ന്യൂയോര്‍ക്ക്: ബ്രസീല്‍ രാഷ്ട്രീയത്തില്‍ സജീവമായി തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് പ്രഖ്യാപിച്ച് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയില്‍ ബോല്‍സനാരോ. ഫ്ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ബ്രസീലില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരുടെ സംഘടനയായ യെസ് ബ്രസീല്‍ യുഎസ്എ സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു ബോല്‍സനാരോ.
ബ്രസീലില്‍ അടുത്തിടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ബോല്‍സനാരോയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇടതുപക്ഷ നേതാവായ ലൂയിസ് ഇന്യാഷിയോ ലുല ഡി സില്‍വയാണ് ബോല്‍സനാരോയെ പരാജയപ്പെടുത്തിയത്. തുടര്‍ന്ന് 2022 ഡിസംബര്‍ 30 ഓടെ ബോല്‍സനാരോ രാജ്യം വിടുകയും ചെയ്തു. അമേരിക്കയിലേക്കാണ് അദ്ദേഹം ഇപ്പോഴുള്ളത്. നിലവില്‍ ആറ് മാസത്തേക്ക് കൂടി വിസ കാലാവധി നീട്ടിക്കിട്ടാന്‍ ശ്രമിക്കുകയാണ് ബോല്സനാരോയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞിരുന്നു.
അതേസമയം തന്റെ പരാജയം അംഗീകരിക്കാന്‍ ബോല്‍സനാരോ തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ അപാകതയുണ്ടെന്ന് അദ്ദേഹം മുമ്പ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ജനുവരി എട്ടിന് ബോല്‍സനാരോയുടെ നൂറ് കണക്കിന് വരുന്ന അനുയായികള്‍ ബ്രസില്‍ പ്രസിഡന്റിന്റെ ഭവനത്തിലേക്ക് പ്രതിഷേധവുമായി ഇരച്ചുകയറിയിരുന്നു. അവിടം കൊള്ളയടിക്കുകയും പാര്‍ലമെന്റും, സുപ്രീം കോടതിയും ആക്രമിക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു.
ഇക്കഴിഞ്ഞ ദിവസവും സമാനമായ സംശയം പ്രകടിപ്പിച്ചാണ് ബോല്‍സനാരോ രംഗത്തെത്തിയത്. ” എന്താണ് ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. അവര്‍ ഞെട്ടിയിരിക്കുകയാണ്. എന്നാല്‍ ഈ പ്രതിസന്ധി നമ്മള് നേരിടും. ഒരുമിച്ച് ഈ പ്രതിസന്ധിയെ നമുക്ക് നേരിടാം. മുമ്പത്തെക്കാള്‍ ജനപ്രിയനായിരിക്കുകയാണ് ഞാനിപ്പോള്‍,” ബോല്‍സനാരോ പറഞ്ഞു.
എന്നാല്‍ ജനുവരി എട്ടിന് നടന്ന അക്രമസംഭവത്തില്‍ ബോല്‍സനാരോ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ബ്രസീല്‍ സര്‍ക്കാര്‍ ബോല്സാനാരോയ്ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജനുവരി എട്ടിനാണ് ബ്രസീലില്‍ പാര്‍ലമെന്റും സുപ്രീംകോടതിയും ജെയിര്‍ ബൊല്‍സൊനാരോയുടെ അനുകൂലികള്‍ ആക്രമിച്ചത്. പ്രസിഡന്റ് ലുല ഡസില്‍വയുടെ വസതിയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. അക്രമികളെ നിയന്ത്രിക്കുന്നതിനായി സൈന്യം രംഗത്തിറങ്ങി.
Also read- പേടിക്കണ്ട; ഓസ്ട്രേലിയയിൽ ട്രക്കിൽനിന്ന് കളഞ്ഞുപോയ ആണവ ക്യാപ്സ്യൂൾ കണ്ടെത്തി
തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നെന്നും അത് പുനപ്പരിശോധിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യമെന്നാണ് റിപ്പോര്‍ട്ട്. ബ്രസീലില്‍ ലുലു ഡിസില്‍വ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷമായിരുന്നു അട്ടിമറി നീക്കം. ജനാധിപത്യത്തിന് നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു.
ബ്രസില്‍ ദേശീയപതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ബോള്‍സനാരോ അനുകൂലികളാണ് തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോപോളയിലും അടക്കം കലാപം സൃഷ്ടിച്ചത്.
കലാപകാരികള്‍ കൈയ്യടക്കിയ തന്ത്രപ്രധാന മേഖലകളുടെയെല്ലാം നിയന്ത്രണം സുരക്ഷാസേന തിരിച്ചു പിടിച്ചിരുന്നു. പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന മേഖലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. 200ലധികം വരുന്ന അക്രമികളെ പൊലീസ് പിടികൂടി. ഇവിടേയ്ക്ക് ഇവരെ എത്തിച്ച 40 ബസുകളും പൊലീസ് പിടിച്ചെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.