ഇസ്ലാമബാദ്: പാകിസ്ഥാനിലെ പ്രശ്ന ബാധിത മേഖലയായ ബലൂചിസ്ഥാനില്‍ ചവേർ ആക്രമണത്തിന് പദ്ധതിയിട്ടെത്തിയ യുവതിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ഫ്രണ്ട് അംഗമായ മഹ്ബൽ ആണ് അറസ്റ്റിലായത്. നാല് കിലോഗ്രാമിലധികം സ്ഫോടക വസ്തുക്കൾ നിറച്ച ജാക്കറ്റ് ഇവരുടെ ബാഗിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിലിൽ കറാച്ചി സർവകലാശാലയുടെ പ്രവേശനകവാടത്തിൽ ബാലുചിസ്ഥാനിൽ നിന്നുള്ള വനിതാ ചാവേർ നടത്തിയ സ്ഫോടനത്തില്‍ നാലു പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞദിവസം കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം നടത്തയതിന് പിന്നാലെയാണ് ചാവേർ ആക്രമണം നടത്താനെത്തിയ യുവതി പിടിയിലായത്.
ആക്രമണത്തിന്റ ഉത്തരവാദിത്വം തെഹ്‌രിഖ്- ഇ-താലിബാന്‍ ഏറ്റെടുത്തിരുന്നു. ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെടുകയും അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് വേഷം ധരിച്ചെത്തിയ ആയുധധാരികളായ എട്ടോളം അക്രമികളാണ് പൊലീസ് ആസ്ഥാനം ആക്രമിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് എണ്‍പതോളം ആളുകള്‍ കൊല്ലപ്പെട്ട ഒരു ചാവേറാക്രമണം പെഷാവറിലുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.