HOME » NEWS » World » EBRAHIM RAISI NAMED IRAN PRESIDENTIAL ELECTION WINNER

ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: തീവ്രപക്ഷ നേതാവ് ഇബ്രാഹിം റൈസിയെ വിജയിയായി പ്രഖ്യാപിച്ചു

90 ശതമാനം ബാലറ്റ് എണ്ണിക്കഴിഞ്ഞപ്പോൾ റൈസി 62 ശതമാനം വോട്ടുകൾ സ്വന്തമാക്കിയെന്ന് പോളിങ് ഉദ്യോഗസ്ഥർ അറിയിച്ചു.

News18 Malayalam | news18-malayalam
Updated: June 19, 2021, 6:05 PM IST
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: തീവ്രപക്ഷ നേതാവ് ഇബ്രാഹിം റൈസിയെ വിജയിയായി പ്രഖ്യാപിച്ചു
ഇബ്രാഹിം റൈസി
  • Share this:
ന്യൂഡൽഹി: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്രപക്ഷ നേതാവും ജുഡിഷ്യറി മേധാവിയുമായ ഇബ്രാഹിം റൈസിയെ വിജയിയായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിലെ 90 ശതമാനം ബാലറ്റ് എണ്ണിക്കഴിഞ്ഞപ്പോൾ റൈസി 62 ശതമാനം വോട്ടുകൾ സ്വന്തമാക്കിയെന്ന് പോളിങ് ഉദ്യോഗസ്ഥർ അറിയിച്ചു. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും മറ്റു മൂന്ന് സ്ഥാനാർഥികളും തോൽവി സമ്മതിച്ച പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.

ജനഹിതം അംഗീകരിക്കുന്നതായി സ്ഥാനമൊഴിയുന്ന പ്രസിഡന്റും മിതവാദിയുമായ ഹസൻ റൂഹാനി പറഞ്ഞു. തുടർച്ചയായി രണ്ടു തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റൂഹാനി ഓഗസ്റ്റിൽ സ്ഥാനമൊഴിയും. വെള്ളിയാഴ്ച അർധരാത്രി അവസാനിക്കേണ്ട സമയപരിധി പിന്നിട്ടു 2 മണിക്കൂറിനു ശേഷമാണു വോട്ടെടുപ്പ് പൂർത്തിയായത്. വോട്ടിങ് ശതമാനം 50 ശതമാനത്തിലും താഴുമോ എന്നു ഭയന്നിരുന്നെങ്കിലും ഇത് ഉണ്ടായില്ല. 7 പേരാണു മത്സര രംഗത്ത് ഉണ്ടായിരുന്നത്. മൂന്നു പേർ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുൻപ് പിന്മാറിയിരുന്നു.

Also Read- സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷ; നിയമ ദേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ

2015ൽ ഇറാൻ വൻ ശക്തികളുമായുണ്ടാക്കിയ ആണവ കരാറിൽനിന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയിരുന്നു. കരാറിൽനിന്ന് പിന്‍വാങ്ങണമെന്ന വാദത്തോടെയാണ് തീവ്രപക്ഷം തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. നിലവിലെ പ്രസിഡന്റ് റൂഹാനിയും മറ്റു 3 സ്ഥാനാർഥികളും അനുമോദനം അറിയിച്ചതോടെയാണ് റൈസിയുടെ വിജയം ഉറപ്പായത്. പൊതുഇടങ്ങളിലെ വനിതകളുടെ സാന്നിധ്യം അടക്കമുള്ള ഒട്ടേറെ സാമൂഹിക വിഷയങ്ങളിൽ യാഥാസ്ഥിതിക നിലപാടുകളുള്ള റൈസിയെ മുൻ പ്രസിഡന്റും ഇറാനിലെ പരമോന്നത നേതാവുമായ ആയത്തുല്ല അലി ഖൊമൈനിയുടെ പിന്തുടർച്ചക്കാരനായാണ് ഇറാനിലെ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

അബ്ദുൽ നാസർ ഹിമ്മതി, അമീർ ഹുസൈൻ ​ഗാസിസാദെ ഹാശ്മി, മുഹ്സിൻ രിസായ് എന്നിവരാണ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച മറ്റു സ്ഥാനാർഥികൾ. പരമോന്നത നേതാവായ ആയത്തുള്ളാ ഖുമൈനിയുടെ കീഴിലുള്ള 12 അം​ഗ ഇറാൻ ​ഗാർഡിയൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നിരവധിപ്പേരുടെ സ്ഥാനാർത്ഥി പത്രിക തള്ളിയിരുന്നു. ഹസൻ റൂഹാനിയുമായി അടുപ്പമുള്ളവരും പരിഷ്കരണവാദികളും ഉൾപ്പെടെയുള്ളവരുടെ പത്രികയാണ് തള്ളിയത്. പ്രസിഡന്റ് സ്ഥാനാർത്ഥിയാവാൻ പത്രിക നൽകിയ 40 സ്ത്രീകളുടെയും പത്രിക കൗൺസിൽ തള്ളി. ഏഴു സ്ഥാനാർത്ഥികൾക്ക് മാത്രമാണ് മത്സരിക്കാൻ കൗൺസിൽ അനുമതി നൽകിയത്. ഇതിൽ മുഹ്സിൻ മെഹ്റലിസാദെ, അലിരിസാ സഖാനി, സയീദ് ജലീലി എന്നിവർ പത്രിക പിൻവലിച്ചിരുന്നു.

പുതിയ പ്രസിഡന്റിനും ഭരണം വെല്ലുവിളിയാവും

കോവിഡ് വ്യാപനവും അമേരിക്കയുടെ ഉപരോധവും കാരണം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെയാണ് നിലവിലെ മിതവാദിയായ പ്രസിഡന്റ് ഹസൻ റൂഹാനി പടിയിറങ്ങുന്നത്. അടുത്ത പ്രസിഡന്റിനെ സംബന്ധിച്ചും സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കടുത്ത വെല്ലുവിളിയാവും. കൂടാതെ, മേഖലയിൽ ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തതും ഇറാനിലാണ്.

ഇറാനിലെ സ്ഥിതിഗതികൾ അമേരിക്കയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കക്ക് എതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഇബ്രാഹിം റൈസി പ്രസിഡന്റാവുന്നത് ജോ ബൈഡൻ ഭരണകൂടത്തിനും തലവേദനയാവും.
Published by: Rajesh V
First published: June 19, 2021, 6:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories