ലോകത്തിന്റെ മറ്റു പല ഭാഗത്തുമെന്നതു പോലെ കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഫ്രാൻസ് കടന്നുപോകുന്നത്. ഇതിനിടെയാണ് ഭരിക്കുന്ന വലതുപക്ഷ സർക്കാരിലെ ധനമന്ത്രി ബ്രൂണോ ലെ മയരുടെ നോവൽ രാഷ്ട്രീയ വിവാദങ്ങൾക്കു കാരണമായിരിക്കുന്നത്. വ്ലാദിമിർ ഹോറോവിറ്റ്സ് എന്ന പിയാനിസ്റ്റിനെ കുറിച്ചുള്ള നോവലിന്റെ ഒരു അദ്ധ്യായം മുഴുവൻ ജൂലിയ എന്ന സ്ത്രീയുടെ ചൂടൻ കിടപ്പറരംഗത്തിനാണ് ലെ മയർ മാറ്റിവെച്ചത്. അത്യന്തം വിവരണാത്മകമായ ഈ അദ്ധ്യായം രാജ്യത്താകെ രോഷം ആളിക്കത്തിച്ചിരിക്കുകയാണ്.
ഫ്രാൻസിൽ പെൻഷൻ പ്രായം അറുപത്തിനാല് വയസ്സായി ഉയർത്തിയത് വലിയ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. ആയിരങ്ങൾ ഇപ്പോഴും തെരുവിൽ സമരത്തിലാണ്. പോരെങ്കിൽ, രാജ്യത്തിന് കടമെടുക്കാവുന്ന തുകയുടെ പരിധി വെട്ടിക്കുറയ്ക്കപ്പെട്ടിട്ട് ഒരാഴ്ച തികയുന്നതേ ഉള്ളൂ. ദശലക്ഷക്കണക്കിനു മനുഷ്യരാണ് ഭക്ഷണം വാങ്ങാനും വാടക കൊടുക്കാനും കഴിയാതെ ഉഴലുന്നത്. ഈ പ്രതിസന്ധികൾക്കിടെ ധനമന്ത്രി ഇക്കിളിക്കഥകൾ എഴുതാൻ സമയം ചെലവഴിക്കുന്നത് രാജ്യത്തെയും ജനങ്ങളെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം.
Also Read- രാജകുടുംബത്തോടുള്ള ആരാധന; ചാൾസ് മൂന്നാമന്റെ കീരീടധാരണം കാണാൻ ലണ്ടനിലേയ്ക്ക് വിദേശീയരുടെ ഒഴുക്ക് അധികാരത്തിൽ എത്തിയതിനു ശേഷം അഞ്ചു പുസ്തകങ്ങളാണ് ലെ മയർ എഴുതി പ്രസിദ്ധീകരിച്ചത്. അവയിലൊന്ന് മന്ത്രിയുടെ ഓർമ്മക്കുറിപ്പുകളാണ്. അതിൽ, വെനീസിൽ ഒരു ഔദ്യോഗികസന്ദർശനത്തിനിടെ തന്റെ സ്വകാര്യഭാഗങ്ങളിൽ ഭാര്യ സ്പർശിച്ചതിനെക്കുറിച്ചൊക്കെ വിശദമായി ലെ മയർ എഴുതിയത് മുൻപ് തന്നെ വിവാദമായിരുന്നു. തന്റെ പദവിയ്ക്കു ചേരാത്ത പെരുമാറ്റമാണ് ലെ മയറിന്റേത് എന്നും, രാജ്യത്തെ ജനങ്ങളുടെ കഷ്ടതയോടു യാതൊരു അനുതാപവും കാട്ടാതെ നഗരം കത്തുമ്പോൾ വീണ വായിക്കുന്ന പ്രവർത്തിയാണ് ചെയ്യുന്നതെന്നുമൊക്കെ പല ഭാഗത്തു നിന്നും പ്രതിഷേധം ഉയരുന്നു.
പുതിയ നോവലിലെ കഥാപാത്രമായ ജൂലിയ പറയുന്ന ഒരു ചൂടൻ വാക്യം ഫ്രാൻസിലെ തെരുവുകളിലെ സമരപോസ്റ്ററുകളിൽ ഉടനീളം സ്ഥാനം പിടിച്ചിട്ടുണ്ട്. ജൂലിയ പറയുന്ന അതെ കാര്യമാണ് ഫ്രാൻസിലെ വലതുപക്ഷസർക്കാർ തങ്ങളോട് ചെയ്തിരിക്കുന്നത് എന്നാണ് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന അവിടുത്തെ യുവാക്കൾ പോസ്റ്ററുകളിലൂടെ പറയുന്നത്. ഫ്രാൻസിലെ ജനങ്ങൾ മാത്രമല്ല, മാധ്യമങ്ങളും പ്രതിപക്ഷവും ഇത് ഏറ്റെടുത്തിട്ടുണ്ട്. പ്രശസ്തമായ ഒരു ഓൺലൈൻ മാധ്യമത്തിന്റെ തലക്കെട്ട് “ബ്രൂണോ ലെ മയർ മലദ്വാരത്തെക്കുറിച്ച് എഴുതിയിരിക്കുന്നു! എന്തൊക്കെ കാണണം?!” എന്നായിരുന്നു.
Also Read- സുഡാനിലെ ആഭ്യന്തരകലാപം: എട്ട് ലക്ഷത്തിലധികം പേർ പലായനം ചെയ്തേക്കുമെന്ന് UN കളിയാക്കിക്കൊണ്ടുള്ള സംഗീതത്തിന്റെ അകമ്പടിയോടു കൂടെ റേഡിയോ പരിപാടികളിലും മന്ത്രിയുടെ വഷളൻ എഴുത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. അധികാരം കിട്ടിയ ശേഷം സുഹൃത്തും വിവാദ നായകനുമായ നോവലിസ്റ്റ് മൈക്കിൾ ഹോലിബെക്കിനേക്കാൾ അധികം ലെ മയർ ‘രചിച്ചിട്ടുണ്ട്’ എന്നാണ് ഇടതുപക്ഷത്തിന്റെ ദിനപത്രമായ ലിബറേഷൻ കണക്കുകൂട്ടുന്നത്. മുൻപ് നിക്കോളാസ് സർകോസിയുടെ തീവ്ര വലതുപക്ഷ പാർട്ടിയിൽ അംഗമായിരുന്നു ലെ മയർ.
തൊഴിൽ മന്ത്രിയായ ഒലിവർ ഡസോപ്റ്റിന്റെ അഭിപ്രായം ഇതിൽ നിന്നും വ്യത്യസ്തമാണ്. “മന്ത്രിമാരുടെ സ്യൂട്ടിനുള്ളിലും വികാരങ്ങളുണ്ട്” എന്നതിന് തെളിവായി താൻ ഈ എഴുത്തിനെ കാണുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രക്ഷോഭങ്ങൾ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ സാമൂഹ്യ വികസന വകുപ്പ് മന്ത്രിയായ മർലിൻ സ്കിയാപ്പ പ്ലേബോയ് മാസികയിൽ മോഡലിംഗ് ചെയ്യാൻ പോയതും ഈയിടെ വിവാദമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: France