• HOME
 • »
 • NEWS
 • »
 • world
 • »
 • Burkini | മുസ്ലീം സ്ത്രീകൾക്ക് ഇനി ബുർക്കിനി ധരിച്ച് നീന്താം; നിരോധനം നീക്കി ഫ്രഞ്ച് നഗരമായ ഗ്രെനോബിൾ

Burkini | മുസ്ലീം സ്ത്രീകൾക്ക് ഇനി ബുർക്കിനി ധരിച്ച് നീന്താം; നിരോധനം നീക്കി ഫ്രഞ്ച് നഗരമായ ഗ്രെനോബിൾ

ഗ്രെനോബിൾ ബുർക്കിനി നിരോധനം നീക്കിയതോടെ ഫ്രാൻസിലെ മതപരമായ വസ്ത്രധാരണം സംബന്ധിച്ചുള്ള വിവാദപരമായ ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

 • Share this:
  ഫ്രഞ്ച് നഗരമായ ഗ്രെനോബിളിൽ (Grenoble) സർക്കാരിന് കീഴിലുള്ള നീന്തൽക്കുളങ്ങളിൽ മുസ്ലീം സ്ത്രീകൾക്ക് "ബുർക്കിനി" (burkini) ധരിക്കുന്നതിന് അനുമതി നൽകി. ഗ്രെനോബിൾ ബുർക്കിനി നിരോധനം നീക്കിയതോടെ ഫ്രാൻസിലെ മതപരമായ വസ്ത്രധാരണം സംബന്ധിച്ചുള്ള വിവാദപരമായ ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

  ചില മുസ്ലീം സ്ത്രീകൾ നീന്തുമ്പോൾ ശരീരവും മുടിയും മറയ്ക്കാനായി ഉപയോഗിക്കുന്ന ഓൾ-ഇൻ-വൺ നീന്തൽ വസ്ത്രമാണ് ബുർക്കിനി. സമീപകാലങ്ങളിലെ അവധിക്കാലത്താണ് ബുർക്കിനി ഒരു വിവാദ വിഷയമായി മാറിയത്. ഇസ്ലാമികതയുടെ പ്രതീകമായും ഫ്രാൻസിന്റെ മതേതര പാരമ്പര്യങ്ങളോടുള്ള അവഹേളനമായും കണ്ട് ബുർക്കിനി പൂർണ്ണമായും നിരോധിക്കണം എന്നാണ് രാജ്യത്തെ പല വലതുപക്ഷക്കാരും ഫെമിനിസ്റ്റുകളും ആവശ്യപ്പെടുന്നത്. സർക്കാർ നടത്തുന്ന മിക്ക നീന്തൽ കുളങ്ങളിലും ഇത് നിരോധിച്ചിട്ടുണ്ട്. മതപരമായ കാരണങ്ങളല്ല ഇതിന് പിന്നിലെന്നാണ് വാദം.

  പുതിയ നിയമം അനുസരിച്ച് ബുർക്കിനി ധരിക്കാൻ അനുവദിക്കുക മാത്രമല്ല, പുരുഷന്മാർക്ക് നീളമുള്ള ഷോർട്ട്‌സ് ധരിക്കാനും സ്ത്രീകൾക്ക് ആൽപൈൻ നഗരത്തിലെ നീന്തൽ കുളങ്ങളിൽ ടോപ്‌ലെസ് ആയി കുളിക്കാനും കഴിയും. സിറ്റി കൗൺസിലിലെ ഇടതുപക്ഷ സഖ്യത്തിന് നേതൃത്വം നൽകുന്ന ഗ്രെനോബിളിന്റെ മേയർ എറിക് പിയോൾ ആണ് ഈ നീക്കത്തിന് നേതൃത്വം നൽകിയത്. എന്നാൽ ഇതിൽ ശക്തമായ എതിർപ്പാണ് അദ്ദേഹത്തിന് നേരിടേണ്ടി വരുന്നത്. ഈ നടപടിയ്ക്ക് സ്വന്തം പാർട്ടിയുടെ പിന്തുണ പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നിരുന്നാലും തീരുമാനം അംഗീകരിക്കുന്നതിന് സിറ്റി കൗൺസിൽ യോഗത്തിൽ മതിയായ വോട്ടുകൾ ശേഖരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രണ്ടര മണിക്കൂർ നീണ്ട വാഗ്വാദത്തിനൊടുവിൽ 29 വോട്ടുകൾ അനുകൂലമായി ലഭിച്ചു. അതേസമയം 27 പേർ തീരുമാനത്തെ എതിർത്ത് വോട്ട് ചെയ്തു. 2 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

  “ഞങ്ങൾ ആഗ്രഹിക്കുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും അവർക്കിഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാൻ കഴിയണം എന്നാണ്,” പിയോൾ പറഞ്ഞു. ഈ തീരുമാനത്തിന്റെ പേരിൽ എതിരാളികളിൽ നിന്നും ശക്തമായ വിമർശനമാണ് പിയോളിന് ഏറ്റുവാങ്ങേണ്ടി വരുന്നത്. പ്രദേശിക തലത്തിൽ ഉയർന്നു വന്നിരിക്കുന്ന ഈ തർക്കങ്ങളിലൂടെ ബുർക്കിനി വീണ്ടും ദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. അടുത്ത മാസം നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഫ്രഞ്ച് ടോക്ക് ഷോകളും രാഷ്ട്രീയ സംവാദങ്ങളും ബുർക്കിനി വിവാദം ഏറ്റെടുത്ത് തുടങ്ങിയിട്ടുണ്ട്. ഇസ്‌ലാം സ്വാധീനത്തെക്കുറിച്ചുള്ള ഭയം, രാജ്യത്തിന്റെ മതനിരപേക്ഷതയ്‌ക്കെതിരായ ഭീഷണികൾ എന്നിവ ഉൾപ്പെടെയുള്ള ഫ്രാൻസിലെ അതിവൈകാരികമായ വിഷയങ്ങളെ സ്പർശിക്കുന്നതാണ് ബുർക്കിനിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ.

  2016 ലെ വേനൽക്കാലത്ത് മെഡിറ്ററേനിയൻ ബീച്ചുകളിൽ ബുർക്കിനി നിരോധിക്കാൻ ഫ്രാൻസിലെ തെക്കൻ ന​ഗരങ്ങളിലെ ചില മേയർമാർ നടത്തിയ ശ്രമങ്ങളാണ് ഈ വിവാദത്തിന് തുടക്കമിടുന്നത്. ഫ്രാൻസിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ബുർക്കിനി നിരോധനം കൊണ്ടു വന്നത്. എന്നാൽ ഈ നിയമങ്ങൾ ഒടുവിൽ വിവേചനപരമെന്ന നിലയിൽ ഇല്ലാതാക്കി.

  മത്സരങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നതിനുള്ള വിലക്ക് മറികടക്കാൻ ഫ്രഞ്ച് മുസ്ലീം വനിതാ ഫുട്ബോൾ താരങ്ങൾ പോരാടുന്നതിനിടെയാണ് ബുർക്കിനിയെക്കുറിച്ചുള്ള ചർച്ച വീണ്ടും ഉയർന്ന് വന്നിരിക്കുന്നത്. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ നിലവിൽ മുസ്ലീം ഹിജാബ് പോലുള്ളവ ധരിച്ച് കളിക്കുന്നതിൽ നിന്ന് കളിക്കാരെ വിലക്കിയിരിക്കുകയാണ്.
  Published by:Jayashankar Av
  First published: