HOME » NEWS » World » EGYPTIAN AUTHOR AND ACTIVIST NAWAL EL SAADAWI DIES GH

നവാൽ അൽ സാദവി; മണ്‍മറഞ്ഞത് അറബ് ലോകത്തെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി മുഴങ്ങിയ ശബ്ദം

2011 ൽ, തന്റെ 79ാമത്തെ വയസ്സിൽ, കൈറോയിലെ തെഹ്റീർ സ്ക്വയറിൽ ഹുസ്നി മുബാറകിനെതിരായ പ്രക്ഷോഭക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാദവി എത്തിയിരുന്നു.

News18 Malayalam | news18-malayalam
Updated: March 22, 2021, 3:27 PM IST
നവാൽ അൽ സാദവി; മണ്‍മറഞ്ഞത് അറബ് ലോകത്തെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി മുഴങ്ങിയ ശബ്ദം
Image: Reuters
  • Share this:
പ്രമുഖ ഈജിപ്ഷ്യ൯ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്ന നവാൽ അൽ സാദവി കൈറോയിൽ അന്തരിച്ചു. 89 വയസ്സായിരുന്നു. പുരുഷാധിപത്യം നിറഞ്ഞ അറബ് ലോകത്ത് സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ സാദവി ജനനേന്ദ്രിയ വികലീകരണത്തിനെതിരെയുള്ള (ജെനിറ്റൽ മ്യൂട്ടിലേഷ൯) ക്യാംപെയ്൯ വഴിയാണ് ശ്രദ്ധ നേടിയത്. ആറാം വയസ്സിൽ ജെനിറ്റൽ മ്യൂട്ടിലേഷന് വിധേയയായിരുന്നു ഇവർ.

ഈജിപ്തിലെ സാംസ്കാരിക വകുപ്പ് മന്ത്രിയായ ഇനാസ് അബ്ദുൽ ദാഇം ആണ് മരണ വിവരം പുറത്തു വിട്ടത്. എന്നാൽ മര കാരണം എന്താണെന്ന് വ്യക്തമാക്കിട്ടില്ല. ഏറെ കാലം അസുഖ ബാധിതയായിരുന്നുവെന്ന് ഈജിപ്ഷ്യ൯ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജീവിതം കാലം മുഴുക്കെയും സ്ത്രീകളെ മതപരമായും, സാമൂഹികമായുമുള്ള നിയന്ത്രണങ്ങൾക്ക് വിധേയരായാക്കി വെക്കുന്നതിനെതിരെ പോരാട്ടം നയിച്ച സ്ത്രീയാണ് ഡോക്ടർ സാദവി.

2011 ൽ, തന്റെ 79ാമത്തെ വയസ്സിൽ, കൈറോയിലെ തെഹ്രീർ സ്ക്വയറിൽ ഹുസ്നി മുബാറകിനെതിരായ പ്രക്ഷോഭക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാദവി എത്തിയിരുന്നു. മത, സെക്യുലർ അധികാരികൾക്കെതിരെയുള്ള സാദവിയുടെ പോരാട്ടത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഇത്.

1970കളിൽ, തന്റെ ആദ്യത്തെ പുസ്തകമായ വിമി൯ ആന്റ് സെക്സ് പുറത്തിറങ്ങിയതിനെ തുടർന്ന് ആരോഗ്യ വകുപ്പിലെ ജോലിയിൽ നിന്ന് സാദവിയെ പുറത്താക്കിയിരുന്നു. സ്ത്രീ സമത്വ അവകാളങ്ങൾക്ക് വേണ്ടി ശബ്ദിച്ച ഈ പുസ്തകത്തിനെതിരെ ഈജിപ്തിൽ വ൯ എതിർപ്പുണ്ടായിരുന്നു.1981ൽ, ഈജിപ്ത് പ്രഡിഡണ്ടായിരുന്ന അ൯വർ സാദാത്ത് സാദവിയെ രാജ്യ ശത്രുവായി പ്രഖ്യാപിച്ച് ജയിലിലടച്ചിരുന്നു.
Also Read-മൃതദേഹങ്ങൾ ഇനി കീറിമുറിക്കേണ്ട, എയിംസിൽ വെർച്വൽ പോസ്റ്റ്‌മോർട്ടം ആരംഭിച്ചു; അറിയേണ്ട കാര്യങ്ങൾ

1990കളിൽ ജീവന് അപായം ഭയന്ന ഇവർ മൂന്ന് വർഷം നോർത്ത് കരോലീനയിലെ ഡ്യൂക്ക് സർവകലാശാലയിലായിരുന്നു താമസിച്ചിരുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇസ്ലാമിക സംഘടനകളിൽ നിന്ന് വ൯ എതിർപ്പ് നേരിട്ടിരുന്നു സാദവി. വിശ്വാസ ത്യാഗം ചെയ്തുവെന്നതായിരുന്നു ഇവർക്കെതിരെയുണ്ടായിരുന്ന ആരോപണം.

കരിയറിന്റെ തുടക്ക കാലത്ത് ഒരു കൊച്ചു ഗ്രാമത്തിൽ ഡോക്ടറായി ജോലി ചെയ്ത സാദവി 50 ലധികം പുസ്തകങ്ങൾ ഫിക്ഷനുകളും, നോണ്ഫിക്ഷനുകളുമായി പബ്ലിഷ് ചെയ്തിട്ടുണ്ട്.

സാഹിത്യത്തോട് വളരെ അഭിനിവേശമുള്ള വ്യക്തിയായിരുന്നു സാദിയ. ജയിലിൽ കഴിയവേ ടൊയ്ലെറ്റ് പേപ്പറിൽ എഴുതിയാണ് തന്റെ ആത്മകഥ പൂർത്തീകരിച്ചതെന്ന് സാദവി പറയുന്നു. ജയിലേക്ക് കടത്തിയ ഐലൈനർ ഉപയോഗിച്ചാണ് അവർ പുസ്തകം എഴുതിയത്.

Also Read-ആധാർ കാർഡിലെ നിങ്ങളുടെ ഫോട്ടോ മാറ്റണോ? ഇതിനായി ചെയ്യേണ്ടത് എന്ത്?

ചെറു പ്രായത്തിൽ തന്നെ സമൂഹത്തിൽ നിലനിന്നിരുന്ന സ്ത്രീ വിരുദ്ധമായ ആചാരങ്ങൾക്കെതിരെ സംസാരിച്ചിരുന്നു സാദവി. ഇസ്ലാമിലെ ഏറ്റവും പവിത്രമായ ആചാരങ്ങളെ വരെ ചോദ്യം ചെയ്തിട്ടുണ്ട് ഇവർ.

ഹജ്ജ് കർമ്മത്തിനിടെ ധരിക്കുന്ന വസ്ത്രങ്ങൾ ജാതീയതയെ സൂചിപ്പിക്കുന്നു എന്നാണ് സാദവി അഭിപ്രായപ്പെട്ടിരുന്നത്. ഈജിപ്തിലെ സ്ത്രീകൾ മുഖവസ്ത്രം ധരിക്കുന്നതു പോലെ തന്നെ വെസ്റ്റേൺ വസ്ത്രങ്ങളും ധരിക്കണമെന്ന് പറയാറുണ്ടായിരുന്നു ഇവർ.

ജെനിറ്റൽ മ്യൂട്ടിലേഷനെതിരെയുള്ള ക്യാംപെയ്ന്റെ ഭാഗമായി തനിക്ക് ചെറുപ്പത്തിൽ അനുഭവിക്കേണ്ടി വന്ന അനുഭവം വിവരിച്ചിരുന്നു.

ഒരു ദിവസം അർദ്ധ രാത്രി ഉറക്കത്തിനിടെ കിടക്കയിൽ നിന്ന് എടുത്തു കൊണ്ടു പോയി ക്ലിട്ടോറിസ് (യോനീച്ഛദം) മുറിച്ചു മാറ്റുകയായിരുന്നുവത്രേ.

വേദന കാരണം കരഞ്ഞ് ഉമ്മയെ അന്വേഷിച്ചപ്പോൾ ശസ്ത്രക്രിയ ചെയ്യുന്നവർക്ക് കൂടെ നിന്ന് പുഞ്ചിരിക്കുന്ന ഉമ്മയെയാണ് കണ്ടതെന്നും സാദവി തന്റെ ഓർമക്കുറിപ്പിൽ എഴുതുന്നു. 2008 ലാണ് ഈജിപ്ത് ഔദ്യോഗികമായി ജെനിറ്റൽ മ്യൂട്ടിലേഷ൯ നിരോധിച്ചത്. എന്നാൽ ഇപ്പോഴും പല യാഥാസ്ഥിക കുടുംബങ്ങളിലും ഇത് പരമ്പരാഗത രീതിയായി തുടർന്നു പോരുന്നുണ്ട്.

കാറൽ മാർക്സിന്റെ ജാതി, ക്ലാസ്, പുരുഷാധിപത്യം, കാപിറ്റലിസം തുടങ്ങിയ തിയറികളിൽ നിന്നാണ് സാദവി എന്ന ഫെമിനിസ്റ്റ് രൂപപ്പെടുന്നത്. അമേരിക്ക-ഇസ്രായേൽ കൂട്ടുകെട്ടിനെതിരെയും വളരെ ശക്തമായ ഭാഷയിൽ വിമർഷിച്ചിരുന്നു അവർ. യഥാർത്ഥ തീവ്രവാദം എന്നാണ് അവർ ഈ സൗഹൃദത്തെ വിശേഷിപ്പിച്ചിരുന്നത്.

വളരെ ലളിതമായ ജീവിത രീതിയാണ് സാദവി തുടർന്നു പോന്നിരുന്നത്. തന്റെ അവസാന കാലത്ത് ഒരു കെട്ടിടത്തിന്റെ 26ാമത്തെ നിലയിൽ ഒരു മുറി മാത്രമുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.

സാദവിയുടെ വ്യക്തി ജീവിതവും വളരെ കയ്പ്പേറിയതായിരുന്നു. 80കളിൽ, 46 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം, ഭർത്താവ് ശെരീഫ് ഹതാതയുമായി വേർപിരിഞ്ഞിരുന്നു അവർ. സാദവിയുടെ നിരവധി പുസ്തകങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് തന്റെ മൂന്നാമത്തെ ഭർത്താവായ ഹതാതക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്. 1931 ഒക്ടോബർ 27, നൈൽ ഡെൽറ്റക്കടുത്തുള്ള കഫ്ർ തഹ്ല എന്ന കൊച്ചു ഗ്രാമത്തിലാണ് നവാൽ അൽ സാദവി ജനിച്ചത്.

ഒമ്പത് മക്കളിൽ രണ്ടാമത്തെ കുട്ടിയായിരുന്നു സാദവി. ഉമ്മ സെയ്നബ് സമ്പന്നരായ ഓട്ടോമ൯ ടർക്കിഷ് കുടുംബത്തിന്റെ ഭാഗമായിരുന്നു. പിതാവ് ആൽ സായിദ് അൽ സാദവി സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. വിദ്യാഭ്യാസം അത്ര സാധാരമല്ലായിരുന്ന കാലത്തും തങ്ങളുടെ എല്ലാ മക്കളും ഉന്നത വിദ്യാഭ്യാസം നേടണമെന്ന് സാദവിയുടെ രക്ഷിതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു.

ഈജിപ്ഷ്യ൯ പ്രസിഡണ്ട് സാദത്ത് തുറുങ്കിലടച്ച 1,500 ആക്റ്റിവിസ്റ്റുകളിൽ സാദവിയുമുണ്ടായിരുന്നു. ജയിൽ മോചനത്തിനു ശേഷം മെമോയേസ് ഫ്രം ദി വിമി൯സ് പ്രിസണ്സ് എന്ന പേരിൽ തന്റെ ജയിലനുഭവം പ്രസിദ്ധീകരിച്ചിട്ടുണ്ട് അവർ.

സാദത്തിനു ശേഷം ഭരണത്തിലെത്തിയ ഹുസ്നി മുബാറക്ക് അവർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇസ്ലാമിസ്റ്റുകളിൽ നിന്ന് ഭീഷണി നേരിട്ടതിനെ തുടർന്നായിരുന്നു ഇത്. സൗദി അറേബ്യയിൽ നിന്ന് പുറപ്പെടുവിച്ച ഒരു ഡെത്ത് ലിസ്റ്റിലും ഇവരുടെ പേര് ഉൾപ്പെട്ടിരുന്നു.

2004ൽ മുബാറക്കിനെതിരെ തെരെഞ്ഞടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
Published by: Naseeba TC
First published: March 22, 2021, 3:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories