• HOME
  • »
  • NEWS
  • »
  • world
  • »
  • Cannabis | കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങി ജർമനി; മുപ്പതു ഗ്രാം വരെ കൈവശം വയ്ക്കാം

Cannabis | കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങി ജർമനി; മുപ്പതു ഗ്രാം വരെ കൈവശം വയ്ക്കാം

കഞ്ചാവ് നിയമവിധേയമാക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ജർമനിയിലെ ഫാർമസിസ്റ്റ് അസോസിയേഷൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  • Share this:
കഞ്ചാവ് നിയമവിധേയമാക്കാനുള്ള നിയമനടപടികളുമായി ജർമനി (Germany) മുന്നോട്ട്. നിയമം നിലവിൽ വരുമ്പോൾ കഞ്ചാവ് (cannabis) നിയമവിധേയമാക്കുന്ന ആദ്യ യൂറോപ്യന്‍ രാഷ്ട്രങ്ങളിലൊന്നായി ജര്‍മനി മാറുമെന്ന് ചാൻസലർ ഒലാഫ് ഷോൾസ് (Olaf Scholz) പറഞ്ഞു. പ്രായപൂർത്തിയായവർക്ക് വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോ​ഗിക്കാൻ അനുമതി നൽകുന്ന നിയമനിർമാണത്തെക്കുറിച്ചുള്ള പ്രബന്ധം ആരോഗ്യമന്ത്രി കാൾ ലൗട്ടർബാക്ക് പാർലമെന്റിൽ അവതരിപ്പിച്ചു. വ്യക്തിഗത ഉപയോഗത്തിനായി ഇരുപതു മുതൽ മുപ്പതു ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കുന്നതും ജർമനി നിയമവിധേയമാക്കും.

ലൈസൻസുള്ള കടകളിൽ നിയന്ത്രിതമായ അളവിൽ കഞ്ചാവ് വിതരണം ചെയ്യാൻ അനുവദിക്കുന്നതിനുള്ള നിയമം കൊണ്ടുവരാൻ കഴിഞ്ഞ വർഷം സർക്കാർ തീരുമാനിച്ചിരുന്നു. ജർമനി ഉൾപ്പെടെ പല യൂറോപ്യൻ രാജ്യങ്ങളും പരിമിതമായ ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ട്. മറ്റു ചില രാജ്യങ്ങൾ കഞ്ചാവിന്റെ പൊതുവായ ഉപയോഗം കുറ്റകരമല്ലാതാക്കിയിട്ടുണ്ടെങ്കിലും നിയമസാധുത നൽകിയിട്ടില്ല.

സര്‍ക്കാര്‍ ലൈസന്‍സോടെ വാണിജ്യപരമായി കഞ്ചാവ് കൃഷി ചെയ്യാനും വിതരണം ചെയ്യാനും പുതിയ നിയമം അനുമതി നല്‍കും. കഞ്ചാവ് കരിഞ്ചന്തയെയും ലഹരി കുറ്റകൃത്യങ്ങളെയും തടയാൻ കൂടിയാണ് നിയമം കൊണ്ടുവരുന്നത്. ഇതിനായി സർക്കാർ പ്രത്യേക ഉപഭോഗ നികുതി (special consumption tax) ഏർപ്പെടുത്തുകയും കഞ്ചാവിന്റെ ഉപയോ​ഗവുമായി ബന്ധപ്പെട്ട ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.

കഞ്ചാവ് നിയമവിധേയമാക്കുന്നതിലൂടെ ജർമനിയുടെ വാർഷിക നികുതി വരുമാനം ഏകദേശം 4.7 ബില്യൺ യൂറോയിൽ (4.7 ബില്യൺ ഡോളർ) എത്തുമെന്നും 27,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കഴിഞ്ഞ വർഷം നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയിരുന്നു.

Also read : കൊറോണയെ തടയാനും കഞ്ചാവ്‌; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ

കഴിഞ്ഞ വർഷം ജർമനിയിൽ ഏകദേശം നാലു ദശലക്ഷം ആളുകൾ കഞ്ചാവ് ഉപയോഗിച്ചതായും അവരിൽ 25 ശതമാനം പേരും 18 നും 24 നും ഇടയിൽ പ്രായമുള്ളവരാണെന്നും നിയമം പ്രാബല്യത്തിൽ വന്നാൽ കഞ്ചാവ് കരിഞ്ചന്തയെ ഉൻമൂലനം ചെയ്യുമെന്നും ആരോഗ്യമന്ത്രി ലൗട്ടർബാക്ക് പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ നിയമം സംബന്ധിച്ച ഒരു പ്രബന്ധം അവതരിപ്പിക്കുമെന്നും കമ്മീഷൻ പദ്ധതി അംഗീകരിച്ചുകഴിഞ്ഞാൽ മാത്രമേ നിയമത്തിന്റെ കരട് തയ്യാറാക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read : പാര്‍ലമെന്റില്‍ കഞ്ചാവ് ചെടി വളര്‍ത്തി ഗോത്രരാജാവ്; പിഴുതെറിഞ്ഞ് പൊലീസ്; ചെടികളില്‍ കെട്ടിപ്പിടിച്ച് പ്രതിഷേധം

കഞ്ചാവ് നിയമവിധേയമാക്കാനുള്ള ജർമനിയുടെ നീക്കങ്ങൾ യൂറോപ്യൻ യൂണിയൻ അംഗീകരിക്കുന്നില്ലെങ്കിൽ സർക്കാർ ബദൽ ‍മാർ​​ഗങ്ങൾ തേടണമെന്ന് രാജ്യത്തെ ഏറ്റവും വലിയ കഞ്ചാവു വിതരണ കമ്പനികളിലൊന്നായ ബ്ലൂംവെൽ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് നിക്ലാസ് കൂപരാനിസ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.

എന്നാൽ, കഞ്ചാവ് നിയമവിധേയമാക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ജർമനിയിലെ ഫാർമസിസ്റ്റ് അസോസിയേഷൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സർക്കാരിന്റെ ഈ നീക്കത്തോട് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജർമനി യൂറോപ്പിലെ മയക്കുമരുന്ന് ടൂറിസം കേന്ദ്രമായി മാറരുതെന്ന് ബവേറിയ സംസ്ഥാനത്തെ ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ കഞ്ചാവ് നിരോധിക്കുന്നത് അപകടസാധ്യതകൾ വർദ്ധിപ്പിക്കുകയേ ഉള്ളൂ എന്നാണ് ജർമനിയിലെ രാഷ്ട്രീയ പാർട്ടിയായ ഗ്രീൻസിന്റെ നിലപാട്.
Published by:Amal Surendran
First published: