HOME » NEWS » World » FINLAND PM ACCUSED OF SPENDING RS 26000 MONTHLY ON FAMILYS BREAKFAST USING TAXPAYER MONEY AA

മാസം 26,000 രൂപ പ്രഭാതഭക്ഷണത്തിനായി ചെലവഴിക്കുന്നുവെന്ന് ആരോപണം; ഫിൻലന്റ് പ്രധാനമന്ത്രിക്ക് എതിരെ അന്വേഷണം

നിയമപ്രകാരമല്ലാത്ത രീതിയിൽ നികുതി പണത്തിൽ നിന്നും സബ്സിഡി ലഭിച്ചിട്ടുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്

News18 Malayalam
Updated: May 29, 2021, 1:19 PM IST
മാസം 26,000 രൂപ പ്രഭാതഭക്ഷണത്തിനായി ചെലവഴിക്കുന്നുവെന്ന് ആരോപണം; ഫിൻലന്റ് പ്രധാനമന്ത്രിക്ക് എതിരെ അന്വേഷണം
Finland PM Sanna Marin.
  • Share this:
നികുതി പണത്തിൽ നിന്നും കുടുംബത്തിന്റെ പ്രഭാത ഭക്ഷണത്തിനായി മാസം 26,000 രൂപ ഫിൻലാൻ്റ് പ്രധാനമന്ത്രി സന മരിൻ ചെലവഴിക്കുന്നതായി ആരോപണം. ഔദ്യോഗിക വസതിയായ കെസറാന്റയിൽ താമസിക്കുമ്പോഴാണ് മാസം 26,000 രൂപയുടെ ബില്ല് പ്രഭാത ഭക്ഷണ ഇനത്തിൽ മാറിയെടുക്കുന്നത് എന്ന് ഇൽറ്റാതെരി എന്ന ടാബ്ലോയിഡാണ് റിപ്പോർട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പരാതി ലഭിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ പ്രഭാത ഭക്ഷണത്തിന് നിയമപ്രകാരമല്ലാത്ത രീതിയിൽ നികുതി പണത്തിൽ നിന്നും സബ്സിഡി ലഭിച്ചിട്ടുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുന്നത് എന്ന് പൊലീസ് പറയുന്നു.

Also Read 'നേതാക്കളെ തെരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല; എനിക്ക് വേണ്ടി പൊരുതാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല': അടൂർ പ്രകാശ്

“ഏതാനും ചില ഊണുകൾക്ക് പ്രധാനമന്ത്രി ചെലവാക്കിയ പണം തിരികെ നൽകിയിട്ടുണ്ട്. എന്നാൽ മന്ത്രിമാരുടെ വേതനവുമായി ബന്ധപ്പെട്ട നിയമപ്രകാരം ഇത്തരം തിരിച്ചു നൽകൽ അനുവദിക്കുന്നില്ല” പൊലീസ് പത്രക്കുറിപ്പിൽ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിലുള്ള ജീവനക്കാരുടെ തീരുമാനത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത് എന്നും പ്രധാനമന്ത്രിയെയോ പ്രധാനമന്ത്രിയുടെ മറ്റ് ഔദ്യോഗിക കാര്യങ്ങളെയോ കുറിച്ചോ അല്ലെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് ടീമു ജോക്കിനേ പത്രക്കുറിപ്പിൽ വിശദീകരിച്ചു.

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഫിൻഫിൻലാൻ്റ് പ്രധാനമന്ത്രി സന മരിൻ ട്വീറ്റ് ചെയ്തു. വിഷയത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്ന സാഹചര്യത്തിൽ ഇത്തരം ആനുകൂല്യം സ്വീകരിക്കുന്നത് നിർത്തി വച്ചിട്ടുണ്ട് എന്നും അവർ വ്യക്തമാക്കി.

അതേ സമയം ആരോപണം വന്ന ഉടൻ പ്രതിപക്ഷം പ്രധാനമന്ത്രി സന മരിന് എതിരെ രംഗത്ത് എത്തി. പ്രധാന മന്ത്രിക്ക് നാണക്കേട് ഉണ്ടാക്കുന്നതാണ് പുറത്ത് വന്ന വാർത്തകൾ എന്ന് പ്രതിപക്ഷം വിമർശിച്ചു. തൻ്റെ പിൻഗാമികൾക്ക് ലഭിച്ച അതേ ആനുകൂല്യമാണ് തനിക്കും ലഭിച്ച് കൊണ്ട് ഇരിക്കുന്നത് എന്നായിരുന്നു സന മരിന്റെ മറുപടി.

“പ്രധാനമന്ത്രി എന്ന നിലയിൽ ഇത്തരം ഒരു ആനുകൂല്യം ഞാൻ ആവശ്യപ്പെടുകയോ ഇക്കാര്യം തീരുമാനിക്കുന്നതിൽ ഭാഗമാവുകയോ ചെയ്തിട്ടില്ല” സന മരിൻ ട്വിറ്ററിൽ കുറിച്ചു

നികുതി പണം ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ പ്രഭാത ഭക്ഷണത്തിന്റെ ബിൽ അടക്കുന്നത് ഫിൻലാൻ്റിലെ നിയമങ്ങൾക്ക് എതിരാണെന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ നിയമവിദഗ്ധരും അഭിപ്രായപ്പെട്ടു.

സോഷ്യൽ ഡമോക്രാറ്റ് പാർട്ടിയിൽ നിന്നും 2019 ൽ പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തിയ 35 കാരിയായ സന മരിൻ മികച്ച ജന പിന്തുണയുള്ള നേതാവാണ്. യൂറോപ്പിലെ ഏറ്റവും കുറവ് കോവിഡ് കേസുകളുള്ള രാജ്യമായി മാറാനും സന മരിൻ്റെ നേതൃത്വത്തിലുള്ള ഭരണത്തിന് സാധിച്ചു.

അതേ സമയം നോർഡിക്ക് മേഖലയിൽ ജൂൺ 13 ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സന മരിന്റെ പാർട്ടി ഏറെ പിന്നിലാണ് എന്നാണ് റിപ്പോർട്ട്. തീവ്ര വലതുപക്ഷ പാർട്ടിയായ ഫിൻസ് പാർട്ടി ഇവിടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കും എന്നാണ് കരുതപ്പെടുന്നത്.

2015 മുതൽ പാർലമെൻ്റിൽ അംഗമായ സന മരിൻ ഗതാഗത വാർത്താവിനിമയ വകുപ്പുകളുടെ മന്ത്രി പദവും അലങ്കരിച്ചിട്ടുണ്ട്. ഫിൻലാൻ്റിൻ്റെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന മരിൻ.
Published by: Aneesh Anirudhan
First published: May 29, 2021, 1:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories