ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും പശ്ചിമ യൂറോപ്പിലേക്കുമുള്ള യാത്രയ്ക്ക് ഇനി 40 മിനിറ്റ് അധികം വേണം. പശ്ചിമേഷ്യയിൽ ഇറാൻ - യു എസ് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന് മുകളിലുള്ള ആകാശപാത ഒഴിവാക്കാൻ മിക്ക എയർലൈനുകളും തീരുമാനിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് വിമാനയാത്രയ്ക്ക് ദൈർഘ്യം കൂടുന്നത്. ഡൽഹിയിൽ നിന്നും ഡൽഹിയിലേക്കുമുള്ള വിമാനങ്ങൾ 20 മിനിറ്റ് അധികമായി എടുക്കുമ്പോൾ മുംബൈയിൽ നിന്നും മുംബൈയിലേക്കമുള്ള വിമാനങ്ങൾ 40 മിനിറ്റ് അധികമായി എടുക്കും.
എന്നാൽ, യാത്രാസമയം ഉയരുന്നത് സംബന്ധിച്ച് ഇതുവരെ എയർലൈനുകൾ വിശദീകരണം നൽകിയിട്ടില്ല. യാത്രാസമയം അധികമാകുന്നത് അനുസരിച്ച് അധിക ഇന്ധനവും ഉപയോഗിക്കേണ്ടി വരും. ഇത് യാത്രാനിരക്ക് വർദ്ധനവിനും കാരണമായേക്കും. അതേസമയം, എത്രകാലം ഇത് തുടരണമെന്നത് സംബന്ധിച്ച് ധാരണയില്ലെന്നും ദീർഘകാലം തുടരേണ്ടി വന്നാൽ യാത്രക്കാരിലേക്ക് അതിന്‍റെ ചെലവ് ചുമത്താൻ നിർബന്ധിതരാകുമെന്നും ഒരു എയർലൈൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
യൂറോപ്പ്, യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് പറക്കുന്ന ഇന്ത്യൻ വിമാനമായ എയർ ഇന്ത്യ ഇറാനു മുകളിൽ കൂടി പറക്കില്ലെന്ന് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. മറ്റ് വലിയ എയർലൈനുകളായ ലുഫ്താൻസ, സ്വിസ്, എയർ ഫ്രാൻസ്, കെ എൽ എം എന്നിവരും ഇറാനു മുകളിൽ കൂടി പറക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Air india, Air India Airline, Air india express, Newdelhi