കോവിഡ് മഹാമാരി ആരംഭിച്ച് ഒന്നര വർഷത്തിന് ശേഷവും ലോകം മുഴുവൻ അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്. എന്നാൽ ഇതിനിടെ അതിവേഗം പ്രതിരോധ കുത്തിവയ്പ് നൽകിക്കൊണ്ടിരിക്കുന്നതിനാൽ മാസ്ക്ക് ഇല്ലാത്ത സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് ചില രാജ്യങ്ങൾ. എല്ലാവർക്കും പൂർണ്ണമായും വാക്സിൻ ലഭിക്കുന്നതിന് കാലതാമസം നേരിടുമെങ്കിലും വാക്സിന്റെ ആദ്യ ഡോസ് വിതരണം വേഗത്തിലാക്കാനാണ് വിവിധ രാജ്യങ്ങളുടെ ശ്രമം. എന്നാൽ ചില ഗൂഢ സിദ്ധാന്തങ്ങളാൽ സ്വാധീനിക്കപ്പെട്ടവരും വ്യക്തിപരമായ വിശ്വാസങ്ങൾ കാരണം വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവരും എല്ലാ രാജ്യങ്ങളിലുമുണ്ട്. ഇതിനിടെ വാക്സിനേഷനെ എതിർക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെർട്.
രാജ്യത്തെ പൗരന്മാർ വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കടുത്ത നടപടികൾ എടുക്കാൻ ഒരുങ്ങുകയാണെന്ന് ഡുറ്റെർട് പ്രഖ്യാപിച്ചു. വാക്സിൻ എടുക്കാത്തവരെ ജയിലിൽ അടയ്ക്കുമെന്നാണ് ഭീഷണി. 13 ലക്ഷത്തിലധികം കോവിഡ് കേസുകളും 23,000ത്തിലധികം മരണങ്ങളുമാണ് ഫിലിപ്പീൻസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ ഫിലിപ്പീൻസ് ജനത ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ്, വാക്സിൻ എടുക്കാത്തവരെ ജയിലിലിടുമെന്ന ഭീഷണിയുമായി ഡുറ്റെർട് രംഗത്തെത്തിയിരിക്കുന്നത്.
Also Read-
കോവിഡ് 19നെതിരെ നിങ്ങളുടെ ശരീരത്തിൽ രോഗപ്രതിരോധ ശേഷി രൂപപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?
ഫിലിപ്പൈൻസിൻെറ തലസ്ഥാനമായ മനിലയിലെ നിരവധി വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കുറഞ്ഞതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച ടെലിവിഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രസിഡൻറ് "വാക്സിൻ സ്വീകരിക്കുക അല്ലെങ്കിൽ ജയിലിലടയ്ക്കും” എന്ന് വ്യക്തമാക്കിയത്.
റോഡ്രിഗോ നടത്തിയ പ്രസ്താവനകൾ വലിയ വിമർശനങ്ങൾക്ക് കാരണമായി. രാജ്യം ദേശീയ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ ഒരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതിനാൽ തന്നെ തെറ്റിദ്ധരിക്കരുതെന്നും രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ റോഡ്രിഗോ ഡുറ്റെർട് പറഞ്ഞു. "ജനങ്ങൾ വാക്സിനേഷന് തയ്യാറായില്ലെങ്കിൽ നിങ്ങളെ അറസ്റ്റ് ചെയ്യും. നിങ്ങളുടെ നിതംബത്തിൽ വാക്സിൻ കുത്തിവയ്ക്കും. ഭരണകൂടം ഇതിനകം തന്നെ കഷ്ടപ്പെടുകയാണ്, നിങ്ങൾ അതിന്റെ ഭാരം വർദ്ധിപ്പിക്കുകയാണ്” എന്നും റോഡ്രിഗോ ഡുറ്റെർട്ടിനെ ഉദ്ധരിച്ച് ഇൻക്വയറർ.നെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
Also Read-
Sputnik V | ഏറ്റവും സുരക്ഷിതമായ വാക്സിൻ സ്ഫുട്നിക്; ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
“എല്ലാ ജനങ്ങളും ശ്രദ്ധിക്കുക. എന്നെ ഈ കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. കാര്യങ്ങളിൽ ശക്തമായി ഇടപെടാൻ എനിക്ക് അറിയാം. വാക്സിനേഷൻ എടുക്കാൻ തയ്യാറല്ലെങ്കിൽ ഫിലിപ്പീൻസ് വിടുക. നിങ്ങൾക്ക് വേണമെങ്കിൽ ഇന്ത്യയിലേയ്ക്കോ അമേരിക്കയിലേയ്ക്കോ അല്ലെങ്കിൽ മറ്റെവിടെ വേണമെങ്കിലും പോകാം. എന്നാൽ നിങ്ങൾ ഇവിടെയുള്ളിടത്തോളം കാലം നിങ്ങളും വൈറസ് ബാധിക്കാൻ സാധ്യതയുള്ള മനുഷ്യരാണ്. അതിനാൽ സ്വയം പ്രതിരോധ കുത്തിവയ്പ് എടുക്കുക” വിവാദപരമായ പരാമർശങ്ങൾക്ക് പേരുകേട്ട ഡുറ്റെർട് കൂട്ടിച്ചേർത്തു.
ഡുറ്റെർട്ടിന്റെ പരാമർശങ്ങൾക്ക് വിരുദ്ധമായി, കോവിഡ് -19 വാക്സിൻ ആളുകൾ സ്വമേധയാ സ്വീകരിക്കണമെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥരുടെ അഭിപ്രായം. 110 മില്യൺ ജനസംഖ്യയുള്ള രാജ്യത്ത് ഈ വർഷം 70 മില്യൺ ആളുകൾക്ക് രോഗപ്രതിരോധ കുത്തിവയ്പ് നൽകാനാണ് ഗവൺമെൻറ് ലക്ഷ്യമിടുന്നത്. എന്നാൽ ജൂൺ 20 വരെയുള്ള കണക്ക് പ്രകാരം ഫിലിപ്പീൻസ് അധികൃതർ 2.1 ദശലക്ഷം ആളുകൾക്ക് മാത്രമാണ് വാക്സിൻ നൽകിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.