ഈജിപ്സ് മുൻ പ്രസിഡന്റ് ഹൊസ്നി മുബാറക് അന്തരിച്ചു. 91 വയസ്സായിരുന്നു. ഈജിപ്തിലെ നാലാമത്തെ പ്രസിഡന്റായ ഹുസ്നി മുബാറക് 1981 മുതൽ 2011 വരെ തൽസ്ഥാനത്തു തുടർന്നു. രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
30 വർഷത്തോളം ഈജിപ്തിനെ നയിച്ച മുബാറക്കിന് ജനകീയ പ്രക്ഷോഭത്തെ തുടർന്നു 2011ൽ പടിയിറങ്ങേണ്ടിവന്നു. പിന്നാലെ 2012ൽ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അഴിമതി മുതൽ കൊലപാതകം വരെയുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു ശിക്ഷ. സ്ഥാനഭ്രഷ്ടനായി രണ്ടു മാസങ്ങൾക്കുശേഷം 2011 ഏപ്രിലിലാണ് മുബാറക് അറസ്റ്റിലായത്. തുടർന്ന് ജയിലിലും ദക്ഷിണ കെയ്റോയിലെ സൈനിക ആശുപത്രിയിലുമാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.
പുനർവിചാരണയ്ക്ക് ഉത്തരവിട്ട അപ്പീൽ കോടതി രണ്ടുവർഷത്തിനു ശേഷം അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. പ്രക്ഷോഭകർ കൊല്ലപ്പെട്ട സംഭവത്തിൽ ഹുസ്നി മുബാറക് നിരപരാധിയാണെന്ന് രാജ്യത്തെ പരമോന്നത കോടതി വിധിച്ചതോടെ 2017ൽ അദ്ദേഹത്തെ വിട്ടയച്ചു.
1928 മേയ് നാലിന് ജനിച്ച മുബാറക് സൈനിക അക്കാദമിയിൽ ചേർന്നു ബിരുദം നേടിയശേഷം വ്യോമസേനാ പൈലറ്റായി. ഇസ്രയേലുമായുള്ള യുദ്ധങ്ങളിൽ നിർണായക നീക്കങ്ങൾക്കു നേതൃത്വംനൽകിയ അദ്ദേഹം 1972ൽ വ്യോമസേനാ കമാൻഡറായി നിയമിക്കപ്പെട്ടു. പ്രസിഡന്റ് അൻവർ സാദത്ത് 1975 ഏപിലിൽ അദ്ദേഹത്തെ വൈസ് പ്രസിഡന്റാക്കി. 1981ൽ സൈനിക പരേഡിനിടെ സാദത്ത് വധിക്കപ്പെട്ടതിനെ തുടർന്നാണ് ഈജിപ്തിൽ മുബാറക് കാലഘട്ടം ആരംഭിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.