• HOME
 • »
 • NEWS
 • »
 • world
 • »
 • Danish Siddiqui | താലിബാനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ കുടുംബം; അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കും

Danish Siddiqui | താലിബാനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ കുടുംബം; അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കും

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അഫ്ഗാനിൽ റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്

ഡാനിഷ് സിദ്ദിഖി

ഡാനിഷ് സിദ്ദിഖി

 • Last Updated :
 • Share this:
  താലിബാനെതിരെ (Taliban) അന്വേഷണം ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട പുലിറ്റ്സര്‍ ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ (Danish Siddiqui) കുടുംബാംഗങ്ങള്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അഫ്ഗാനിൽ റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് താലിബാനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ (International Criminal Court) സമീപിക്കാന്‍ സിദ്ദിഖിയുടെ കുടുംബം ഒരുങ്ങുന്നത്.

  "ഡാനിഷ് സിദ്ദിഖിയുടെ മാതാപിതാക്കളായ അക്തര്‍ സിദ്ദിഖിയും ഷാഹിദ അക്തറും അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനും കൊലപാതകത്തിന് ഉത്തരവാദികളായ താലിബാന്റെ ഉന്നത കമാന്‍ഡര്‍മാരും നേതാക്കളും ഉള്‍പ്പെടെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നിയമനടപടി സ്വീകരിക്കും," എന്ന് സിദ്ദിഖിയുടെ കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.

  ''2021 ജൂലൈ 16 ന് പുലിറ്റ്സര്‍ ജേതാവായ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ ഭീകരര്‍ നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും മൃതശരീരം വികൃതമാക്കുകയും ചെയ്തു. ഈ പ്രവൃത്തികള്‍ കൊലപാതകക്കുറ്റം മാത്രമല്ല മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവും യുദ്ധക്കുറ്റവുമാണ്," കുടുംബം പ്രസ്താവനയില്‍ വ്യക്തമാക്കി.

  "ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. താലിബാന്റെ സൈനിക പെരുമാറ്റച്ചട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ആക്രമിക്കുന്ന നയം ഉൾക്കൊള്ളിച്ചിട്ടുള്ളതായി കാണാം. അഫ്ഗാനിസ്ഥാനിലെ യുഎന്‍ ദൗത്യം 70,000 സാധാരണക്കാരുടെ മരണത്തിന് താലിബാന്‍ ഉത്തരവാദികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്," എന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

  2021 ജൂലൈ 16 ന് പുലര്‍ച്ചെ താലിബാന്‍ പിടിച്ചടക്കിയ അതിര്‍ത്തി ജില്ലയായ സ്പിന്‍ ബോള്‍ഡാക്കിലേക്ക് അഫ്ഗാന്‍ കമാന്‍ഡോകള്‍ക്കൊപ്പം അനുഗമിക്കുന്നതിനിടെയായിരുന്നു 38കാരനായ സിദ്ദിഖിയ്ക്ക് നേരെ താലിബാന്‍ ഭീകരരുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് നിന്നുള്ള ആദ്യ ഫോട്ടോഗ്രാഫുകളില്‍ സിദ്ദിഖിന്റെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുള്ളതായി കാണാം. എന്നാൽ, ശരീരം പൂർണമായും വികൃതമല്ല.

  എന്നാല്‍ അന്ന് വൈകുന്നേരത്തോടെ സിദ്ദിഖിയുടെ മൃതദേഹം റെഡ് ക്രോസിന് കൈമാറുകയും തെക്കന്‍ നഗരമായ കാണ്ഡഹാറിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തപ്പോള്‍ മൃതദേഹം വളരെ വികൃതമായ നിലയിലായിരുന്നു എന്ന് രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരും രണ്ട് അഫ്ഗാന്‍ ആരോഗ്യ ഉദ്യോഗസ്ഥരും വെളിപ്പെടുത്തി. ആ സമയത്ത് പ്രദേശം താലിബാന്‍ ഭീകരരുടെ നിയന്ത്രണത്തിലായിരുന്നു. ചില ഫോട്ടോഗ്രാഫുകളിൽ സിദ്ദിഖിന്റെ ശരീരത്തിന് ചുറ്റും താലിബാന്‍ സംഘം നില്‍ക്കുന്നതായി കാണാം. ആ ചിത്രങ്ങളില്‍ മൃതദേഹത്തിൽ അധികം മുറിവുകളില്ലായിരുന്നു.

  റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റ് എന്ന നിലയിൽ മുംബൈയിലായിരുന്നു ഡാനിഷ് സിദ്ദിഖി പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയിലെ റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ് ടീമിന്റെ തലവനായിരുന്നു അദ്ദേഹം. റോഹിങ്ക്യന്‍ പ്രശ്നത്തെക്കുറിച്ചുള്ള തന്റെ കവറേജിന് 2018ലെ ഫീച്ചര്‍ ഫോട്ടോഗ്രാഫിയ്ക്കുള്ള പുലിറ്റ്സര്‍ സമ്മാനവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. മൊസൂള്‍ യുദ്ധം (2016-17), 2015ലെ നേപ്പാള്‍ ഭൂകമ്പം, റോഹിംഗ്യന്‍ വംശഹത്യയില്‍ നിന്ന് ഉണ്ടായ അഭയാര്‍ഥി പ്രതിസന്ധി, 2019-2020 ഹോങ്കോംഗ് പ്രതിഷേധം, 2020 ഡല്‍ഹി കലാപം തുടങ്ങിയവ സിദ്ദിഖി ചിത്രീകരിച്ച പ്രധാന സംഭവങ്ങളാണ്. തെക്കേ ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
  Published by:user_57
  First published: