• HOME
  • »
  • NEWS
  • »
  • world
  • »
  • Nancy Pelosi | നാൻസി പെലോസിയുടെ വിമാനം ട്രാക്ക് ചെയ്തത് 7 ലക്ഷത്തിലധികം പേർ; ട്രാക്കിങ്ങ് പ്ലാറ്റ്ഫോം ഓഫ്‍ലൈനാക്കി

Nancy Pelosi | നാൻസി പെലോസിയുടെ വിമാനം ട്രാക്ക് ചെയ്തത് 7 ലക്ഷത്തിലധികം പേർ; ട്രാക്കിങ്ങ് പ്ലാറ്റ്ഫോം ഓഫ്‍ലൈനാക്കി

SPAR19 എന്ന യുഎസ് എയർഫോഴ്സ് വിമാനത്തിലാണ് നാൻസി പെലോസി തായ്വാനിലെത്തിയത്. പ്രാദേശിക സമയം 15:42 ന് ക്വാലാലംപൂരിൽ നിന്നും പുറപ്പെട്ട വിമാനത്തെ 7 ലക്ഷത്തിലധികം പേരാണ് ട്രാക്ക് ചെയ്തത്...

  • Last Updated :
  • Share this:
    വെബ്സൈറ്റ് ട്രാഫിക് വർദ്ധിച്ചതിനെത്തുടർന്ന്, വിമാന ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഫ്ലൈറ്റ് റഡാർ 24 (FlightRadar24) ഓഫ്‌ലൈനായതായി റിപ്പോർട്ടുകൾ. ലോകത്തിൽ ഏറ്റവും കൂടുതൽ ട്രാക്ക് ചെയ്യപ്പെട്ട വിമാനമായി ‌യുഎസ് എയർഫോഴ്‌സ് വിമാനവും മാറി. ഈ വിമാനത്തിലാണ് യുഎസ് സ്പീക്കർ നാൻസി പെലോസി (Nancy Pelosi) തായ്‌വാൻ (Taiwan) സന്ദർശിക്കാനെത്തിയത്. ഫ്ലൈറ്റ് റഡാർ 24 സേവനങ്ങൾ തിരക്കിലാണെന്നും ട്രാഫിക് വർദ്ധനവു കാരണം ഓഫ്‌ലൈനാകേണ്ടി വന്നെന്നും ചില ഉപയോക്താക്കൾക്ക് നിലവിൽ തങ്ങളുടെ സൈറ്റ് ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം എന്നും കമ്പനി ട്വീറ്റ് ചെയ്തു. എല്ലാ ഉപയോക്താക്കൾക്കും കഴിയുന്നത്ര വേഗത്തിൽ തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പ്രവർത്തിച്ചു വരികയാണെന്നും കമ്പനി അറിയിച്ചിരുന്നു

    SPAR19 എന്ന യുഎസ് എയർഫോഴ്സ് വിമാനത്തിലാണ് നാൻസി പെലോസി തായ്വാനിലെത്തിയത്. പ്രാദേശിക സമയം 15:42 ന് ക്വാലാലംപൂരിൽ നിന്നും പുറപ്പെട്ട വിമാനത്തെ 7 ലക്ഷത്തിലധികം പേരാണ് ട്രാക്ക് ചെയ്തത്. ഫ്ലൈറ്റ് റഡാർ 24 ന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രാക്ക് ചെയ്യപ്പെട്ട വിമാനമായി ഇത് മാറി. നാൻസി പെലോസി തായ്വാനിലെത്തിയ ശേഷം വെബ്സൈറ്റ് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും ഉപയോക്താക്കൾക്ക് സേവനങ്ങൾ വീണ്ടും ലഭ്യമായിത്തുടങ്ങി എന്നും കമ്പനി അറിയിച്ചു.

    Also Read- China- Taiwan | നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം: ചൈനയുടെ എതിർപ്പിന് കാരണമെന്ത്?

    നാൻസി പെലോസിയുടെ തായ്‍വാൻ സന്ദർശനത്തെ ചൈനീസ് സർക്കാർ രൂക്ഷമായി വിമർശിച്ചിരുന്നു. തായ്‌വാനെ തങ്ങളുടെ പ്രവിശ്യ ആയാണ് ചൈന കണക്കാക്കുന്നത്. എന്നാൽ തായ്‌വാൻ  സ്വയംഭരണാധികാരമുള്ള സ്വതന്ത്ര രാഷ്ട്രമായാണ് തങ്ങളെത്തന്നെ കണക്കാക്കുന്നത്. പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം വളരെയേറെ അപകടകരവും പ്രകോപനപരവുമാണെന്നാണ് ചൈന പറഞ്ഞത്. അമേരിക്ക തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തായ്‌വാന്‍ സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്നും ചൈന താക്കീതു നൽകിയിട്ടുണ്ട്. 25 വർഷത്തിനിടെ ഇതാദ്യമായാണ്, ഏറ്റവും ഉയർന്ന റാങ്കിലുള്ള ഒരു അമേരിക്കൻ പ്രതിനിധി തായ്‍വാനിൽ സന്ദർശനം നടത്തുന്നത്. തങ്ങളിൽ നിന്നും വേർപെട്ട തായ്‍വാനെ വീണ്ടും നിയന്ത്രണത്തിലാക്കാനാണ് ചൈനയുടെ നീക്കം.

    17-ആം നൂറ്റാണ്ടിൽ ക്വിംഗ് രാജവംശം ദ്വീപ് ഭരിക്കാൻ തുടങ്ങിയപ്പോൾ തായ്‍വാൻ പൂർണമായും ചൈനയുടെ നിയന്ത്രണത്തിലായി എന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. തുടർന്ന്, 1895-ൽ, ജപ്പാനുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ചൈന ദ്വീപ് ജപ്പാന് വിട്ടുകൊടുത്തു. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതിനെത്തുടർന്ന് 1945-ൽ ചൈന വീണ്ടും തായ്‍വാൻ പിടിച്ചെടുത്തു. എന്നാൽ ചിയാങ് കൈ-ഷെക്കിന്റെ നേതൃത്വത്തിലുള്ള സർക്കാർ സേനയും മാവോ സേതുങ്ങിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ചൈനയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വിജയിക്കുകയും ചൈനയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ചിയാങ് കൈ-ഷെക്ക് തായ്‌വാനിലേക്ക് പലായനം ചെയ്തു. അവിടുത്തെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. തായ്‌വാൻ ഒരു ചൈനീസ് പ്രവിശ്യയായിരുന്നുവെന്ന് സ്ഥാപിക്കാൻ ഈ ചരിത്ര വസ്തുതകളാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ 1911-ലെ വിപ്ലവത്തിനുശേഷം, മാവോ സെതുങ്ങിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ആധുനിക ചൈനീസ് ഭരണകൂടത്തിനു കീഴിലുള്ള പ്രവിശ്യയല്ല തങ്ങളെന്നു ചൂണ്ടിക്കാണിക്കാൻ തായ്‍വാൻ ആശ്രയിക്കുന്നതും ഇതേ ചരിത്ര രേഖകൾ തന്നെയാണ്.
    Published by:Anuraj GR
    First published: