ലാഹോർ: സ്കൂളിലെ മയക്കുമരുന്ന് ഉപയോഗം മൊബൈൽ ഫോണിൽ പകർത്തിയ സഹവിദ്യാർത്ഥിനിയെ അതിക്രൂരമായി മർദിച്ച നാലു വിദ്യാർത്ഥിനികൾക്കെതിരെ കേസെടുത്തു. പാക് പഞ്ചാബ് പ്രവിശ്യയിലെ ഏറ്റവും ഉന്നതമായ സ്വകാര്യ സ്കൂളിലാണ് സംഭവം. ലാഹോറിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ ഈ മാസം 16നായിരുന്നു സംഭവം.
സഹവിദ്യാര്‍ത്ഥിനികൾ പെൺകുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പെൺകുട്ടിയുടെ തലമുടിയിൽ കുത്തിപ്പിടിച്ച് സ്കൂൾ ഗ്രൗണ്ടിൽ ഇട്ട് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നതും അസഭ്യവാക്കുകൾ ഉപയോഗിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് ഇമ്രാൻ യൂനിസാണ് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മർദനത്തിന് ഇരയായ പെൺകുട്ടി സഹവിദ്യാർത്ഥിനികൾ കാംപസിനുള്ളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വീഡിയോ പകർത്തിയതാണ് പ്രകോപനമെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു.
Also Read- പാകിസ്ഥാനില്‍ ഒരു കിലോ ഗോതമ്പിന് 160 രൂപ; തീവിലയ്ക്ക് കാരണമെന്ത്?
പ്രതികളിൽ ഒരു പെൺകുട്ടി ബോക്സറാണ്. ഈ കുട്ടി ഇരയുടെ മുഖത്ത് ഇടിക്കുന്നതും മറ്റൊരാൾ മുഖത്ത് ചവിട്ടി പരിക്കേൽപ്പിക്കുന്നതും വീഡിയോയിലുണ്ട്. വേറൊരു പെൺകുട്ടി കഴുത്ത് ഞെരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ലാഹോർ ക്യാപിറ്റൽ സിറ്റി പൊലീസും പഞ്ചാബ് പൊലീസും പ്രതികരിച്ചു.
ഇതിനിടെ, ലാഹോറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്.
“കഴിഞ്ഞ വർഷം ലാഹോർ പൊലീസ് നഗരത്തിൽ 9,000 മയക്കുമരുന്ന് വ്യാപാരികളെയും മയക്കുമരുന്ന് കടത്തുകാരെയും അറസ്റ്റ് ചെയ്തു. അതുപോലെ, 4,590 കിലോ ഹാഷിഷും 60 കിലോ ഹെറോയിനും 20 കിലോ ഐസും പ്രതികളില്‍ നിന്ന് കണ്ടെടുത്തു”- ഡ്രഗ്സ് കൺട്രോൾ പ്രോഗ്രാമിലെ ഉപദേഷ്ടാവ് സുൽഫിഖർ ഷാ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.