• HOME
 • »
 • NEWS
 • »
 • world
 • »
 • Exclusive: അഫ്ഗാൻ സർക്കാർ രൂപീകരണം വൈകുന്നതെന്തു കൊണ്ട്?; താലിബാൻ വക്താവ് സുഹൈൽ ശാഹീനുമായുള്ള അഭിമുഖം

Exclusive: അഫ്ഗാൻ സർക്കാർ രൂപീകരണം വൈകുന്നതെന്തു കൊണ്ട്?; താലിബാൻ വക്താവ് സുഹൈൽ ശാഹീനുമായുള്ള അഭിമുഖം

അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായതും അവരുടെ ക്ഷേമത്തിന് ഉതകുന്നതുമായ ഏതെങ്കിലും പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് അത് പൂര്‍ത്തിയാക്കാവുന്നതാണ്.

.(AP Photo)

.(AP Photo)

 • Share this:
  താലിബാൻ വക്താവ് സുഹൈൽ ശാഹീനുമായുള്ള അഭിമുഖം

  1. താലിബാന്റെ വിജയത്തിന് ശേഷം ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. എന്നിട്ടും താലിബാന്‍ സംഘം സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രയാസം നേരിടുന്നു. നിങ്ങളുടെ പ്രതിനിധികള്‍ അമറുള്ള സാലിഹിനെയും ബന്ധപ്പെട്ടു കഴിഞ്ഞു. നിലവിലെ സാഹചര്യത്തെ എങ്ങനെ നോക്കിക്കാണുന്നു? ഈ പ്രതിസന്ധി പരിഹരിക്കാന്‍ എത്ര സമയമെടുത്തേക്കും?

  എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍, അഫ്ഗാനിസ്ഥാനിലെ എല്ലാ ഉദ്യോഗസ്ഥ മേധാവികളുമായും ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നു. അല്ലാത്തപക്ഷം, കാബൂള്‍ നഗരം പിടിച്ചെടുത്ത ദിവസം തന്നെ ഞങ്ങള്‍ക്ക് സര്‍ക്കാരിനെ പ്രഖ്യാപിക്കാമായിരുന്നു. എന്നാല്‍, ഞങ്ങള്‍ അത് ചെയ്തില്ല. പകരം ഞങ്ങളുടെ എതിരാളികളായിരുന്നവരും അല്ലാത്തവരുമായ എല്ലാ വിഭാഗങ്ങളുമായും വിശദമായ ചര്‍ച്ച നടത്തിയതിനുശേഷം മാത്രം സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. എത്രയും പെട്ടെന്ന് തന്നെ അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും എന്ന് പ്രതീക്ഷിക്കാം.

  2. ഇന്ത്യ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയിട്ടുണ്ട്. റോഡുകളും അണക്കെട്ടുകളും കൂടാതെ പാര്‍ലമെന്റ് കെട്ടിടം പോലും ഇന്ത്യ നിര്‍മിച്ചിട്ടുണ്ട്. ഇന്ത്യയുടെ സംഭാവനയെ എങ്ങനെ നോക്കിക്കാണുന്നു? താലിബാന്‍ ഇന്ത്യയുമായി വ്യാപാരബന്ധം അവസാനിപ്പിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. അത് സത്യമാണോ?

  അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായതും അവരുടെ ക്ഷേമത്തിന് ഉതകുന്നതുമായ ഏതെങ്കിലും പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് അത് പൂര്‍ത്തിയാക്കാവുന്നതാണ്. എന്നാല്‍, ഇത്രയും കാലം അഫ്ഗാനിസ്ഥാന്‍ ഭരിച്ച പാവ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചു എന്നതിലാണ് ഞങ്ങളുടെ എതിര്‍പ്പ്. പാവ സര്‍ക്കാരിനെയല്ല മറിച്ച് അഫ്ഗാനിസ്ഥാനിലെ ജനങ്ങളെയാണ് പിന്തുണയ്ക്കേണ്ടത് എന്ന നിലപാടാണ് അന്നും ഇന്നും ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.

  3. പാശ്ചാത്യ രീതിയിലുള്ള ജനാധിപത്യ സംവിധാനം അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകില്ലെന്ന് നിങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാതിനിധ്യ ജനാധിപത്യം മുന്നില്‍ കണ്ടുകൊണ്ട് നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം എന്ത് ചെയ്യാനാണ് നിങ്ങളുടെ പദ്ധതി?

  സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ഞങ്ങള്‍ ഒരു ഭരണഘടനാ സമിതിയെ നിയമിക്കുകയും സ്വന്തമായ ഒരു ഭരണഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്യും. പാര്‍ലമെന്റ് മന്ദിരം കൂടിയാലോചനകള്‍ക്ക് ശേഷം എന്തെങ്കിലും കാര്യത്തിനായി ഉപയോഗിക്കും.

  4. ഭരണം പിടിച്ചെടുത്തതിന് ശേഷം പൊതുമാപ്പ് നല്‍കല്‍ പോലുള്ള ഗുണപരമായ നീക്കങ്ങള്‍ നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അനുമതിയില്ല. ജീന്‍സ് ധരിച്ചതിന്റെ പേരില്‍ ഗസ്നി സ്ത്രീകള്‍ മര്‍ദ്ദിക്കപ്പെടുന്നു. മനുഷ്യാവകാശ ലംഘനം സംബന്ധിച്ച 17 കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നത്തെ കാലത്ത് ഇത്തരം സംഭവങ്ങള്‍ ആശങ്കാജനകമാണ് എന്ന അഭിപ്രായം നിങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ടോ?

  ഇത്തരം സംഭവങ്ങളെല്ലാം താല്‍ക്കാലികമായി ഉണ്ടാകുന്നതാണ്. ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനും കഴിയും. ജീന്‍സ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവം ഒറ്റപ്പെട്ടതാണ്. അത് എത്രയും പെട്ടെന്ന് പരിഹരിക്കും. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും ജോലിയും ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഒരു പൊതുനയം രൂപീകരിക്കും. അതേക്കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ട.

  5. പൊതുമാപ്പ് നല്‍കിയതിന് ശേഷവും അഫ്ഗാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആശങ്കയിലാണ്. അവരുടെ പട്ടികയുണ്ടാക്കി താലിബാന്‍ കേഡര്‍മാര്‍ അവരുടെ വീടുകളില്‍ കയറിയിറങ്ങി തിരച്ചില്‍ നടത്തുന്നു. അവരില്‍ ചിലരെ കൊലപ്പെടുത്തുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഈ പ്രശ്‌നത്തെ എങ്ങനെയാണ് അഭിമുഖീകരിക്കുന്നത്? താലിബാന്‍ കേഡര്‍മാര്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ല എന്നാണോ ഇതിനര്‍ത്ഥം?

  വീടുവീടാന്തരം കയറി തിരച്ചില്‍ നടത്തുന്നു എന്ന വാര്‍ത്ത ശരിയല്ല. ഇന്നലെയും ഞാന്‍ അത് നിഷേധിച്ചിരുന്നു. ഞങ്ങളുടെ സൈനികര്‍ എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്, കുറ്റവാളികളായി കണ്ടെത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. എന്നാല്‍, പൊതുമാപ്പ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച ഞങ്ങളുടെ നയത്തില്‍ യാതൊരു മാറ്റവുമില്ല. എല്ലാ താലിബാന്‍ അംഗങ്ങളോടും ആ നയം പാലിക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് ലംഘിക്കപ്പെട്ടാല്‍ ലംഘിക്കുന്നവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തം.

  6. കൊല്ലപ്പെടുമോ എന്ന ഭയം മൂലം എല്ലാ ഉദ്യോഗസ്ഥരും ജോലിയ്ക്ക് ചേരാത്ത സാഹചര്യവും ഉണ്ട്. ഇപ്പോള്‍ താലിബാന്‍ ഭരണസാരഥ്യം വഹിക്കുമ്പോള്‍ വിമാനത്താവളങ്ങളുടെ മേല്‍നോട്ടം മുതല്‍ പൗര സേവനങ്ങള്‍ വരെ വെല്ലുവിളികള്‍ നിറഞ്ഞ ജോലികള്‍ കാര്യക്ഷമമായി നടക്കേണ്ടതുണ്ട്. ഈ പ്രശ്‌നത്തെ എങ്ങനെ അഭിസംബോധന ചെയ്യും?

  വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് കൃത്യമായ രേഖകളും വിസയും കൈവശം ഉണ്ടെങ്കില്‍ വിമാനത്താവളത്തില്‍ എത്തിപ്പെടാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ഐ എസ് ഐ എസ് അംഗങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനാലാണ് ഞങ്ങള്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കുന്നത്. കൃത്യമായ രേഖകള്‍ കൈവശമില്ലാത്തവരെ ഞങ്ങള്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ല.

  7. ആദ്യമായി രാജ്യത്ത് പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്. സ്ത്രീകള്‍ തെരുവിലേക്കിറങ്ങുകയും എല്ലാ കാര്യങ്ങളിലും തങ്ങള്‍ക്ക് അര്‍ഹമായ പങ്കുണ്ടാകണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ സാന്നിധ്യം കൊണ്ട് മാത്രമാണോ താലിബാന്‍ അവര്‍ക്ക് അനുമതി നല്‍കുന്നത്? അതോ സ്ത്രീകള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ ഗൗരവത്തോടെ പരിഗണിക്കുമോ?

  ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കുക എന്ന കാര്യത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതിനായി ഞങ്ങള്‍ക്ക് ഞങ്ങളുടേതായ നയമുണ്ട്. അത് പ്രകാരം ജോലി ചെയ്യാന്‍ അവര്‍ക്ക് പ്രയാസം ഉണ്ടാകില്ല. എന്നാല്‍, മുസ്ലീം എന്ന നിലയില്‍ അവര്‍ പാലിക്കേണ്ട മതപരമായ നിയമങ്ങള്‍ പിന്തുടര്‍ന്നു കൊണ്ട് മാത്രമേ അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയൂ. അവരുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി ചില വാട്‌സ്ആപ്പ് നമ്പറുകള്‍ ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആ നമ്പറുകളില്‍ ബന്ധപ്പെട്ട് അവര്‍ക്ക് പരാതികളില്‍ പരിഹാരം തേടാവുന്നതാണ്.

  8. താലിബാന്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായും പിന്നീട് വിട്ടയച്ചതായും ഇന്നലെ വാര്‍ത്ത വന്നിരുന്നു. അവര്‍ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ട് വരാനുണ്ടായ സാഹചര്യം എന്താണ്?

  ആദ്യമായി തട്ടിക്കൊണ്ടുപോയി എന്ന ആരോപണം ഞാന്‍ നിഷേധിക്കുന്നു. അത് ശരിയായ വാക്കല്ല. എംബസികളുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിനു വേണ്ടിയുള്ള സൗകര്യം ഒരുക്കുമെന്ന് ഞങ്ങള്‍ മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ട്. മേല്‍സൂചിപ്പിച്ച ഇന്ത്യക്കാരുടെ കൈവശമുണ്ടായിരുന്ന രേഖകളെ സംബന്ധിച്ച ചില ആശയക്കുഴപ്പം മൂലമാണ് അവരെ ഏതാനും മണിക്കൂര്‍ തടഞ്ഞുവെക്കേണ്ടി വന്നത്. ഞങ്ങള്‍ പ്രഖ്യാപിച്ച കാര്യം കൃത്യമായി നടത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍ രാജ്യത്തിനകത്തും പുറത്തും ചിലര്‍ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ക്കെതിരെയുള്ള പ്രചരണങ്ങള്‍ക്ക് ഊര്‍ജം നല്‍കുകയാണ് അവരുടെ ലക്ഷ്യം. ഈ ആരോപണങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് നിഷ്പക്ഷമായി അന്വേഷിച്ചാല്‍ അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് നിങ്ങള്‍ക്ക് മനസിലാകും.

  9. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം കാബൂളിവാല, അമിതാബ് ബച്ചന്റെ ഷഹന്‍ ഷാ തുടങ്ങിയ ബോളിവുഡ് ചലച്ചിത്രങ്ങള്‍ ഓര്‍മ വരും. 1996-ല്‍ ഷഹന്‍ ഷാ എന്ന സിനിമയുടെ പ്രവര്‍ത്തകര്‍ക്കായി താലിബാന്‍ സുരക്ഷ ഒരുക്കിയത് സംബന്ധിച്ച വാര്‍ത്ത അടുത്തിടെ പുറത്തു വന്നിരുന്നു. അതുപോലുള്ള സൗഹൃദസമാനമായ സാഹചര്യം ഇനിയും പ്രതീക്ഷിക്കാമോ?

  ഇന്ത്യയുടെ നിലപാടുകളും പ്രവൃത്തികളുമാണ് സൗഹൃദത്തെ നിര്‍ണയിക്കുക. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് എതിരെയുള്ള നയമാണോ അതോ അഫ്ഗാന്‍ ജനതയോടുള്ള സൗഹാര്‍ദ്ദപരമായ ബന്ധത്തെ മുന്‍നിര്‍ത്തിയുള്ള നയമാണോ ഇന്ത്യ സ്വീകരിക്കുക എന്നതിനെ ആശ്രയിച്ചാകും ഞങ്ങളും നിലപാട് സ്വീകരിക്കുക. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതികളോട് ഞങ്ങള്‍ ഒരിക്കലും മുഖം തിരിക്കില്ല. ജനോപകാരപ്രദമായ പദ്ധതികളെ അഫ്ഗാന്‍ ജനത ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുകയും അതേ രീതിയില്‍ തന്നെ തിരികെ പ്രതികരിക്കുകയും ചെയ്യും.

  10. അഫ്ഗാനിസ്ഥാനിലെ വികസനപ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമൂഹത്തോട് എന്താണ് പറയാനുള്ളത്?

  അഫ്ഗാനിസ്ഥാനില്‍ വര്‍ഷങ്ങളായി നീണ്ടുനിന്ന യുദ്ധം ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. ഒരു പുതിയ അദ്ധ്യായം ഇവിടെ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ അഫ്ഗാന്‍ ജനതയ്ക്ക് ലോകരാജ്യങ്ങളില്‍ നിന്നുള്ള സഹായവും പിന്തുണയും അനിവാര്യമാണ്. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടി എല്ലാ ലോകരാജ്യങ്ങളും സാമ്പത്തികമായ പിന്തുണ നല്‍കണം എന്നതാണ് എന്റെ സന്ദേശം. ആ രാജ്യങ്ങളോടെല്ലാം അഫ്ഗാനിസ്ഥാന്‍ തിരിച്ചും സൗഹാര്‍ദ്ദപരമായ ബന്ധം കാത്തുസൂക്ഷിക്കും. അഫ്ഗാനിസ്ഥാനിലെ ജനങ്ങളില്‍ 70 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നത്. അവരുടെ ഉന്നമനത്തിനായി മാനുഷികമായ നിലയിലുള്ള പിന്തുണ ലോകരാജ്യങ്ങളില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പ്രതീക്ഷിക്കുന്നു. 20 വര്‍ഷം നീണ്ടുനിന്ന യുദ്ധം മൂലമുണ്ടായ നാശനഷ്ടവും രക്തച്ചൊരിച്ചിലും മറികടക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം അത്യന്താപേക്ഷിതമാണ്.
  Published by:Jayashankar AV
  First published: