തിരകളിൽ ലഹരി ഒഴുകിയൊഴുകി വന്നു; അമ്പരന്ന അധികൃതർ തീരമടച്ചു

ഒക്ടോബർ പകുതി മുതലാണ് ആയിരത്തിലധികം കിലോഗ്രാം വരുന്ന കൊക്കെയ്ൻ പാക്കറ്റുകൾ കടലിൽ ഒഴുകിനടക്കുന്നതായി കണ്ടെത്തിയത്...

News18 Malayalam | news18-malayalam
Updated: November 13, 2019, 3:11 PM IST
തിരകളിൽ ലഹരി ഒഴുകിയൊഴുകി വന്നു; അമ്പരന്ന അധികൃതർ തീരമടച്ചു
beaches_AP
  • Share this:
റെന്നസ്: ഫ്രഞ്ച് തീരത്ത് ആയിര കണക്കിന് കിലോ വരുന്ന കൊക്കെയ്ൻ പൊതികൾ ഒഴുകിനടക്കുന്നതിനെ തുടർന്ന് പൊലീസ് ഇടപെട്ട് ഇവിടങ്ങളിലെ ബീച്ചുകൾ പൂട്ടി. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബീച്ചുകളാണ് അധികൃതർ അടച്ചത്. ഒക്ടോബർ പകുതി മുതലാണ് ആയിരത്തിലധികം കിലോഗ്രാം വരുന്ന കൊക്കെയ്ൻ പാക്കറ്റുകൾ കടലിൽ കണ്ടെത്തിയതെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.

ഇപ്പോൾ വടക്കൻ തീരങ്ങളിലും ഇത്തരം പൊതികൾ കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടാനിയുടെ പടിഞ്ഞാറെ അറ്റത്തുള്ള കാമറെറ്റ്-സർ-മെറിൽ ചൊവ്വാഴ്ചയോടെ അഞ്ച് കിലോയോളം വരുന്ന പൊതി ഒഴുകി നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് തെരച്ചിൽ തുടരുകയാണെന്ന് റെന്നസിലെ പബ്ലിക് പ്രോസിക്യൂട്ടർ ഫിലിപ്പ് ആസ്ട്രുക്ക് പറഞ്ഞു.

വേലിയേറ്റ സമയത്താണ് കൊക്കെയ്ൻ പാക്കറ്റുകൾ തീരത്തേക്ക് വന്നത്. ഓരോ ദിവസവും ആയിരം കിലോയോളം തീരത്ത് എത്തുന്നതായും ഫിലിപ്പ് ആസ്ട്രുക്ക് പറഞ്ഞു. കൊക്കെയ്ൻ പാക്കറ്റുകൾ പിടിച്ചെടുക്കാനായി പൊലീസും കസ്റ്റംസും ചേർന്ന് പരിശോധനയും നടത്തുന്നുണ്ട്. ബിയാരിറ്റ്സ് പട്ടണത്തിൽ ഉൾപ്പടെ നൂറു കിലോമീറ്ററോളം തീരപ്രദേശത്താണ് കൊക്കെയ്ൻ പാക്കറ്റുകൾ കരയ്ക്കടിഞ്ഞുകൊണ്ടിരിക്കുന്നത്. നൂറോളം ഉദ്യോഗസ്ഥരാണ് കൊക്കെയ്ൻ പിടിച്ചെടുക്കുന്നതിനും എന്തുകൊണ്ടാണ് തീരത്തേക്ക് പാക്കറ്റുകളായി വരുന്നതെന്നുമുള്ള അന്വേഷണത്തിലും പങ്കെടുക്കുന്നത്. യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്‍റ് ഏജൻസിയും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.

ഒരുകാരണവശാലും കടലിൽ കാണുന്ന പാക്കറ്റുകൾ എടുക്കരുതെന്ന് ജനങ്ങളോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് നിർദേശം പാലിക്കാതെ നാട്ടുകാരിൽ ചിലർ കടലിലേക്ക് ഇറങ്ങി കൊക്കെയ്ൻ പാക്കറ്റുകൾ ശേഖരിച്ചതായും റിപ്പോർട്ടുണ്ട്. ഇതേത്തുടർന്ന് ഈ മേഖലയിൽ രാത്രികാല പൊലീസ് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ദശലക്ഷകണക്കിന് യൂറോ മൂല്യമുള്ള കൊക്കെയ്നാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.

“ആളുകൾ കടലിൽ ഇറങ്ങി കൊക്കെയ്ൻ ശേഖരിച്ച് ഉപയോഗിക്കുമെന്ന് ആശങ്കയുണ്ട് - ഇത് വളരെയേറെ അപകടകരമാണ് - മാത്രമല്ല കള്ളക്കടത്തുകാരും സജീവമായി രംഗത്തുണ്ട്," ആസ്ട്രുക് പറഞ്ഞു.

തെക്കുപടിഞ്ഞാറൻ നഗരമായ ബാർഡോയ്ക്ക് സമീപം അടച്ച സർഫിംഗ് ബീച്ചായ ലകാനൌവിൽ തിങ്കളാഴ്ച ഒരു 17 കാരനെ അഞ്ച് കിലോ കൊക്കെയ്നുമായി പിടികൂടിയിരുന്നു.

പ്രദേശത്തെ അര ഡസൻ ബീച്ചുകളും അടച്ചിട്ടുണ്ട്. കടലിൽ ഇറങ്ങി കൊക്കെയ്ൻ പൊതി ശേഖരിക്കുന്നവരെ പൊലീസ് പിടികൂടുന്ന നടപടി ശക്തമാക്കിയിട്ടുണ്ട്. ഈ മേഖലകളിൽ വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഹെലികോപ്ടർ ഉപയോഗിച്ചും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം പൊലീസ് മുന്നറിയിപ്പ് അറിയാതെ പോർജ് ബീച്ചിൽ പോയ മാർട്ടിന എന്ന സ്ത്രീ തിരമാലയിൽനിന്ന് ലഭിച്ച നാലു കിലോയോളം വരുന്ന കൊക്കെയ്ൻ പൊതി പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.

ഇതുവരെ 1,010 കിലോ വരുന്ന കൊക്കെയ്ൻ പൊതികൾ കണ്ടെടുത്തതായാണ് അധികൃതർ പറയുന്നത്. രണ്ട് ദിവസം മുമ്പ് ഇത് 763 കിലോ ആയിരുന്നു.

കപ്പലിൽ കൊക്കെയ്ൻ കടത്തുന്നതിനിടെ എന്തെങ്കിലും സാങ്കേതികപ്രശ്നമോ ചുഴലിക്കാറ്റോ കാരണം കടലിൽ ഒഴുക്കിയതാകാമെന്നാണ് അധികൃതർ അനുമാനിക്കുന്നത്. ഒക്ടോബർ പകുതി മുതൽ ഫ്രഞ്ച് തീരം വഴി സഞ്ചരിച്ച മുഴുവൻ കപ്പലുകളുടെയും വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അധികൃതർ പറയുന്നു. ഏത് കപ്പലിൽനിന്നാണ് കൊക്കെയ്ൻ കടലിലേക്ക് ഒഴുക്കിയതെന്ന് കണ്ടെത്താനാണ് ശ്രമം.

ബാര്ഡോയുടെ തെക്കുപടിഞ്ഞാറായി അർക്കച്ചോണിലെ കടൽത്തീരത്ത് കണ്ടെത്തിയ ചില പൊതികളിൽ "ഡയമണ്ട്" അല്ലെങ്കിൽ "ബ്രില്ലാന്റെ" എന്ന് രേഖപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. സെപ്റ്റംബറിൽ ഡോറിയൻ ചുഴലിക്കാറ്റിൽ ഫ്ലോറിഡയിൽ ഇതേ വാക്കുകൾ രേഖപ്പെടുത്തിയ കൊക്കെയ്ൻ പൊതികൾ ഉപേക്ഷിച്ചതായും സൂചനയുണ്ട്.

2017 ൽ യൂറോപ്പിലുടനീളം 140 ടണ്ണിലധികം കൊക്കെയ്ൻ പോലീസ് പിടിച്ചെടുത്തതായി ജൂണിൽ പ്രസിദ്ധീകരിച്ച യൂറോപ്യൻ യൂണിയന്റെ യൂറോപ്യൻ മോണിറ്ററിംഗ് സെന്റർ ഫോർ ഡ്രഗ്സ് ആന്റ് ഡ്രഗ് ആഡിക്ഷനിൽ വ്യക്തമാക്കുന്നു. യൂറോപ്പിന്‍റെ പ്രവേശന തുറമുഖങ്ങളായി പറയപ്പെടുന്ന ബെൽജിയം, സ്പെയിൻ എന്നിവിടങ്ങളിലാണ് കൂടുതൽ കൊക്കെയ്നുകൾ പിടികൂടിയത്.
First published: November 13, 2019, 3:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading