MANOJ GUPTA
ഇന്ത്യയുടെ അയൽരാജ്യമായ അഫ്ഗാനിസ്ഥാൻ (Afghanistan)പുനർനിർമാണത്തിൻെറ പാതയിലാണ്. ഇന്ത്യക്ക് (India) ചരിത്രപരവും സാംസ്കാരികവുമായി ആഴത്തിലുള്ള ബന്ധമുള്ളതിനാൽ അഫ്ഗാനെ സഹായിക്കാൻ വലിയ താൽപര്യവുമുണ്ട്. എന്നാൽ ആ രാജ്യം വല്ലാതെ ദുർബലമായി തകർന്ന അവസ്ഥയിലാണ്. താലിബാൻ സ്ഥാപകനും അന്തരിച്ച പരമോന്നത നേതാവുമായ മുല്ല മുഹമ്മദ് ഒമറിന്റെ മകനുമായ മുല്ല യാക്കൂബ് ഇന്ന് അഫ്ഗാൻെറ ശക്തനായ പ്രതിരോധ മന്ത്രിയാണ്. ഒന്നിലധികം മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന രാജ്യത്തെ മെച്ചപ്പെടുത്തേണ്ടതിൻെറ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റുകയാണ് അദ്ദേഹം.
അന്താരാഷ്ട്ര തലത്തിൽ CNN-News18-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇന്ത്യയുമായി സൗഹാർദ്ദത്തിൽ മുന്നോട്ട് പോവേണ്ടതിൻെറ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുന്നു. പാകിസ്ഥാനുമായുള്ള ബന്ധത്തിൽ ഇപ്പോഴും ചില ആശങ്കകളുണ്ട്. തങ്ങളുടെ രാജ്യം മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ പണിപ്പുരയാക്കാൻ ഒരിക്കലും അനുവദിക്കുകയില്ല. അഫ്ഗാനിൽ സ്ത്രീകളെ അടിച്ചമർത്തുന്നുവെന്ന ആരോപണത്തെ അദ്ദേഹം നിഷേധിച്ചു. മതപരമായ ചില കാര്യങ്ങൾക്കും അതുമായി ബന്ധപ്പെട്ട വസ്ത്രങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതിന് മറ്റ് രാജ്യങ്ങളെ വിമർശിക്കുകയും ചെയ്തു. മുല്ല യാക്കൂബുമായി നടന്ന അഭിമുഖത്തിൻെറ പ്രസക്ത ഭാഗങ്ങൾ...
താങ്കൾ താലിബാന്റെ സ്ഥാപക പിതാവായ മുല്ല മുഹമ്മദ് ഒമറിന്റെ മകനാണ്. ആദ്യമായാണ് നിങ്ങൾ ലോകത്തിലെ ഒരു ടിവി ചാനലിന് അഭിമുഖം നൽകുന്നത്. നിങ്ങളുടെ പിതാവിനെക്കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ എന്തൊക്കെയാണ്? നിങ്ങൾ എപ്പോഴാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്?
ഞങ്ങളുടെ പരേതനായ പിതാവ്, അമീർ ഉൾ മോമിൻ, മുല്ല മുഹമ്മദ് ഒമർ മുജാഹിദ് വളരെ സ്നേഹത്തോടെയാണ് എന്നും പെരുമാറിയിരുന്നത്. കഴിഞ്ഞ സർക്കാരിൻെറ കാലത്ത് ഇന്ത്യയുടെ ഒരു വിമാനം ഹൈജാക്ക് ചെയ്ത് എമിറേറ്റ്സിലേക്കും പാകിസ്ഥാനിലേക്കും കൊണ്ടുപോയത് നിങ്ങൾക്ക് ഓർമ്മയുണ്ടല്ലോ. എന്നാൽ ആ വിമാനത്തിനെ ഇവിടെ തങ്ങാൻ അദ്ദേഹം അനുവദിച്ചില്ല. ഇന്ത്യയുമായി നല്ല അടുപ്പം സൂക്ഷിക്കാൻ ആഗ്രഹിച്ച അദ്ദേഹം വിമാനം ഇവിടെ ഇറക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളുകയും അതിലെ യാത്രക്കാരെ സുരക്ഷിതമായി തിരിച്ചയക്കുകയും ചെയ്തു. അത് കൊണ്ട് ഇന്ത്യയുമായി എന്നും നല്ല ബബന്ധം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. ഇസ്ലാമിക എമിറേറ്റ്സ് ഒരു സ്വതന്ത്ര രാജ്യമാണെന്നും ഇന്ത്യയിലെ ജനങ്ങൾ അറിയണം. ഇന്ത്യയുമായി എല്ലാ മേഖലകളിലും ബന്ധം സ്ഥാപിക്കാൻ ഇസ്ലാമിക് എമിറേറ്റ്സ് തയ്യാറാണ്.
ഇന്ത്യക്ക് അഫ്ഗാനിസ്ഥാനുമായി എന്നും അടുത്ത ബന്ധമുണ്ടായിരുന്നു. പ്രതിരോധ മന്ത്രി എന്ന നിലയിലും നിങ്ങളുടെ വ്യക്തിപരമായ വീക്ഷണത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി ബന്ധത്തെക്കുറിച്ച് എന്താണ് തോന്നുന്നത്?
ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും, പ്രത്യേകിച്ച് ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി സൗഹാർദ്ദപരമായ ബന്ധമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സൗഹാർദ്ദപരമായ ബന്ധം നിലനിർത്തുന്നതിൽ എന്നും ശ്രദ്ധ പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. വിശ്വാസത്തിലും സത്യസന്ധതയിലും അധിഷ്ഠിതമായ സൗഹൃദം എക്കാലത്തും അഫ്ഗാൻ ഇന്ത്യയുമായി പുലർത്തും.
ഇന്ത്യയുമായുള്ള ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങളെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്?
ഇന്ത്യയുമായുള്ള ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങളെക്കുറിച്ച് വളരെ പോസിറ്റീവാണ്. നല്ല ബന്ധം ഉണ്ടാക്കുകയെന്നത് ഇസ്ലാമിക് എമിറേറ്റ്സിൻെറ നയമാണ്. ഞങ്ങൾ വാതിലുകൾ തുറന്നിട്ട് കൊണ്ട് ചർച്ചകൾക്കായി ഇന്ത്യയെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയും ഇതിന് വേണ്ടി മുൻകൈ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാനുഷികമായും ഘടനാപരവുമായ തലത്തിൽ എന്തെല്ലാം പിന്തുണ ലഭിക്കുമെന്നാണ് നിങ്ങളുടെ പ്രതീക്ഷ?
അഫ്ഗാനിസ്ഥാന് മുമ്പ് ഇന്ത്യ ധാരാളം സഹായം നൽകിയതിനാൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഞങ്ങൾ ഇവിടെ സർക്കാർ രൂപീകരിച്ചപ്പോൾ ഇന്ത്യ മനുഷ്യത്വപരമായ നിരവധി സഹായങ്ങൾ നൽകിയിട്ടുണ്ട്. അത് മാതൃകാപരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കുള്ള സഹായം ഇന്ത്യ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. നന്ദിയും അഭിനന്ദനങ്ങളും ഞാൻ അറിയിക്കുന്നു.
ഇന്ത്യയുമായി പ്രതിരോധ ബന്ധം സ്ഥാപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
അതെ, എല്ലാ രാജ്യങ്ങളുമായും നല്ല പ്രതിരോധബന്ധം ഞങ്ങൾ ആഗ്രഹിക്കുന്നു, സ്വാഭാവികമായും ഇന്ത്യയുമായും അത് തന്നെ പ്രതീക്ഷിക്കുന്നു. നല്ല നയതന്ത്രബന്ധം പുലർത്തി മുന്നോട്ട് പോയാൽ മാത്രമേ പ്രതിരോധബന്ധം സ്ഥാപിക്കാൻ സാധിക്കുകയുള്ളൂ. രാഷ്ട്രീയമായ നയതന്ത്രപരമായി ഒരു പ്രശ്നവും ഇല്ലാത്തത്തിനാൽ ഇന്ത്യയുമായി പ്രതിരോധമേഖലയിൽ എന്നും നല്ല അടുപ്പമുണ്ടാവും.
മുൻ സർക്കാരിലെ സൈനികരെ നിലവിലെ അഫ്ഗാൻ സൈന്യവുമായി സംയോജിപ്പിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
ഈ വിഷയത്തിൽ പല നടപടികളും എടുത്തിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിൽ, മുമ്പത്തെ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരെയും നിലനിർത്തിയിട്ടുണ്ട്. രാജ്യം വിട്ടുപോയവർക്കും എല്ലാ പിന്തുണയും നൽകി. ഉദാഹരണത്തിന് യുദ്ധവിമാന പൈലറ്റുമാർ, എഞ്ചിനീയർമാർ തുടങ്ങിയവർക്ക് ഞങ്ങൾ എല്ലാ സൗകര്യവുമൊരുക്കുകയും അർഹമായ പരിഗണന നൽകുകയും ചെയ്തിട്ടുണ്ട്. പഴയവരെയെല്ലാം സ്വാഗതം ചെയ്ത് അവരെ തിരികെ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.
പഴയ അഫ്ഗാൻ സൈനിക ഉദ്യോഗസ്ഥർ പലരും ഇന്ത്യയിൽ പരിശീലനം നേടിയവരാണ്. നിങ്ങളുടെ ഉദ്യോഗസ്ഥരെ പരിശീലനത്തിനായി വീണ്ടും ഇന്ത്യയിലേക്ക് അയക്കാൻ തയ്യാറാണോ?
തീർച്ചയായും, അതിൽ ഞങ്ങൾ ഒരു പ്രശ്നവും കാണുന്നില്ല. അഫ്ഗാനുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാവും. ഇക്കാര്യത്തിൽ ഒരു തടസ്സവുമില്ല.
ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ പരിശീലനം നേടിയ മുൻ സർക്കാരിലെ നിരവധി അഫ്ഗാൻ ഉദ്യോഗസ്ഥർ ഇപ്പോഴും ഇന്ത്യയിലുണ്ട്. അവർ മടങ്ങിയെത്തിയാൽ നിങ്ങളുടെ സൈന്യത്തിൽ തിരിച്ചെടുക്കുമോ?
ഞങ്ങൾ ഇക്കാര്യത്തിൽ നേരത്തെ തന്നെ നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് പോയ എല്ലാ അഫ്ഗാൻകാരെയും സ്വാഗതം ചെയ്യുകയും തിരികെ വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ പലരും തിരിച്ചെത്തി തിരികെ ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞു. ആരെയും ഉപേക്ഷിക്കരുതെന്നത് അഫ്ഗാൻ പാരമ്പര്യമാണ്. എല്ലാവരോടും തിരികെവരാൻ അഭ്യർഥിക്കുകയാണ്.
ഇസ്ലാമിക് എമിറേറ്റിന്റെ കീഴിലുള്ള അഫ്ഗാൻ സൈന്യത്തിന്റെ മനോവീര്യത്തെ നിങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഞങ്ങളുടെ സൈന്യം ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിൽ ഒന്നാണെെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ 20 വർഷമായി അതിർത്തിയിൽ എന്ത് തന്നെ വെല്ലുവിളികൾ നേരിട്ടിട്ടും അവരുടെ മനോവീര്യം ചോർന്ന് പോയിട്ടില്ലെന്നത് നിങ്ങൾക്കും അറിയാവുന്ന കാര്യമാണ്. അവർ ഇപ്പോഴും രാജ്യത്തെ ധീരതയോടെ സംരക്ഷിക്കുന്നു. ലോകത്ത് ഏറ്റവും മനോവീര്യമുള്ള സൈന്യങ്ങളിലൊന്ന് ഞങ്ങളുടേതാണെന്ന് പറയാം.
പാക്കിസ്ഥാനുമായുള്ള അതിർത്തി തർക്കത്തിന്റെ, പ്രത്യേകിച്ച് ഡ്യൂറൻഡ് രേഖയുടെ നിലവിലെ അവസ്ഥ നിങ്ങൾക്ക് ഞങ്ങളുമായി പങ്കുവെക്കാമോ? ഇന്ത്യ കാബൂളിൽ എംബസി വീണ്ടും തുറക്കുന്നതിനെ കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്. എന്ത് സുരക്ഷയാണ് നിങ്ങൾ ഉറപ്പ് നൽകുന്നത്?
ഡ്യൂറൻഡ് ലൈനിലും പ്രാദേശിക തലത്തിലും പാക്കിസ്ഥാനുമായുള്ള ഞങ്ങളുടെ ബന്ധം രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണ്. ഞങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങളൊന്നും തന്നെ ഇപ്പോഴില്ല. എല്ലാം നന്നായി തന്നെയാണ് മുന്നോട്ട് പോവുന്നത്. അതിർത്തിയുടെ കാര്യത്തിൽ രണ്ട് രാജ്യങ്ങളെന്ന നിലയിൽ പ്രശ്നങ്ങൾ സ്വാഭാവികമാണ്. അത് മറ്റ് രാജ്യങ്ങൾക്കിടയിലും ഉണ്ടല്ലോ. ഏതായാലും ഞങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ മാത്രം പോന്ന പ്രശ്മമല്ല ഇത്. എന്തെങ്കിലും പ്രതിസന്ധികൾ ഉണ്ടെങ്കിൽ തന്നെ അവ ചർച്ചകളിലൂടെ പരിഹരിക്കും. നിലവിൽ യാതൊരുവിധ വിഷയങ്ങളുമില്ല.
ഇന്ത്യൻ എംബസിയുടെ കാര്യത്തിൽ അത് എത്രയും പെട്ടെന്ന് തുറന്ന് പ്രവർത്തനം ആരംഭിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇവിടെ ഒരു അംബാസിഡറെ നിയമിക്കുകയും അത് പോലെ ഞങ്ങളുടെ അംബാസിഡറെ ഇന്ത്യയിൽ അനുവദിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. പ്രതിരോധത്തിനും മറ്റ് നയതന്ത്ര ബന്ധങ്ങൾക്കും അത് ഗുണം ചെയ്യും. മറ്റ് രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യക്ക് ഇവിടെ എംബസി തുറക്കാൻ ഒരു തടസ്സവുമില്ല. അതിനുള്ള എല്ലാ സുരക്ഷയും അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റ് ഉറപ്പ് നൽകുകയാണ്.
പാക്കിസ്ഥാനുമായി നിങ്ങളുടെ നിലവിലുള്ള പ്രതിരോധ ബന്ധങ്ങൾ എന്തൊക്കെയാണ്?
ഞാൻ നേരത്തെ പറഞ്ഞത് പോലെ, നല്ല നയതന്ത്ര-രാഷ്ട്രീയ ബന്ധങ്ങൾ ആരംഭിച്ച് പുരോഗതി കൈവരിക്കുമ്പോഴാണ് പ്രതിരോധ ബന്ധങ്ങൾക്ക് അടിത്തറയുണ്ടാവുക. എല്ലാ രാജ്യങ്ങളുമായും സൗഹാർദ്ദപരമായ ബന്ധമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതുവരെ പാകിസ്ഥാനുമായുള്ള പ്രതിരോധ ബന്ധങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ISKPയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യവും അൽ-ഖ്വയ്‌ദയുടെയും മറ്റ് അനുബന്ധ സംഘടനകളുടെയും തിരിച്ചുവരവും ആഗോളസമൂഹത്തെ സംബന്ധിച്ചിടത്തോളം ആശങ്കയുണർത്തുന്ന കാര്യങ്ങളാണ്. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? അഫ്ഗാനിസ്ഥാൻ ആഗോള ഭീകരവാദ ഗ്രൂപ്പുകളുടെ കേന്ദ്രമാവുന്നത് തടയാൻ നിങ്ങൾ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്?
ആദ്യം ഞാൻ സെപ്തംബർ 11 സംഭവത്തിന് മുമ്പുള്ള അൽ-ഖ്വയ്ദയെക്കുറിച്ച് സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ അമേരിക്ക ആക്രമണം തുടങ്ങിയപ്പോൾ തന്നെ ഞങ്ങൾക്ക് അൽ-ഖ്വയ്ദയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചിട്ടുണ്ട്. അൽ-ഖ്വയ്ദയുമായി പുതിയ ബന്ധമൊന്നുമില്ല. അവർ അറേബ്യൻ രാജ്യങ്ങളിൽ പോയി വിപ്ലവമുണ്ടാക്കി ഇപ്പോൾ അവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. അമേരിക്കയുമായുള്ള ദോഹ ഉടമ്പടിയിൽ അഫ്ഗാനിസ്ഥാൻ ഒപ്പുവെച്ചിട്ടുണ്ട്. ഉടമ്പടി മാനിക്കേണ്ടത് ഞങ്ങളുടെ ആത്മാർത്ഥമായ ഉത്തരവാദിത്തമാണ്. അമേരിക്കയ്ക്കും സഖ്യത്തിനും എതിരായ നീക്കങ്ങൾക്ക് അഫ്ഗാനിസ്ഥാൻെറ മണ്ണ് ഉപയോഗിക്കാൻ ഒരു കാരണവശാലും അനുവദിക്കുകയില്ല.
ആ ഉടമ്പടിയുമായി മുന്നോട്ട് പോവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചു. അമേരിക്കയ്ക്കും അത് ബോധ്യമായിട്ടുണ്ട്. നിലവിൽ അൽ-ഖ്വയ്ദ അഫ്ഗാനിസ്ഥാനിൽ നിഷ്ക്രിയമാണെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനുമായി സൗഹൃദബന്ധം സ്ഥാപിക്കണമെന്ന് അമേരിക്കയോട് അഭ്യർഥിക്കുകയാണ്. അവരുടെ നയങ്ങളിൽ മാറ്റം വരുത്തേണ്ടതില്ല. 20 വർഷത്തോളമുണ്ടായിരുന്ന ശത്രുതാപരമായ ബന്ധത്തിന് മാറ്റം വരണം. അമേരിക്കയുമായി സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലും മറ്റെല്ലാ തലങ്ങളിലും ഏറ്റവും നല്ല ബന്ധം സ്ഥാപിക്കാൻ അഫ്ഗാനിസ്ഥാൻ ശ്രമിച്ച് വരികയാണ്.
നിലവിൽ അമേരിക്കയുമായി ഒരു പ്രശ്നങ്ങളുമില്ല. അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാരിന് അമേരിക്ക എന്തെങ്കിലും തരത്തിലുള്ള തടസ്സം സൃഷ്ടിക്കുകയോ വെല്ലുവിളികൾ ഉണ്ടാക്കുകയോ ചെയ്യരുത്. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് മാറി അഫ്ഗാൻ ജനതയുമായി നല്ല ബന്ധമുണ്ടാക്കി അവരുടെ പുരോഗതിക്ക് ആവശ്യമായ സഹായം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ദാഇഷിനെ സംബന്ധിച്ചിടത്തോളം, അത് അഫ്ഗാനിസ്ഥാനിൽ തകർന്ന് കഴിഞ്ഞു. ഇവിടെ നിലവിൽ അവരുടെ സാന്നിധ്യമില്ല. അവർ ചില സ്ഥലങ്ങളിലേക്ക് രഹസ്യമായി മാറിയിരിനുള്ള സാധ്യതയുണ്ട്. മറ്റ് രാജ്യങ്ങളിൽ അവരുടെ സാന്നിധ്യം ഉണ്ടെന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്. അഫ്ഗാനിസ്ഥാനിൽ മാത്രമല്ല, മറ്റ് രാജ്യങ്ങളിലും ദാഇഷിൻെറ ഭീഷണി അവസാനിപ്പിക്കാനുള്ള പ്രവർത്തനമാണ് ഞങ്ങൾ നടത്തുന്നത്. അതിൽ വലിയ തോതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾക്കായി ദാഇഷ് ഉപയോഗിക്കില്ലെന്ന് ഞാൻ ലോക രാജ്യങ്ങൾക്കും അയൽ രാജ്യങ്ങൾക്കും ഉറപ്പ് നൽകുന്നു. ഞങ്ങൾ ഇക്കാര്യത്തിൽ വളരെ ആത്മാർത്ഥമായാണ് പ്രവർത്തിക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധി ഉണ്ടാവുമെന്ന് കരുതുന്നില്ല.
അഫ്ഗാനിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ കേഡറുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യക്ക് വലിയ ആശങ്കയുണ്ട്. ഈ ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ തുടങ്ങിയ സംഘടനകളുടെ പ്രവർത്തവുമായി ബന്ധപ്പെട്ട് എൻെറ കയ്യിൽ വിവരങ്ങളോ വിശദാംശങ്ങളോ ഇല്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഞങ്ങളുടെ അഭ്യർത്ഥന. അഫ്ഗാനിസ്ഥാനിൽ രാജ്യങ്ങൾക്കെതിരായ പ്രവർത്തനങ്ങളൊന്നും തന്നെ നടക്കില്ലെന്ന് ഇപ്പോഴത്തെ സർക്കാർ ഉറപ്പ് നൽകുന്നു. ഒരു കാരണവശാലും അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇന്ത്യക്കെതിരെ ഉപയോഗിക്കാൻ ഞങ്ങൾ പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാന്റെ മണ്ണ് പാക്കിസ്ഥാനെതിരെ ഉപയോഗിക്കാൻ ഇന്ത്യയെയും അനുവദിക്കില്ലെന്ന് ഉറപ്പ് പറയുന്നു. ഇരുരാജ്യങ്ങളുമായും സൗഹാർദ്ദപരമായ ബന്ധമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങളുടെയും പ്രശ്‌നങ്ങളിൽ ഇടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നുമില്ല. ഞങ്ങൾ ഒരു സ്വതന്ത്ര രാജ്യമാണ്. ഞങ്ങളുടെ വിദേശനയം ഞങ്ങളുടെ രാജ്യതാൽപ്പര്യവുമായി ബന്ധപ്പെട്ടുള്ളതാണ്.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും സ്ത്രീകൾ ഹിജാബ് ധരിക്കുന്നതിന് നിങ്ങൾ സമ്മർദ്ദം ചെലുത്തുന്നതുമായി ബന്ധപ്പെട്ടും ആഗോളതലത്തിൽ വലിയ ആശങ്കകളുണ്ട്. ജോലിസ്ഥലത്ത് സ്ത്രീകൾ പ്രവേശിക്കുന്നത് തടയാൻ നിങ്ങൾ നിരവധി സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ന്യായമാണെന്ന് കരുതുന്നുണ്ടോ?
സ്ത്രീകളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക് എമിറേറ്റ് ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. ശരീഅത്തിന്റെയും അഫ്ഗാൻ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ വിദ്യാഭ്യാസം നൽകുന്ന ഒരു അന്തരീക്ഷം ഇവിടെ ഉണ്ടാവുമെന്ന് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹിജാബിനെക്കുറിച്ച് പറയാനുള്ളത്, 99% സ്ത്രീകളും പെൺകുട്ടികളും സ്വമേധയാ ഹിജാബ് ധരിക്കുന്നുണ്ട്. അത് അഫ്ഗാനിസ്ഥാനിൽ അവിഭാജ്യഘടകമാണ്. ഇസ്‌ലാമിനെയും അതിന്റെ മൂല്യങ്ങളെയും ബഹുമാനിക്കുന്നതിൻെറ ഭാഗമായാണിത്. ഇസ്ലാമിക് എമിറേറ്റ് ഗവൺമെൻറ് ഹിജാബുമായി ബന്ധപ്പെട്ടും പ്രത്യേക ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ഒരു ഉത്തരവും ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറയുന്നു. ഏതൊരു ഉത്തരവും ആദ്യം ഞങ്ങൾ സ്വയം നടപ്പിലാക്കുന്നു. അതിന് ശേഷമാണ് ജനങ്ങൾക്കായി നൽകുന്നത്.
മനുഷ്യാവകാശങ്ങൾക്കും സ്ത്രീകൾക്കും വിലകൽപ്പിക്കുന്നുവെങ്കിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ ഫ്രാൻസിനും മറ്റ് രാജ്യങ്ങൾക്കെതിരെയും എന്ത് കൊണ്ട് പ്രതിഷേധം ഉയരുന്നില്ല. സ്ത്രീകൾക്ക് അവരുടെ ഇഷ്ടാനുസരണം ഹിജാബ് ധരിക്കാൻ സ്വാതന്ത്ര്യമുണ്ട്. ലോകം നിഷ്പക്ഷമായാണ് നിലപാട് എടുക്കേണ്ടത്. പല രാജ്യങ്ങളിലും താടി വളർത്തുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക മൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് അതും പ്രധാനമാണ്. മറ്റ് രാജ്യങ്ങളുടെ ഈ ഉത്തരവുകളെ ആരും എതിർത്തിട്ടില്ല. ഞങ്ങൾ അത്തരം കടുത്ത ഉത്തരവുകളൊന്നും നൽകിയിട്ടില്ല. ഞങ്ങളെക്കുറിച്ചുള്ള മറ്റ് രാജ്യങ്ങളുടെ ആശങ്കകൾ അടിസ്ഥാനരഹിതമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Afghanistan, India