ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രേറ്റർ സഹാറാ മേഖലയുടെ തലവൻ അദ്നാൻ അബു വലീദ് അൽ സഹ്റാവി കൊല്ലപ്പെട്ടുവെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൾ മാക്രോൺ അറിയിച്ചു. സാഹിലിൽ കഴിഞ്ഞ എട്ട് വർഷമായി തീവ്രവാദികൾക്കെതിരെ പോരാട്ടം നടത്തുന്ന ഫ്രഞ്ച് സൈന്യത്തിന് ഇത് വൻ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, അൽ സഹ്റാവിയെ സൈന്യം കൊലപ്പെടുത്തി എന്ന് ട്വിറ്ററിയിൽ അറിയിച്ച പ്രസിഡണ്ട് സംഭവത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. എവിടെ വെച്ചാണ് ഐ എസ് തലവന്റെ മരണമെന്ന് ഇതുവരെ സ്ഥിതീകരിക്കാനായിട്ടില്ല. മാലി, നൈജർ അതിർത്തി പ്രദേശങ്ങളിലാണ് ഈ തീവ്രവാദ സംഘടനക്ക് കൂടുതൽ സ്വാധീനമുള്ളത്.
“സെർവൽ, ബാർഖെയ്ൻ ഓപറേഷനുകളുടെ ഭാഗമായി സാഹിലിൽ ജീവൻ നഷ്ടപ്പെട്ട മുഴുവൻ ഹീറോകളെയും, അവരുടെ കുടുംബങ്ങളെയും പരിക്ക് പറ്റിയവരെയും കുറിച്ച് രാജ്യം ഇന്ന് ഓർക്കുന്നു,” മാക്രോൺ ട്വിറ്ററിൽ എഴുതി. “അവരുടെ ത്യാഗങ്ങൾ വെറുതെയായില്ല.”
അധികൃതർ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ലെങ്കിലും തീവ്രവാദി നേതാവിന്റെ മരണത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ കുറച്ച് ദിവസമായി മാലിയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ സ്വതന്ത്രമായി മരണ വാർത്ത സ്ഥിതീകരിക്കാനോ മൃതശരീരം തിരിച്ചറിയാൻ സാധിച്ചെന്നോ കണ്ടെത്തുക ഏറെ ശ്രമകരമാണ്.
അൽ സഹ്റാവിയുടെ മരണം തീവ്രവാദ ഗ്രൂപ്പിന് വളരെ നിർണായകമായ തിരിച്ചടിയാണെന്നും തങ്ങളുടെ പോരാട്ടം ഇനിയും തുടരുമെന്നും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്രോളൻസ് പാർലി അറിയിച്ചു.
2017 ൽ മാലിയിൽ നാല് അമേരിക്കൻ സൈനികരെയും നാല് നൈജർ സേന അംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം അൽ സഹ്റാവി ഏറ്റെടുത്തിരുന്നു. കൂടാതെ, സാഹിൽ പ്രദേശത്ത് നിന്ന് നിരവധി വിദേശികളെ ഇവർ തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. 2016 ൽ നൈജറിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയ ജെഫ്രി വൂഡ്കെ ഇപ്പോഴും ഐഎസ് കസ്റ്റഡിയിലുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
പടിഞ്ഞാറൻ സഹാറയിലെ ഒരു തർക്ക പ്രദേശത്താണ് ഈ തീവ്രവാദി നേതാവിന്റെ ജനനം. പിൻക്കാലത്ത് അദ്ദേഹം പോലിസാരിയോ ഫ്രണ്ടിന്റെ ഭാഗമായി. അൾജീരിയയിൽ കുറച്ച് കാലം കഴിഞ്ഞ ശേഷം അദ്ദേഹം വടക്കൻ മാലിയിലേക്ക് മാറുകയും മുജാവോ (MUJAO) എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘടനയുടെ പ്രധാന ഭാഗമായി മാറുകയും ചെയ്തു. 2012 ൽ ഗാവോ എന്ന വടക്കൻ നഗരം ഇവരുടെ അധീനതയിൽ വരുത്തിയിരുന്നു. എന്നാൽ, ഫാൻസിന്റെ നേതൃത്വത്തിലുള്ള സൈനിക ഓപറേഷൻ വഴി നഗരം ഇസ്ലാമിക ഭീകരവാദികളുടെ നിയന്ത്രത്തിൽ നിന്ന് പിടിച്ചെടുത്തെങ്കിലും അവർ നിരന്തരം അക്രമ പ്രവർത്തനങ്ങൾ നടത്താറുണ്ട്.
മുജാവോ തുടക്കത്തിൽ അൽ ഖ്വായ്ദയുമായിട്ടായിരുന്നു ബന്ധം പുലർത്തിയിരുന്നതെങ്കിലും 2015 ൽ അൽ സഹ്റാവി ഒരു ഓഡിയോ സന്ദേശത്തിൽ തങ്ങൾ ഐസിസ് ഇറാഖ്, സിറിയയുമായി സഖ്യമുണ്ടാക്കി എന്നറിയിച്ചിരുന്നു.
2013 മുതൽ ഫ്രഞ്ച് സൈന്യം മാലിയിൽ ഐഎസിനെതിരെ പോരാട്ടം നടത്തുന്നുണ്ട്. എന്നാൽ അടുത്ത വർഷം മുതൽ രാജ്യത്തെ സൈനികരുടെ വിന്യാസം കുറക്കുമെന്നും ഫ്രാൻസ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.