നൂറ്റിയമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട എതോപ്യന്‍ പുരാവസ്തുക്കള്‍ രാജ്യത്തിന് തിരികെ ലഭിച്ചു. സ്വകാര്യ ശേഖരങ്ങളില്‍ ഒളിപ്പിച്ച- മോഷ്ടിക്കപ്പെട്ട 13 എത്യോപ്യന്‍ പുരാവസ്തുക്കളാണ് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍, ഒന്നര നൂറ്റാണ്ടിനുശേഷം രാജ്യത്തേക്ക് മടങ്ങി എത്തിയത്. ''നമ്മുടെ രാജ്യത്തിന്റെ പുരാതന നാഗരികതയുടെ ചരിത്രം, പുരാവസ്തുക്കള്‍, തദ്ദേശീയമായ അറിവ്, സംസ്കാരം എന്നിവയുടെ വിരലടയാളങ്ങള്‍... യുദ്ധത്തില്‍ കൊള്ളയടിക്കപ്പെടുകയും നിയമവിരുദ്ധമായി കടത്തപ്പെടുകയും ചെയ്തു,'' എന്ന് പുരാവസ്തുക്കള്‍ തിരികെ ലഭിച്ചപ്പോള്‍ എത്യോപ്യന്‍ ടൂറിസം മന്ത്രി നാസിസെ ചല്ല പറഞ്ഞു.
തിരികെ ലഭിച്ച പുരാവസ്തുക്കളില്‍ സങ്കീര്‍ണമായ കൊത്തുപണികള്‍ ചെയ്ത ഘോഷയാത്ര കുരിശ്, യേശുവിന്റെ കുരിശുമരണത്തെ ചിത്രീകരിക്കുന്ന ഫലകം, ചുവപ്പ് നിറം കൊണ്ട് അലങ്കരിച്ച പിച്ചളയില്‍ തീര്‍ത്ത കവചം എന്നിവ ഉള്‍പ്പെടുന്നു. എത്യോപ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുരാവസ്തു തിരികെ എത്തിക്കല്‍ നടപടിയുടെ ഭാഗമായിട്ടാണ് ഇതെല്ലാം രാജ്യത്ത് മടക്കിയെത്തിച്ചതെന്ന് അധികൃതര്‍ പറയുന്നു. 1868ല്‍ ബ്രിട്ടീഷുകാരും എത്യോപ്യന്‍ സാമ്രാജ്യങ്ങളും തമ്മില്‍ നടന്ന മഖ്ദാല യുദ്ധത്തിന് (battle of Maqdala) ശേഷമാണ് ഈ പുരാവസ്തുക്കള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്.
മഖ്ദലയില് യുദ്ധം ചെയ്ത ഒരു ബ്രിട്ടീഷ് സൈനികന്റെ പിന്‍ഗാമി, ഈ വര്‍ഷം ജൂണില്‍ ബ്രിട്ടനില്‍ നടന്ന ലേലത്തില്‍ ചില വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ''മഖ്ദാലയില് നിന്ന് കൊള്ളയടിക്കപ്പെട്ട നിരവധി പുരാവസ്തുക്കൾ ഇക്കൂട്ടത്തിലുണ്ടെന്ന്,'' യുണൈറ്റഡ് കിംഗ്ഡത്തിലെ എത്യോപ്യയുടെ അംബാസഡര്‍ ടെഫെരി മെലെസ് പറഞ്ഞു. ''അവിടെ (എത്യോപ്യ) ധാരാളം നിധികള്‍ ഉണ്ടായിരുന്നു. എല്ലാം തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല, പക്ഷേ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ്, കൊള്ളയടിച്ച പുരാവസ്തുക്കള്‍ ഇത്രയുമധികം തിരികെ കൊണ്ടുവരാന്‍ സാധിച്ചത്.'' അദ്ദേഹം പറഞ്ഞു.
പല വസ്തുക്കളും സാംസ്കാരിക ലാഭരഹിത സ്ഥാപനമായ ഷെഹറാസാഡ് ഫൗണ്ടേഷന് ഏറ്റെടുക്കുകയും സെപ്റ്റംബറില്‍ എത്യോപ്യന്‍ എംബസിക്ക് കൈമാറുകയും ചെയ്തു. ഈ വാരാന്ത്യത്തില്‍ അവ അഡിസ് അബാബയിലേക്ക് തിരിച്ചയക്കുകയും എത്യോപ്യന്‍ മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. എന്നാല്‍ പുരാവസ്തുകള്‍ രാജ്യത്ത് തിരികെ എത്തിക്കുന്ന ജോലി തീര്‍ന്നിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
''12 ടാബോട്ടുകള്‍ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ ബ്രിട്ടീഷ് മ്യൂസിയവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അവ തിരികെ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ വിജയിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, വിദേശത്തുള്ള മറ്റ് പുരാവസ്തുക്കള്‍ തിരികെ എത്തിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ തുടരും'' ടെഫെരി പറഞ്ഞു. എത്യോപ്യന്‍ പള്ളികളിൽ ഉപയോഗിച്ചിരുന്ന, ബൈബിളിലെ പത്ത് കല്‍പ്പനകള്‍ ആലേഖനം ചെയ്തിട്ടുള്ള ചെറുപകര്പ്പിനെ പരാമര്‍ശിക്കുന്ന ഒരു പദമാണ് ടാബോട്ട് (Tabot). ലോകത്തിലെ ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നായ എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ വിശുദ്ധമായി കരുതപ്പെടുന്ന ഉടമ്പടിയുടെ പകര്‍പ്പുകളാണ് ടാബോട്ടുകള്‍. മഖ്ദാല യുദ്ധത്തിന് ശേഷമാണ് ടാബോട്ടുകളും മോഷ്ടിക്കപ്പെട്ടത്
സെപ്റ്റംബറില്‍ ഒരു എത്യോപ്യന്‍ പ്രതിനിധി സംഘവുമായി 'സൗഹാര്‍ദ്ദപൂര്‍വ്വമായ ചര്‍ച്ചകള്‍' നടത്തിയതായി ബ്രിട്ടീഷ് മ്യൂസിയം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Museum