• HOME
  • »
  • NEWS
  • »
  • world
  • »
  • Space Travel | ശതകോടീശ്വരന്മാര്‍ മുതല്‍ സിനിമാ താരങ്ങൾ വരെ; 2021ൽ ബഹിരാകാശയാത്ര നടത്തിയത് ആരൊക്കെ?

Space Travel | ശതകോടീശ്വരന്മാര്‍ മുതല്‍ സിനിമാ താരങ്ങൾ വരെ; 2021ൽ ബഹിരാകാശയാത്ര നടത്തിയത് ആരൊക്കെ?

2021 ല്‍ ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ആളുകളെപരിചയപ്പെടാം

  • Share this:
ആദ്യമായി മനുഷ്യൻ ബഹിരാകാശത്തേക്ക് പുറപ്പെട്ടപ്പോൾ, ബഹിരാകാശ ടൂറിസം (Space Tourism) ലോകത്തിലെ ഒരു പ്രധാന വ്യവസായമായി വികസിക്കുമെന്ന് മാനവരാശിക്ക് സ്വപ്നം കാണാൻ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ 2021 അവസാനത്തോടെ അത് യഥാര്‍ത്ഥ്യമായിരിക്കുകയാണ്. റഷ്യന്‍ ബഹിരാകാശ യാത്രികനായ യൂറി ഗഗാറിനാണ് (Yuri Gagarin) ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യന്‍ (First Man in Space). 1961 ഏപ്രില്‍ 12 ന് വോസ്റ്റോക്ക് 1 എന്ന ബഹിരാകാശ പേടകത്തില്‍ ഗഗാറിനോടൊപ്പം 27 വയസ്സുള്ള ഒരു ടെസ്റ്റ് പൈലറ്റും സാങ്കേതിക വിദഗ്ധനും ഉണ്ടായിരുന്നു. ഗഗാറിന്‍ തന്റെ വോസ്റ്റോക്ക് 1 ബഹിരാകാശ പേടകത്തില്‍ 108 മിനിറ്റ് നേരം സഞ്ചരിച്ചെന്നാണ് നാസ റിപ്പോർട്ടുകൾ പറയുന്നത്.

വൈകാതെ ബഹിരാകാശയാത്രികനായ അലന്‍ ഷെപ്പേര്‍ഡ് ബഹിരാകാശത്ത് എത്തിയ ആദ്യത്തെ അമേരിക്കക്കാരനായി. സോവിയറ്റ് ഇന്റര്‍കോസ്‌മോസ് പ്രോഗ്രാമിന്റെ ഭാഗമായി 1984 ഏപ്രില്‍ 3 ന് സോയൂസ് ടി-11 എന്ന വിമാനത്തില്‍ ബഹിരാകാശത്തേക്ക് പറന്ന മുന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റായ വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മയാണ് ബഹിരാകാശത്തേക്ക് പോയ ആദ്യത്തെ ഇന്ത്യക്കാരന്‍. അക്കാലത്ത്, രാകേഷ് ശര്‍മ്മയുള്‍പ്പടെയുള്ളവർ കൈവരിച്ച നേട്ടം രാജ്യത്തെ സംബന്ധിച്ച് അസാധാരണമായ ഒന്ന് തന്നെയായിരുന്നു.

അതിനുശേഷം, ബഹിരാകാശ യാത്രയില്‍ നമ്മളും ലോകരാജ്യങ്ങളും ഒരുപാട് മുന്നോട്ട് പോയി. ലോകത്തിലെ ശതകോടീശ്വരന്മാര്‍ ഇപ്പോള്‍ മറ്റൊരു രാജ്യത്തേക്ക് എന്നപോലെ അനായാസേന ഭൂമിക്ക് പുറത്തേക്കും സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. ബഹിരാകാശ വിനോദസഞ്ചാരം ഇപ്പോള്‍ വളര്‍ന്നു വരുന്ന ഒരു വ്യവസായമാണ്. 2001 നും 2009 നും ഇടയില്‍ ഏഴ് ബഹിരാകാശ സഞ്ചാരികള്‍ സമാനമായ നേട്ടം കൈവരിച്ചിരുന്നു. റോസ്‌കോസ്മോസ്, ആര്‍എസ്സി എനര്‍ജിയ എന്നിവയ്ക്കൊപ്പം സ്പേസ് അഡ്വഞ്ചേഴ്സിന്റെ നേതൃത്വത്തില്‍ അവര്‍ റഷ്യന്‍ സോയൂസ് ബഹിരാകാശ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നു. ഈ വര്‍ഷം ജൂലൈ 11, ജൂലൈ 20 തീയതികളിലായി ശതകോടീശ്വരന്‍മാരായ റിച്ചാര്‍ഡ് ബ്രാന്‍സണും ജെഫ് ബെസോസും ഒരു സിവിലിയന്‍ ക്രൂവിനൊപ്പം ബഹിരാകാശത്തേക്ക് തങ്ങളുടെ ആദ്യ യാത്ര നടത്തി. 20-ാം നൂറ്റാണ്ടില്‍ നിന്ന് വ്യത്യസ്തമായി, ബഹിരാകാശം ഇനി സർക്കാർ ഏജന്‍സികളുടേത് മാത്രമായിരിക്കില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. ബഹിരാകാശ വിനോദസഞ്ചാരത്തിന് ഈ യാത്രകള്‍ വന്‍ കുതിപ്പ് നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2021 ല്‍ ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ആളുകളെപരിചയപ്പെടാം:

റിച്ചാര്‍ഡ് ബ്രാന്‍സണ്‍ (Richard Branson), സിരിഷ ബന്ദ്‌ല (Sirisha Bandla) തുടങ്ങിയവര്‍
റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്ന, 70 കാരനായ ബ്രിട്ടീഷ് ശതകോടീശ്വരന്‍ ജൂലൈ 11 ന്, വിര്‍ജിന്‍ ഗാലക്‌റ്റിക്സിന്റെ'യൂണിറ്റി 22' ബഹിരാകാശ യാത്രയില്‍ പങ്കാളിയായി ബഹിരാകാശത്തേക്ക് കുതിച്ചതോടെ ബഹിരാകാശ വിനോദസഞ്ചാരം എന്നത് യാഥാര്‍ത്ഥ്യമായി മാറി. ''ഞങ്ങളെ ഇത്രയും ദൂരം എത്തിക്കാന്‍ 17 വര്‍ഷമായി കഠിനാധ്വാനം നടത്തിയ വിര്‍ജിന്‍ ഗാലക്റ്റിക്സിലെ സംഘത്തിന് അഭിനന്ദനങ്ങള്‍'', എന്ന് വിഎസ്എസ് യൂണിറ്റി ബഹിരാകാശ പേടകം, ന്യൂ മെക്സിക്കോയിലെ സ്പേസ്പോര്‍ട്ട് അമേരിക്കയിലേക്ക് മടങ്ങവെ ഒരു ലൈവ് വീഡിയോയിൽ ബ്രാന്‍സണ്‍ പറഞ്ഞു. ബഹിരാകാശത്തിന്റെ അതിര്‍ത്തി കടക്കുന്നവർക്ക്, അതായത് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ കണക്ക് പ്രകാരം ഭൂമിയില്‍ നിന്ന് ഏകദേശം 53 മൈലിന് (85 കിലോമീറ്റര്‍) അപ്പുറത്ത് എത്തുന്ന യാത്രക്കാര്‍ക്ക് ഭാരമില്ലായ്മ അനുഭവിക്കാനും ഭൂമിയുടെ വക്രത മനസ്സിലാക്കാനും സാധിക്കും. ഈ മേഖലയിലേക്കാണ് ബ്രാന്‍സണ്‍ ഉള്‍പ്പടെയുള്ളവരെ വിര്‍ജിന്‍ ഗാലക്റ്റിക് എത്തിച്ചത്. വിര്‍ജിന്‍ ഗാലക്റ്റികിന്റെ ബഹിരാകാശ യാത്രാ സംവിധാനത്തില്‍ യഥാര്‍ത്ഥത്തില്‍ രണ്ട് വാഹനങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. കാരിയര്‍ വിമാനമായ വിഎസ്എസ് ഈവ്, സ്‌പേസ്ഷിപ്പ് ടു (എസ്എസ് 2) എന്നിവയായിരുന്നു യൂണിറ്റി ബഹിരാകാശ വിമാനത്തിന്റെ രണ്ട് ഭാഗങ്ങള്‍. വിഎസ്എസ് ഈവ് ആണ് റണ്‍വേയില്‍ നിന്ന് 50,000 അടി ഉയരം വരെ പറക്കുക. ആ ഉയരം താണ്ടുമ്പോൾ വിഎസ്എസ് ഈവ് ബഹിരാകാശ വിമാനം പുറത്തിറക്കും. ഈ ബഹിരാകാശ വാഹനം 300,000 അടി അല്ലെങ്കില്‍ ഏകദേശം 90 കിലോമീറ്റര്‍ ഉയരത്തില്‍ എത്തും. ആകെ യാത്രാ സമയം ഏകദേശം 90 മിനിറ്റാണ്.

സിരിഷ ബന്ദ്‌ല എന്ന ഇന്ത്യന്‍ വംശജയും ഈ യാത്രയില്‍ പങ്കെടുത്തിരുന്നു. ഈ യാത്രയോടെ ബഹിരാകാശത്തേക്ക് പറക്കുന്ന ഇന്ത്യൻ വംശജയായ രണ്ടാമത്തെ വനിത ആയിരിക്കുകയാണ് സിരിഷ ബന്ദ്‌ല. ന്യൂ മെക്‌സിക്കോയില്‍ നിന്ന് ജൂലൈ 11 ന് ബഹിരാകാശത്തേക്ക് കുതിച്ച വിര്‍ജിന്‍ ഗാലക്റ്റിക്കിലെ 'വിഎസ്എസ് യൂണിറ്റി' എന്ന ബഹിരാകാശ വാഹനത്തിലെ ആറ് ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായിരുന്നു അവര്‍. 'ഞാന്‍ ഇന്ത്യയെ എന്റെ കൂടെ കൊണ്ടുപോകുന്നു' എന്നായിരുന്നു ഈ നേട്ടം കൈവരിച്ചതിന് ശേഷം ബന്ദ്ല പറഞ്ഞത്. 34 കാരിയായ സിരിഷ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് ജനിച്ചത്. മാതാപിതാക്കളായ ഡോ. ബന്ദ്‌ല മുരളീധറിനും അനുരാധയ്ക്കുമൊപ്പം അഞ്ചാം വയസ്സിലാണ് അവര്‍ അമേരിക്കയിലെ ഹ്യൂസ്റ്റണിലേക്ക് താമസം മാറിയത്. പര്‍ദ്യു സര്‍വകലാശാലയില്‍ നിന്ന് എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എംബിഎയും കരസ്ഥമാക്കിയിട്ടുള്ള സിരിഷ നിലവില്‍ വിര്‍ജിന്‍ ഗാലക്റ്റിക്കിലെ ഗവണ്‍മെന്റ് കാര്യങ്ങളുടെയും ഗവേഷണ പ്രവര്‍ത്തനങ്ങളുടെയും വൈസ് പ്രസിഡന്റാണ്. ബഹിരാകാശ യാത്രാസംഘത്തിലെ നാലാം യാത്രികയായ സിരിഷ ഗവേഷണത്തിനായാണ് ബഹിരാകാശത്തേക്ക് പോകുന്നതെന്നാണ് വിര്‍ജിന്‍ ഗാലക്റ്റിക് ഔദ്യോഗികമായി അറിയിച്ചത്. സിരിഷക്ക് മുന്‍പ് ബഹിരാകാശയാത്ര ചെയ്ത ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ കല്‍പന ചൗളയും സുനിത വില്യംസുമാണ്. 1997ലും 2003ലുമാണ് കല്‍പന ചൗള ബഹിരാകാശയാത്ര നടത്തിയത്. 2007 ല്‍ ആയിരുന്നു സുനിതാ വില്ലിംസിന്റെ യാത്ര.

ജെഫ് ബെസോസും സംഘവും
ഈ വര്‍ഷം ജൂലൈ 20 ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്,അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ മാര്‍ക്ക്, 82 വയസ്സുള്ള വനിതാ പൈലറ്റ്, ഒരു ഹൈസ്‌കൂള്‍ ബിരുദധാരി എന്നിവരെ വഹിച്ചുകൊണ്ട് ബ്ലൂ ഒറിജിന്‍ നിര്‍മ്മിച്ച പേടകം ബഹിരാകാശത്തിന്റെ അതിര്‍ത്തി കടക്കുകയും പടിഞ്ഞാറന്‍ ടെക്സാസ് മരുഭൂമിയില്‍ പറന്നിറങ്ങുകയും ചെയ്തതായികമ്പനിയുടെ തത്സമയ സംപ്രേക്ഷണത്തില്‍ വ്യക്തമായിരുന്നു. ബെസോസിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബഹിരാകാശ പര്യവേഷണ കമ്പനിയായ ബ്ലൂ ഒറിജിന്‍ നിര്‍മ്മിച്ച ന്യൂ ഷെപ്പേര്‍ഡ് എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു അവര്‍ യാത്ര നടത്തിയത്. ബെസോസും കമ്പനിയും ബഹിരാകാശ യാത്രയ്ക്ക് ഉപയോഗിക്കുന്ന ന്യൂ ഷെപ്പേര്‍ഡ് ക്രാഫ്റ്റ്, ഒരു റോക്കറ്റ് ആന്‍ഡ് ക്യാപ്സ്യൂള്‍ കോംബോ ആണ്.

സ്പേസ് എക്‌സ് ഫാല്‍ക്കണ്‍ 9
സെപ്റ്റംബറില്‍, നാല് ബഹിരാകാശ വിനോദസഞ്ചാരികളെയും വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന്, ഭൂഗോളത്തെ ഭ്രമണം ചെയ്യാനുള്ള ആദ്യ ദൗത്യത്തിനായി പുറപ്പെട്ടു. ഷിഫ്റ്റ് ഫോര്‍ പേയ്‌മെന്റിന്റെ (Shift4Payments) സ്ഥാപകനും സിഇഒയുമായ ജാരെഡ് ഐസക്മാന്‍; ചൈല്‍ഡ് ക്യാന്‍സറിനെ അതിജീവിച്ച, സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഹോസ്പിറ്റലിലെ ഫിസിഷ്യന്‍ അസിസ്റ്റന്റായ 29 കാരി ഹെയ്ലി ആര്‍സെനോക്സ; വാഷിംഗ്ടണിലെ എവററ്റിലുള്ള എയ്റോസ്പേസ് ഭീമന്‍ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പറേഷനിലെ ഡാറ്റാ എഞ്ചിനീയറായ കിസ് സെംബ്രോസ്‌കി; പ്രമുഖ സംരംഭകനും വിദ്യാഭ്യാസ വിചക്ഷണനും പരിശീലനം സിദ്ധിച്ച പൈലറ്റും ബഹിരാകാശ പര്യവേക്ഷണ രംഗത്തെ സജീവ വ്യക്തിത്വവുമായ ഡോ.സിയാന്‍ പ്രോക്ടര്‍ എന്നിവർ ഉൾപ്പെട്ടതാണ് സ്പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 ലെ ബഹിരാകാശ വിനോദസഞ്ചാരികൾ.

റഷ്യന്‍ ചലച്ചിത്ര അഭിനേതാക്കള്‍
പ്രശസ്ത റഷ്യന്‍ അഭിനേത്രി യൂലിയ പെരെസില്‍ഡ് (Yulia Peresild), സംവിധായകന്‍ ക്ലിം ഷിപെങ്കോ (Klim Shipenko) എന്നിവരടങ്ങുന്ന ഒരു സിനിമാ സംഘവും റഷ്യയില്‍ നിന്ന് ബഹിരാകാശത്തെക്ക് യാത്ര നടത്തിയിരുന്നു. 'വൈസോവ്' (Vyzov) എന്ന പേരിലുള്ളഒരു സിനിമ ചിത്രീകരിക്കാനാണ് അവര്‍ ഈ യാത്ര നടത്തിയത്. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രൊഫഷണല്‍ അഭിനേതാക്കളായി അവര്‍ മാറി. സിനിമയുടെ ചിത്രീകരണത്തിനായി 12 ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചത്.

ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒര്‍ജിനും ഒരു സെലിബ്രിറ്റിയെ ബഹിരാകാശത്തേക്ക് അയച്ചിരുന്നു. റഷ്യന്‍ അഭിനേതാക്കളെപ്പോലെ ദൈര്‍ഘ്യമേറിയ യാത്ര ആയിരുന്നില്ല അത്. സയന്‍സ് ഫിക്ഷന്‍ സീരീസായ 'സ്റ്റാര്‍ ട്രെക്കി'ലെ ക്യാപ്റ്റന്‍ കിര്‍ക്ക് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ വില്യം ഷാറ്റ്നര്‍, ബഹിരാകാശത്തിന്റെ അതിര്‍ത്തിയായ കര്‍മന്‍ രേഖയ്ക്ക് അപ്പുറത്ത് കുറച്ച് സമയം ചെലവഴിക്കുകയുണ്ടായി.

യുസാകു മെയ്സാവയും (Yusaku Maezawa)ഒരു ഊബര്‍ ഈറ്റ്സ് ഡെലിവറിയും
അടുത്തിടെ ബഹിരാകാശത്തേക്ക് ഭക്ഷണം എത്തിച്ച് യുബര്‍ ഈറ്റ്സ് ചരിത്രം സൃഷ്ടിച്ചിരുന്നു. ജാപ്പനീസ് ഫാഷന്‍ വ്യവസായിയായ യുസാകു മെയ്‌സാവയുമായി ചേര്‍ന്ന്, ഊബര്‍ ഈറ്റ്സ് കമ്പനി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശയാത്രികര്‍ക്ക് ടിന്നിലടച്ച ജാപ്പനീസ് ഭക്ഷണം അയച്ചുകൊടുത്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 12 ദിവസത്തെ ദൗത്യത്തിനായി സോയൂസ് ബഹിരാകാശ പേടകത്തിലാണ് യുസാകു ബഹിരാകാശത്തേക്ക് പോയത്. ബഹിരാകാശ പേടകത്തിൽ യാത്രികനായ ജാപ്പനീസ് കോടീശ്വരനോടൊപ്പം, ടിന്നിലടച്ച ജാപ്പനീസ് വിഭവങ്ങള്‍ അടങ്ങിയ യുബര്‍ ഈറ്റ്‌സിന്റെ പ്രത്യേക പാക്കേജും ബഹിരാകാശത്ത് എത്തി.
Published by:Jayesh Krishnan
First published: