• HOME
  • »
  • NEWS
  • »
  • world
  • »
  • Plane Collision | ആകാശത്ത് വച്ച് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ചു; നാല് മരണം

Plane Collision | ആകാശത്ത് വച്ച് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ചു; നാല് മരണം

ഒറ്റ എഞ്ചിനുള്ള പൈപ്പര്‍ പിഎ-46 എന്ന വിമാനം പ്രാദേശിക സമയം ഉച്ചയോടെ യുഎസ് സംസ്ഥാനമായ നെവാഡയിലെ നോര്‍ത്ത് ലാസ് വെഗാസ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്

  • Share this:
    അമേരിക്കയിൽ ആകാശത്ത് വച്ച് രണ്ട് ചെറുവിമാനങ്ങള്‍ ( planes) കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചതായി റിപ്പോർട്ട്. ലാസ് വെഗാസിലെ വിമാനത്താവളത്തിന് മുകളിൽഞായറാഴ്ചയാണ് (Sunday) അപകടം നടന്നത്.

    ഒറ്റ എഞ്ചിനുള്ള പൈപ്പര്‍ പിഎ-46 എന്ന വിമാനം പ്രാദേശിക സമയം ഉച്ചയോടെ യുഎസ് സംസ്ഥാനമായ നെവാഡയിലെ നോര്‍ത്ത് ലാസ് വെഗാസ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പൈപ്പര്‍ പിഎ-46 ഒറ്റ എഞ്ചിനുള്ള മറ്റൊരു ചെറുവിമാനമായ സെസ്ന 172 യുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എഎഫ്പിയോട് പറഞ്ഞു.

    'റണ്‍വേ 30-ന്റെ വലത് വശത്തുള്ള തുറസ്സായ സ്ഥലത്ത് പൈപ്പര്‍ തകര്‍ന്ന് വീഴുകയായിരുന്നു. സെസ്‌ന ഒരു കുളത്തിലേക്കും തകര്‍ന്ന് വീണതായി ഏജന്‍സി പറഞ്ഞു. ഇരു വിമാനങ്ങളിലും രണ്ട് പേര്‍ വീതമാണ് ഉണ്ടായിരുന്നത്.

    അപകടത്തില്‍ നാല് പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് എഫ്എഎ അറിയിച്ചു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

    ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണ് വലിയ അപകടമുണ്ടായത് വലിയ വാര്‍ത്തയായിരുന്നു. ചൈന ഈസ്റ്റേണ്‍ യാത്രാവിമാനമാണ് തകര്‍ന്നു വീണതെന്നാണ് ചൈനീസ് മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്തത്. കുന്മിങില്‍ നിന്ന് ഗുവാങ്സുവിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

    വുഷൗ നഗരത്തിനു സമീപത്തുള്ള ഗ്രാമ പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം തകര്‍ന്നുവീണത് ഗുവാങ്സിയിലെ പര്‍വതത്തില്‍ തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുന്മിങ് ചാങ്ഷൂയ് വിമാനത്താവളത്തില്‍ നിന്ന് ചൈനീസ് സമയം ഉച്ചയ്ക്ക് 1.15 ഓടെ പുറപ്പെട്ടതാണ് വിമാനം. ഗുവാങ്സുവില്‍ 3.07ന് എത്തേണ്ടതായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. 2010ലാണ് ഇതിനുമുന്‍പ് ചൈനയില്‍ വിമാനം തകര്‍ന്ന് വലിയ ദുരന്തമുണ്ടായത്. 96 യാത്രക്കാരുണ്ടായ വിമാനത്തിലെ 44 പേരും അന്ന് കൊല്ലപ്പെട്ടിരുന്നു.

    2020-ല്‍ കരിപ്പൂരില്‍ ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചിരുന്നു. പൈലറ്റ് ഉള്‍പ്പെടെ 14 പേരാണ് മരിച്ചത്. വിമാനം മതിലില്‍ ഇടിച്ച് രണ്ടായി പിളര്‍ന്ന് പോകുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗത്ത് ഉണ്ടായിരുന്നവരെയാണ് അപകടം ഗുരുതരമായി ബാധിച്ചത്.

    പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന് തീ പിടിച്ച സംഭവവും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. സ്പൈസ് ജെറ്റിന്റെ പാറ്റ്ന-ദില്ലി വിമാനത്തിനാണ് തീപിടിച്ചത്. വിമാനം അടിയന്തരമായി പാറ്റ്ന വിമാനത്താവളത്തില്‍ ഇറക്കുകയും യാത്രക്കാരെ സുരക്ഷിതമായി മാറ്റുകയും ചെയ്തിരുന്നു.
    Published by:Amal Surendran
    First published: