കോവിഡ് 19 മഹാമാരി ഉണ്ടാക്കിയ ഏറ്റവും വലിയ പ്രത്യാഘാതങ്ങളിലൊന്ന് രാജ്യാന്തര യാത്രകൾ നടത്തേണ്ട യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടാണ്. വിവിധ രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിനായി മിക്കവാറും എല്ലാ രാജ്യങ്ങൾക്കും നെഗറ്റീവ് ആർടി പിസിആർ റിപ്പോർട്ട് ആവശ്യമാണെങ്കിലും, പല രാജ്യങ്ങളും ചില പ്രത്യേക രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാനങ്ങൾ നിരോധിക്കുക വരെ ചെയ്തു. ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങൾ നിരോധിച്ച കാനഡയും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു.
നിരവധി ഇന്ത്യൻ വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും പഠനത്തിനോ ജോലിക്കോ വേണ്ടി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നതിനാൽ ഈ ഉപരോധം വളരെ ഗുരുതരമായ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. എന്നാലും, ഈ പ്രതിബന്ധം മറികടക്കാൻ പലരും മറ്റു പല മാർഗ്ഗങ്ങളും അവലംബിക്കുന്നുണ്ട്.
കാനഡയിലെ യൂണിവേഴ്സിറ്റിയിലേക്ക് മടങ്ങേണ്ട കൊൽക്കത്തയിൽ നിന്നുള്ള അഞ്ച് വിദ്യാർത്ഥികളുടെ ഒരു സംഘത്തിന് തങ്ങളുടെ കോളേജിലേക്ക് മടങ്ങാൻ രണ്ട് രാജ്യങ്ങളിലൂടെ 70 മണിക്കൂറിലധികം യാത്ര നടത്തേണ്ടിവന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ അവർക്ക് ഒട്ടനേകം മണിക്കൂറുകൾ അധികമായി ചെലവാക്കേണ്ടി വന്നു എന്നുമാത്രമല്ല, യാത്രാചെലവ് 65,000 രൂപയിൽ നിന്ന് ഏകദേശം 3 ലക്ഷമായി ഉയരുകയും ചെയ്തു.
വിദ്യാർത്ഥികളായ താന്യ എം പരേഖ്, അഹാന ജെയിൻ, അച്ചിന്ത് സിംഗ്, സിയാ ദുഗർ, അവ്നിഷ് പസാരി എന്നിവർ ചൊവ്വാഴ്ച രാവിലെ 10:25 ന് ദേശീയ തലസ്ഥാനമായ ഡൽഹിയിലേക്ക് പുറപ്പെടുകയും അവിടെ നിന്ന് അന്നു രാത്രി 11: 15 ന് റഷ്യയിലെ മോസ്കോയിലേക്ക് കണക്റ്റിംഗ് ഫ്ലൈറ്റ് പിടിക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ 3:15 ന് മോസ്കോയിലെത്തിയ സംഘം അവിടത്തെ നിർബന്ധിത ആർടിപിസിആർ ടെസ്റ്റ് നടത്തുന്നതിനു മുമ്പ് ഒരു ഹോട്ടലിൽ തങ്ങുകയുണ്ടായി. മോസ്കോയിൽ 24 മണിക്കൂറിലധികം ചെലവഴിച്ചച്ച ശേഷം, അഞ്ച് വിദ്യാർത്ഥികൾ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് മറ്റൊരു വിമാനമാര്‍ഗ്ഗം യാത്രതിരിച്ചു. റഷ്യൻ സമയം രാവിലെ 6:05 ന് പറന്നുയർന്ന വിമാനം, പ്രാദേശിക സമയം രാവിലെ 08:30ന് ഫ്രാങ്ക്ഫർട്ടിൽ ലാൻഡ് ചെയ്തു.
ഏഴര മണിക്കൂർ വിമാനത്താവളത്തിൽ ചെലവഴിച്ച സംഘം, ടൊറന്റോയിലേക്കുള്ള വിമാനത്തിൽ യാത്ര തുടരുകയും ഒടുവിൽ വ്യാഴാഴ്ച വൈകുന്നേരം ഏതാണ്ട് 4 മണിക്ക് ടൊറന്റോയില്‍ എത്തിച്ചേരുകയും ചെയ്തു. ടൊറന്റോയിൽ എത്തിയ വിദ്യാര്‍ത്ഥികളുടെ സംഘം പ്രാദേശിക സമയമനുസരിച്ച് 6 മണിക്ക് അതായത്, ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലർച്ചെ 3:45നാണ് കാനഡയിൽ കാല് കുത്തിയത്. ഒടുവിൽ ഈ ദൈർഘ്യമേറിയ യാത്രയുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നാലുപേർക്ക് അവിടെ അവസാനിച്ചപ്പോൾ, താന്യയ്ക്ക് മറ്റൊരു വിമാനത്തിൽ വാൻകൂവറിലേക്ക് പോകേണ്ടതായി വന്നു.
അതേസമയം, ഈ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ സംഘമാകട്ടെ, അവരുടെ ഒരു ഓൺലൈൻ ഗ്രൂപ്പ് ഉണ്ടാക്കുകയും യാത്രയ്ക്ക് വേണ്ട സജ്ജീകരണങ്ങൾ നടത്തുകയും ചെയ്തിരുന്നു. അവരുടെ കുട്ടികളുടെ യാത്രാപദ്ധതി അവസാന നിമിഷം ഏതെങ്കിലും കാരണങ്ങളാൽ നടന്നില്ലെങ്കിൽ തങ്ങളുടെ മക്കളെ അയയ്ക്കാൻ മുംബൈ, മാലി, അബുദാബി, ആംസ്റ്റർഡാം വഴി വാൻകൂവറിലേക്ക് പോകാനുള്ള ഒരു ബദൽ മാർഗ്ഗവും അവര്‍ തയ്യാറാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.