• HOME
 • »
 • NEWS
 • »
 • world
 • »
 • Tucker Carlson | അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസൻ്റെ ഇന്ത്യാ വിരുദ്ധ പരാമർശത്തിനു പിന്നിലെ സത്യാവസ്ഥ

Tucker Carlson | അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസൻ്റെ ഇന്ത്യാ വിരുദ്ധ പരാമർശത്തിനു പിന്നിലെ സത്യാവസ്ഥ

ഇന്ത്യയുടെ വികസനത്തിന് ബ്രിട്ടൻ സഹായിച്ചിട്ടുണ്ടെന്നായിരുന്നു അന്തരിച്ച എലിസബത്ത് രാജ്ഞിയെ പുകഴ്ത്തിക്കൊണ്ട് കാൾസൺ അഭിപ്രായപ്പെട്ടത്

 • Last Updated :
 • Share this:
  അമേരിക്കയിലെ പ്രമുഖ മാധ്യമമായ ഫോക്സ് ന്യൂസിലെ പ്രശസ്ത മാധ്യമപ്രവർത്തകൻ ടക്കർ കാൾസൺ കഴിഞ്ഞ ദിവസം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ പുകഴ്ത്തി സംസാരിച്ചത് വിവാദമായിരുന്നു. ഇന്ത്യയുടെ വികസനത്തിന് ബ്രിട്ടൻ സഹായിച്ചിട്ടുണ്ടെന്നായിരുന്നു അന്തരിച്ച എലിസബത്ത് രാജ്ഞിയെ പുകഴ്ത്തിക്കൊണ്ട് കാൾസൺ അഭിപ്രായപ്പെട്ടത്. ഈ പരാമർശം വംശീയത നിറഞ്ഞതും വസ്തുതകൾക്ക് നിരക്കാത്തതും ആണെന്നാണ് വിമർശനമുയർന്നത്.

  ഇതിൻ്റെ സത്യാവസ്ഥ എന്തെന്നും കാൾസൺ പറഞ്ഞതിലെ തെറ്റ് എന്താണെന്നും പരിശോധിക്കാം

  അവകാശവാദം

  “ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ അവർ ഒരു സംസ്കാരവും ഭാഷയും നിയമ സംവിധാനവും സ്കൂളുകളും പള്ളികളും പൊതു കെട്ടിടങ്ങളുമെല്ലാം അവശേഷിപ്പിച്ചാണ് പോയത്, ഇവയെല്ലാം ഇന്നും ഉപയോഗത്തിലുണ്ട്. ഉദാഹരണത്തിന്, ഇംഗ്ലീഷുകാർ ബോംബെയിൽ നിർമ്മിച്ച ഒരു ട്രെയിൻ സ്റ്റേഷൻ ഇതാ, സ്വാതന്ത്ര്യം നേടി 75 വർഷം കഴിഞ്ഞിട്ടും ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾ നിർമ്മിച്ച ബോംബെ ട്രെയിൻ സ്റ്റേഷൻ പോലെ മനോഹരമായ ഒരു കെട്ടിടമെങ്കിലും ആ രാജ്യം നിർമ്മിച്ചിട്ടുണ്ടോ? ഇല്ല, വിഷമകരം എന്നു പറയട്ടെ ഇല്ല. ഒന്നുപോലും ഇല്ല.”

  സത്യം

  ഇന്ത്യ എന്നും കിടയറ്റ നിർമ്മിതികളുടെ നാടായിരുന്നു. ബ്രിട്ടീഷുകാർ വരുന്നതിന് മുൻപ് നിർമ്മിക്കപ്പെട്ട താജ് മഹൽ ആയാലും 1956-ൽ പൂർത്തിയാക്കിയ, നിയോ ദ്രവീഡിയൻ നിർമ്മിതിയിലെ അത്ഭുതമായ കർണ്ണാടക വിധാൻ സൗധായാലും ഇതിന് ഉദാഹരണമാണ്.

  മുംബൈയിലെ വിക്ടോറിയ ടെർമിനസിൻ്റെ പേര് 2016-ൽ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് എന്നാക്കി മാറ്റിയെന്ന് തൻ്റെ പരിപാടിയിൽ കാൾസൺ പറയുന്നുണ്ട്.

  തദ്ദേശീയമായ സമ്പത്ത് ഫലപ്രദമായി ബ്രിട്ടനിലേക്ക് കൈമാറുന്നതിന് സഹായിക്കാൻ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കും വേണ്ടിയാണ് ഇംഗ്ലീഷുകാർ ഇന്ത്യയിൽ അടിസ്ഥാനസൗകര്യങ്ങൾ നിർമ്മിച്ചതെന്ന് നിരവധി ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. തങ്ങളുടെ കച്ചവട സംവിധാനത്തിലൂടെ 1765-നും 1938-നും ഇടയിൽ ബ്രിട്ടൻ ഏകദേശം 45 ലക്ഷം കോടി ഡോളർ ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയതായി സാമ്പത്തിക വിദഗ്ദ്ധയായ ഉത്സ പട്നായിക് നടത്തിയ പഠനത്തിൽ പറയുന്നു.

  1757 ജൂണിൽ നടന്ന പ്ലാസി യുദ്ധത്തിൽ ബംഗാളിലെ നവാബായിരുന്ന സിറാജ് ഊദ് ദൗളയെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയ ശേഷം നടന്ന കൊള്ള ഭീകരമായിരുന്നു എന്ന് അമേരിക്കൻ ചരിത്രകാരനായ ബ്രൂക്ക് ആഡംസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ബ്രിട്ടൻ്റെ വ്യവസായ വിപ്ലവത്തിന് ഊർജ്ജം പകർന്നത് ഈ കൊള്ളമുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

  അവകാശവാദം

  “ഇന്നത്തെ കാലത്ത് ഉൾപ്പെടെ, എക്കാലത്തും ഏത് നാട്ടിലും ഉണ്ടാക്കിയ ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിച്ചത് ബ്രിട്ടീഷ് സാമ്രാജ്യമാണ്.”

  സത്യം

  വ്യവസ്ഥാപിതമായ ഡൈ സാങ്കേതികവിദ്യ, മെക്കാനിക്കൽ ഉപകരണങ്ങൾ, വിശാലമായ തൊഴിൽവിഭജനം എന്നിവ സഹിതമുള്ള മേന്മയേറിയ പരുത്തി നിർമ്മാണ വ്യവസായം 17-ാം നൂറ്റാണ്ടിൻ്റെ ആദ്യകാലം മുതൽ ഇന്ത്യയ്ക്കുണ്ടായിരുന്നു. ഇന്ത്യയെ കോളനിവത്കരിക്കുന്നതിന് മുമ്പ്, ഇംഗ്ലീഷുകാർ ഇന്ത്യൻ കച്ചവടക്കാരിൽ നിന്നും തുണിത്തരങ്ങളും അരിയും വാങ്ങുകയും അവർക്ക് വെള്ളിയിൽ പ്രതിഫലം നൽകുകയും ചെയ്തിരുന്നു.

  എന്നാൽ, ഇന്ത്യൻ പരുത്തി ബ്രിട്ടനിലെ എല്ലാ വിഭാഗം സ്ത്രീകൾക്കും പ്രിയപ്പെട്ടതായി മാറിയപ്പോൾ ഇംഗ്ലീഷ് പട്ടും കമ്പിളിയും നിർമ്മിക്കുന്നവർ ഇത് തങ്ങളുടെ വ്യവസായത്തിന് ഭീഷണിയാകുമെന്ന് കരുതുകയും ഇതിനെതിരെ സമരം നടത്തുകയും ചെയ്തു. ഇതിൻ്റെ ഫലമായി 1725-ൽ ബ്രിട്ടീഷുകാർ ഇന്ത്യൻ തുണിത്തരങ്ങൾ നിരോധിച്ചു. ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം 1765-ൽ ബ്രിട്ടീഷുകാർ ഇന്ത്യൻ വ്യാപാരത്തിനു മേൽ തങ്ങളുടെ കുത്തകാവകാശം സ്ഥാപിച്ചു.

  അവകാശവാദം

  “ബ്രിട്ടീഷ് സാമ്രാജ്യം എന്നാൽ വംശഹത്യ മാത്രമായിരുന്നില്ല. സത്യത്തിൽ, ഡച്ചുകാർക്കെതിരായ ബൂവർ യുദ്ധത്തിനിടയിലല്ലാതെ, ഒരു പക്ഷേ, ബ്രിട്ടീഷുകാർ വംശഹത്യ നടത്തിയിട്ടേ ഇല്ല.”

  സത്യം

  വിൻസ്റ്റൻ ചർച്ചിൽ പ്രധാനമന്ത്രി ആയിരിക്കുമ്പോൾ ബ്രിട്ടൻ കൈക്കൊണ്ട നയങ്ങളാണ് 1943-ലെ ബംഗാൾ ക്ഷാമത്തിൻ്റെ പ്രധാന കാരണം. പഠനങ്ങൾ വ്യക്തമാക്കുന്നത് ഈ ക്ഷാമത്തിൽ മുപ്പത് ലക്ഷത്തോളം ആളുകൾ മരിച്ചിട്ടുണ്ട് എന്നാണ്.

  മൺസൂണിൻ്റെ പരാജയമല്ല, മറിച്ച് നയങ്ങളുടെ പരാജയമാണ് ഈ ക്ഷാമത്തിന് കാരണമായതെന്ന് ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസറും മുഖ്യ ഗേവഷകനുമായ വിമൽ മിശ്ര അഭിപ്രായപ്പെട്ടതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

  ജനറൽ ഡയറിൻ്റെ നേതൃത്വത്തിൽ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയുമെല്ലാം കൂട്ടക്കൊല ചെയ്ത സംഭവമാണ് 1919-ലെ ജാലിയൻവാലാ ബാഗ് കൂട്ടക്കൊല. ഇതിനും കാരണം ബ്രിട്ടീഷ് ഭരണമാണ്.

  കാൾസൻ്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനത്തിന് വിധേയമായിട്ടുണ്ട്. നിരവധി പേരാണ് കാൾസൻ്റെ പ്രസ്താവനയ്ക്ക് എതിരെ രംഗത്തു വന്നിട്ടുള്ളത്.

  ശശി തരൂർ എംപി പ്രസ്താവനയ്ക്ക് എതിരെ ട്വിറ്ററിലൂടെ രംഗത്തെത്തി. “ക്ഷമ നശിച്ച അവസ്ഥയിൽ പ്രതികരിക്കുന്നതിനായുള്ള എന്തെങ്കിലും ഓപ്ഷൻ കൂടി ട്വിറ്ററിൽ വേണമെന്ന് തോന്നുന്നു,” തരൂർ ട്വിറ്ററിൽ കുറിച്ചു.
  Published by:Anuraj GR
  First published: