രീ കാറിന്റെ സ്റ്റീയറിങ്ങില്‍ കയറി പിടിക്കുകയും നിയന്ത്രണം വിട്ട വണ്ടി സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. പിന്നാലെ ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി ആഷ്‌ലിയെ കസ്റ്റഡിയിലെടുത്തിരുന്നു. തന്റെ കാറാണെന്നും കാറിലിരുന്നവര്‍ തന്റെ കുടുംബമാണെന്നും കരുതിയാണ് വണ്ടിയോടിച്ചതെന്ന് ആഷ്‌ലി പോലീസിനോട് പറഞ്ഞു.
    Published by:Jayesh Krishnan
    First published: