• HOME
  • »
  • NEWS
  • »
  • world
  • »
  • Macron - Putin Meeting | DNA മോഷ്ടിക്കുമോയെന്ന് ഭയം; റഷ്യയിൽ കോവിഡ് പരിശോധന നിരസിച്ച് ഇമ്മാനുവൽ മാക്രോൺ

Macron - Putin Meeting | DNA മോഷ്ടിക്കുമോയെന്ന് ഭയം; റഷ്യയിൽ കോവിഡ് പരിശോധന നിരസിച്ച് ഇമ്മാനുവൽ മാക്രോൺ

മാക്രോണ്‍ ടെസ്റ്റ് നിരസിച്ചതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു.

  • Share this:
    റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള (Vladimir Putin) ചര്‍ച്ചകള്‍ക്കായി റഷ്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ (Emmanuel Macron) കോവിഡ് പരിശോധന നിരസിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് 19 ടെസ്റ്റ് നടത്തണമെന്ന റഷ്യന്‍ ഗവണ്‍മെന്ററിന്റെ അഭ്യര്‍ത്ഥന ഫ്രഞ്ച് പ്രസിഡന്റ് നിരസിച്ചതായി മാക്രോണുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. മാക്രോണിന്റെ ഡിഎന്‍എ (DNA) വിവരങ്ങള്‍ റഷ്യ മോഷ്ടിക്കുമോ എന്ന സംശയത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

    ഇതുകാരണം, പുടിനും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നത് വളരെ നീളമുള്ള ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നായിരുന്നു. ഉക്രെയ്ന്‍ പ്രതിസന്ധിയെക്കുറിച്ചുള്ള ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ നടത്തുന്ന ഇരുനേതാക്കളുടെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു നീളന്‍ മേശയുടെ ഇരുവശത്തു ഇരുന്ന് ചര്‍ച്ച ചെയ്യുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

    ഫ്രഞ്ച് പ്രസിഡന്റിന്റെ ഹെൽത്ത് പ്രോട്ടോക്കോളിനെക്കുറിച്ച് അറിവുള്ള ബന്ധപ്പെട്ട വൃത്തങ്ങൾ റോയിട്ടേഴ്സിനോട് വെളുപ്പെടുത്തിയത് അനുസരിച്ച് മാക്രോണിന് രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ റഷ്യന്‍ അധികൃതര്‍ നടത്തുന്ന പിസിആര്‍ ടെസ്റ്റ് അംഗീകരിച്ച് പുടിനോട് ഒരുമിച്ചിരുന്ന് സംഭാഷണത്തിലേര്‍പ്പെടുക. അല്ലെങ്കില്‍ ടെസ്റ്റ് നിരസിച്ച് കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ പാലിച്ച് സാമൂഹിക അകലത്തില്‍ ചര്‍ച്ച നടത്തുക എന്നിവയായിരുന്നു ഓപ്ഷനുകൾ.

    ''ഹസ്തദാനം വേണ്ടെന്നുള്ളതും നീണ്ട മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നാകും ചര്‍ച്ച നടത്തുകയെന്നും ഞങ്ങള്‍ക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ അവര്‍ പ്രസിഡന്റിന്റെ ഡിഎന്‍എയില്‍ കൈക്കടത്തുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല,'' ഫ്രഞ്ച് പ്രസിഡന്റിനെ റഷ്യന്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചാല്‍ സുരക്ഷാ ആശങ്കകളുണ്ടാകുമെന്ന് ഫ്രഞ്ച് സുരക്ഷവിഭാഗം കരുതുന്നതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

    Also Read- Macron - Putin Meeting | മാക്രോൺ-പുടിൻ കൂടിക്കാഴ്ച്ച: 20 അടി നീളമുളള മേശയുടെ അപ്പുറം ചർച്ച; ട്രോളുകളുമായി സോഷ്യൽമീഡിയ

    മാക്രോണ്‍ ടെസ്റ്റ് നിരസിച്ചതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു. റഷ്യയ്ക്ക് ഇതില്‍ പ്രശ്നമൊന്നുമില്ലെന്നും എന്നാല്‍ പുടിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ അദ്ദേഹത്തില്‍ നിന്ന് 6 മീറ്റര്‍ (20 അടി) അകലം ആവശ്യമാണെന്നും വക്താവ് വിശദീകരിച്ചു. ഇതില്‍ രാഷ്ട്രീയമില്ലെന്നും ചര്‍ച്ചകളെ ഇത് ഒരു തരത്തിലും തടസ്സപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    മാക്രോണിന്റെ സംഘത്തിലെ മറ്റു ചിലർ വെളിപ്പെടുത്തിയത് മാക്രോണ്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഒരു ഫ്രഞ്ച് പിസിആര്‍ ടെസ്റ്റും റഷ്യയില്‍ എത്തിയപ്പോള്‍ സ്വന്തം ഡോക്ടര്‍ ഒരു ആന്റിജന്‍ ടെസ്റ്റും നടത്തിയെന്നാണ്. ''റഷ്യന്‍ ഹെല്‍ത്ത് പ്രോട്ടോക്കോള്‍ 'ഞങ്ങളുടെ സുരക്ഷാ ചട്ടങ്ങള്‍ക്ക്, സ്വീകാര്യമോ അനുയോജ്യമോ ആണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല'', ഫലങ്ങള്‍ക്കായി കാത്തിരിക്കേണ്ട സമയദൈര്‍ഘ്യത്തെ പരാമര്‍ശിച്ച് മാക്രോണിന്റെ ഓഫീസ് വ്യക്തമാക്കി.

    മാക്രോണും പുടിനും സാമൂഹിക അകലം പാലിച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് മൂന്ന് ദിവസത്തിന് ശേഷം വ്യാഴാഴ്ച കസാഖ് പ്രസിഡന്റ് റഷ്യയില്‍ എത്തിയിരുന്നു. റഷ്യന്‍ നേതാവ് പുടിന്‍, കസാഖ് പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവിനെ സ്വീകരിക്കുകയും രണ്ടുപേരും ഹസ്തദാനം നടത്തി പരസ്പരം അടുത്ത് ഇരുന്ന് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
    Published by:Rajesh V
    First published: