• HOME
  • »
  • NEWS
  • »
  • world
  • »
  • Hijab | പൊതു നിയന്ത്രണങ്ങളുടെ ഭാഗമാണെങ്കിൽ ഹിജാബ് നിരോധനമാകാം: യൂറോപ്യൻ യൂണിയൻ കോടതി

Hijab | പൊതു നിയന്ത്രണങ്ങളുടെ ഭാഗമാണെങ്കിൽ ഹിജാബ് നിരോധനമാകാം: യൂറോപ്യൻ യൂണിയൻ കോടതി

ശിരോവസ്ത്രങ്ങൾക്ക് പൊതുവായ നിരോധനം ഏർപ്പെടുത്തുന്നത് ജീവനക്കാരോട് മതത്തിൻ്റെ പേരിൽ വിവേചനം കാണിക്കുന്നതിന് തുല്യമായി കാണാനാകില്ലെന്നും ഇത് യൂറോപ്യൻ യൂണിയനിലെ നിയമങ്ങൾക്ക് വിരുദ്ധമല്ലെന്നുമാണ് കോടതിയുടെ വിധിയിലുള്ളത്.

  • Last Updated :
  • Share this:
    കർണ്ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതും തുടർന്നുള്ള വിവാദങ്ങളും ഇന്ത്യയിൽ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഹിജാബ് ധരിക്കാത്ത യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇറാനിൽ വലിയ തോതിലുള്ള പ്രക്ഷോഭങ്ങളും അരങ്ങേറുന്നുണ്ട്. ഇതിനിടയിൽ, പൊതുവായ ശിരോവസ്ത്ര നിരോധനത്തിൻ്റെ ഭാഗമാണെങ്കിൽ ഹിജാബ് നിരോധനമാകാം എന്ന് യൂറോപ്യൻ യൂണിയനിലെ നീതിന്യായ കോടതി വിധിച്ചു.

    ശിരോവസ്ത്രങ്ങൾക്ക് പൊതുവായ നിരോധനം ഏർപ്പെടുത്തുന്നത് ജീവനക്കാരോട് മതത്തിൻ്റെ പേരിൽ വിവേചനം കാണിക്കുന്നതിന് തുല്യമായി കാണാനാകില്ലെന്നും ഇത് യൂറോപ്യൻ യൂണിയനിലെ നിയമങ്ങൾക്ക് വിരുദ്ധമല്ലെന്നുമാണ് കോടതിയുടെ വിധിയിലുള്ളത്. മുൻപും സമാനമായ വിധി കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. നിഷ്പക്ഷത പുലർത്തണമെങ്കിൽ കമ്പനികൾക്ക് ശിരോവസ്ത്രം നിരോധിക്കാം എന്ന് 2021-ലാണ് ഇതേ കോടതി മുൻപ് വിധിച്ചിട്ടുള്ളത്.

    ബെൽജിയത്തിലെ ഒരു മുസ്ലീം സ്ത്രീ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് യൂറോപ്പിലെ കോടതി വ്യവഹാരങ്ങളുടെ തുടക്കം. ഒരു കമ്പനിയിൽ ആറ് ആഴ്ചത്തെ പരിശീലനത്തിന് അപേക്ഷിച്ച യുവതിയോട്, തങ്ങൾ ശിരോവസ്ത്രം ധരിക്കുന്നത് അനുവദിക്കുന്നില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു.

    തൊപ്പിയോ ക്യാപ്പുകളോ തലമറയ്ക്കുന്ന വസ്ത്രങ്ങളോ ഉൾപ്പെടെ ഒന്നും അനുവദിക്കില്ല എന്നായിരുന്നു കമ്പനിയുടെ നിലപാട്. ഇത് മതത്തിൻ്റെ അടിസ്ഥാനത്തിൽ ഉള്ളതല്ലെന്നും കമ്പനി വ്യക്തിമാക്കിയിരുന്നു. ഇതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ യൂറോപ്യൻ നിയമത്തെ കുറിച്ചുള്ള വ്യക്തതയ്ക്കായി ബെൽജിയത്തിലെ കോടതി കേസ് യൂറോപ്യൻ നീതിന്യായ കോടതിക്ക് കൈമാറി. തുടർന്നാണ്, ശിരോവസ്ത്ര നിരോധനം യൂറോപ്യൻ നിയമത്തിന് എതിരല്ലെന്ന് കോടതി വിധിച്ചിരിക്കുന്നത്. നിരോധനം പരോക്ഷമായ വിവേചനത്തിലേക്ക് നയിക്കുമോ എന്ന് ഇനി ബെൽജിയൻ കോടതിക്ക് തീരുമാനിക്കാം.

    Also read : ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ വേട്ടയാടി ഭരണകൂടം; നടുറോഡിൽ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്പ്

    ഫ്രാൻസും ജർമ്മനിയും നെതർലാൻ്റ്സും ഉൾപ്പെടെയുള്ള പല യൂറോപ്യൻ രാജ്യങ്ങളും ശിരോവസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കടുത്ത മതേതര നിയമങ്ങൾ നടപ്പാക്കുന്നതിൽ മുൻപന്തിയിലുള്ള ഫ്രാൻസ് തന്നെയാണ് യൂറോപ്പിൽ ആദ്യമായി ഇത്തരമൊരു നിരോധനം നടപ്പിലാക്കിയത്. 2004-ലാണ് സർക്കാർ സ്കൂളുകളിൽ മുസ്ലീം പെൺകുട്ടികൾ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചുകൊണ്ട് ഫ്രഞ്ച് സർക്കാർ തീരുമാനമെടുത്തത്. പിന്നീട് മറ്റു രാജ്യങ്ങളും ഇതേ വഴി പിന്തുടർന്നു. നെതർലാൻ്റ്സിൽ സ്കൂളുകളിലും ആശുപത്രികളിലും പൊതു ഗതാഗത സംവിധാനങ്ങളിലും നിഖാബിന് നിരോധനമുണ്ട്.

    ഈ വർഷത്തിൻ്റെ തുടക്കത്തിലാണ് ഇന്ത്യയിലും ഹിജാബുമായി ബന്ധപ്പെട്ട വിവാദങ്ങൾ തല പൊക്കിയത്. കർണ്ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഇത് പിന്നീടുള്ള പല ദിവസങ്ങളിലും സംഘർഷങ്ങൾക്ക് പോലും വഴിവെച്ചിരുന്നു. പല മുസ്ലീം പെൺകുട്ടികളും ഇതിൻ്റെ പേരിൽ വിദ്യാഭ്യാസം അവസാനിപ്പിക്കാൻ പോലും തയ്യാറായി.

    നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ചില വിദ്യാർത്ഥിനികൾ കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും നിരോധനം ശരിവയ്ക്കുകയായിരുന്നു.

    ഇവർ പിന്നീട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ചത് ഭിന്നവിധികളായിരുന്നു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് നിരോധനത്തെ അനുകൂലിച്ചപ്പോൾ അത് വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണ് എന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് സുധാംശു ധൂലിയ നിരോധനത്തെ എതിർക്കുകയായിരുന്നു.
    Published by:Amal Surendran
    First published: