റഷ്യ (Russia) യുക്രെയ്ന്റെ അതിർത്തികൾ ഭേദിച്ച് ആക്രമണം തുടങ്ങിയതോടെ രണ്ടാം ലോക മഹായുദ്ധത്തിനു (World War II) ശേഷമുള്ള ഏറ്റവും മോശം സൈനിക പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. യുക്രെയ്നിന്റെ വിവിധ ഭാഗങ്ങൾ ഇതിനോടകം തന്നെ തകർന്ന് തരിപ്പണമായി കഴിഞ്ഞു. വിവിധ അതിർത്തി പ്രദേശങ്ങളിൽ ഇപ്പോഴും രക്തച്ചൊരിച്ചിൽ തുടരുകയാണ്.
Also Read-റഷ്യയ്ക്കെതിരായ ആക്രമണാഹ്വാനങ്ങൾക്ക് മൗനാനുമതി? ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും താൽക്കാലിക നയമാറ്റത്തിനെന്ന് റിപ്പോർട്ട്
യുദ്ധത്തിന്റെ യാതനകൾ നേരിടുന്ന യുക്രെയ്ന് സമ്പന്നമായ ഒരു ചരിത്രത്തിനും സംസ്കാരത്തിനും ഉടമയായ രാജ്യം കൂടിയാണ്. മാത്രമല്ല ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ചിലത് ഈ രാജ്യത്തുണ്ട്.
യുദ്ധത്തിനു മുമ്പുള്ള യുക്രൈൻ എങ്ങനെയായിരുന്നു എന്ന് നോക്കാം. ഈ കിഴക്കൻ യൂറോപ്യൻ രാജ്യത്തെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കാൻ ഇടയില്ലാത്ത നിരവധി വസ്തുതകൾ ഉണ്ട്.
1. വൈശിവാങ്ക (Vyshyvanka)
ഒരു ദേശീയ പക്ഷിയോ ദേശീയ മൃഗമോ ദേശീയ കായികവിനോദമോ ഒക്കെയുള്ള രാഷ്ട്രങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ എപ്പോഴെങ്കിലും ഒരു ദേശീയ വസ്ത്രം ഉള്ള രാജ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? യുക്രെന് ഒരു ദേശീയ വസ്ത്രം ഉണ്ട്, അതാണ് വൈശിവാങ്ക. ആകർഷകമായ യുക്രേനിയൻ എംബ്രോയിഡറി ആണ് ഇതിന്റെ സവിശേഷത. ഈ വസ്ത്രങ്ങളിൽ പുഷ്പങ്ങളും മറ്റ് അലങ്കാര രൂപങ്ങളും കൈകൊണ്ടു തുന്നിച്ചേർക്കുകയാണ് ചെയ്യുന്നത്. മനോഹരമായ എംബ്രോയ്ഡറി ചെയ്യുന്ന വൈശിവാങ്ക ഉക്രെയ്നിലെ ജനങ്ങളും അവരുടെ മതവും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ തെളിവാണ്.
2. ലോകത്തിലെ ആഴമേറിയ മേട്രോ സ്റ്റേഷൻ
ലോകത്തിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷൻ ഉള്ളത് യുക്രെയ്നിലാണ്. ഉക്രെയ്നിലെ കീവ് മെട്രോയുടെ ഭാഗമായ ആഴ്സനൽന സ്റ്റേഷൻ 346 അടി താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്. 1960 നവംബർ 6ന് ആണ് ഈ സ്റ്റേഷൻ തുറന്നത്.
3. സൂര്യകാന്തി വിത്തുകൾ
സൂര്യകാന്തി വിത്തുകൾ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം യുക്രെയ്ൻ ആണ്. ഇവിടെ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൂര്യകാന്തി വിത്തുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. മധ്യ യൂറോപ്പിലെ ഒരു രാജ്യമായ സ്ലോവേനിയയുടെ ഭൂരിഭാഗം പ്രദേശങ്ങളും വിശാലമായ സൂര്യകാന്തി കൃഷിയിടങ്ങൾ നിറഞ്ഞതാണ്.
4. യുക്രെയ്നിലെ ഏഴ് അത്ഭുതങ്ങൾ
റഷ്യയെ മാറ്റി നിർത്തിയാൽ വിസ്തൃതി അടിസ്ഥാനമാക്കുമ്പോൾ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമാണ് യുക്രെയ്ൻ. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഏഴ് സ്ഥലങ്ങൾ യുക്രെയ്നിൽ ഉണ്ട്. കീവിലെ സെന്റ്-സോഫിയ കത്തീഡ്രലും ലിവിവിന്റെ ചരിത്ര കേന്ദ്രവും ഇതിൽ ഉൾപ്പെടുന്നു.
5. പ്രണയത്തിന്റെ തുരങ്കം
ഭൂമിയിലെ ഏറ്റവും റൊമാന്റിക് ആയ സ്ഥലങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ടണൽ ഓഫ് ലവ് (പ്രണയത്തിന്റെ തുരങ്കം) യുക്രെയ്നിലാണ്. വടക്ക്-പടിഞ്ഞാറൻ യുക്രെയ്നിലെ ക്ലാവനിൽ സ്ഥിതി ചെയ്യുന്ന ഭാഗികമായി ഉപേക്ഷിക്കപ്പെട്ട ഒരു റെയിൽവേ ലൈനാണ് പ്രണയത്തിന്റെ തുരങ്കം. ഇവിടം പൂർണ്ണമായും പച്ചപ്പ് നിറഞ്ഞ കമാനങ്ങളാൽ മൂടപ്പെട്ടിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.