പാകിസ്ഥാനിലെ സ്വകാര്യ ന്യൂസ് ചാനലില്‍ ജോലി ചെയ്തിരുന്ന ഹിന്ദു യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കറാച്ചിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നുമാണ് തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ആകാശ് റാം എന്ന യുവാവിനെയാണ് തട്ടിക്കൊണ്ട് പോയത്. സ്വകാര്യ ചാനലായ ബോല്‍ ന്യൂസിലെ മാര്‍ക്കറ്റിംഗ് ഹെഡ് ആയി ജോലി ചെയ്ത് വരികയായിരുന്നു ആകാശ്. വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയ ഇദ്ദേഹത്തെ ഒരു സില്‍വര്‍ നിറമുള്ള വാഹനത്തിലേക്കാണ് കയറ്റിയതെന്നും ബോല്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആകാശിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അമ്മ രംഗത്തെത്തിയിരുന്നു. മകനെ കണ്ടെത്തണമെന്ന് അവര്‍ രാജ്യത്തെ അധികൃതരോട് അപേക്ഷിക്കുന്ന വീഡിയോ ബോല്‍ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ ഗുലാം അബ്ബാസ് ഷാ ട്വീറ്റ് ചെയ്തിരുന്നു.
Also read-ഇമ്രാന് ഖാൻ – ബുഷ്റ ബീബി വിവാഹം ഇസ്ലാമിക വിരുദ്ധം; മതപണ്ഡിതൻ്റെ വെളിപ്പെടുത്തൽ
” ഞങ്ങള്‍ ഉറക്കത്തിലായിരുന്നു. രാവിലെ എട്ട് മണിയോടെയാണ് എന്റെ ഇളയമകന് വിളിച്ചത്. അവനാണ് പറഞ്ഞത് ആകാശിനെ ആരൊക്കെയോ തട്ടിക്കൊണ്ടുപോയെന്ന്. ഇതുവരെ അവനെക്കുറിച്ച് യാതൊരു വിവരവുമില്ല. എന്തിനാണ് അവര്‍ എന്റെ മകനെ തട്ടിക്കൊണ്ട് പോയത്. എന്റെ മകന് നിരപരാധിയാണ്. എന്റെ മകനെ തിരിച്ച് തരൂ,’ എന്നായിരുന്നു ആകാശിന്റെ അമ്മയുടെ വാക്കുകള്‍.
#Pakistan‘s Leading News Channel #BOLNews Marketing Head Akash Ram (Hindu) was abducted outside of his residence in the wee hours on Tuesday.the marketing head was abducted through a silver vehicle that was also often seen taking rounds outside #BOL ، Akash’s mother’s appeal👇 pic.twitter.com/KrvrKqLG0B
— Ghulam Abbas Shah (@ghulamabbasshah) April 12, 2023
” എന്നും ഇവിടെ മാത്രം എന്താണ് ഇത്രയധികം തട്ടിക്കൊണ്ട് പോകലുകള്‍ നടക്കുന്നത്. പാകിസ്ഥാന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് ആകാശ്. പാവങ്ങളെ അവന് സഹായിച്ചിട്ടേയുള്ളു. എന്താണ് അവന് ചെയ്ത തെറ്റ്? എന്റെ മകനെ എനിക്ക് കാണണം. അവനെ എനിക്ക് തിരികെ തരണം,’ അമ്മ പറഞ്ഞു.
അതേസമയം ആകാശിനെ തട്ടിക്കൊണ്ട് പോകാനുപയോഗിച്ച കാര്‍ ഇതിനുമുമ്പും അദ്ദേഹത്തിന്റെ ഓഫീസ് പരിസരത്ത് കണ്ടിരുന്നു. ആ പ്രദേശത്തെ സിസിടിവി ക്യാമറകളെല്ലാം തകര്‍ത്ത നിലയിലാണ്. അതേസമയം ആകാശിന്റെ തിരോധാനത്തില്‍ അപലപിച്ച് പാകിസ്ഥാന് തെഹ് രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഫവാദ് ചൗധരിയും രംഗത്തെത്തിയിരുന്നു.
പാകിസ്ഥാന്റെ പ്രതിഛായ ഇല്ലാതാക്കുന്ന പ്രവൃത്തിയാണ് ആകാശിനെ തട്ടിക്കൊണ്ടുപോയ സംഭവമെന്നാണ് ബോല്‍ ന്യൂസിലെ മുതിര്‍ന്ന അവതാരകന് സാമി ഇബ്രാഹിം പറഞ്ഞു. പാകിസ്ഥാനിലെ നീതിന്യായ വ്യവസ്ഥയെ ചൂഷണം ചെയ്യുന്നവരുടെ ശബ്ദം സംപ്രേക്ഷണം ചെയ്യരുതെന്ന് തീരുമാനമെടുത്ത ചാനലാണ് ബോല്‍ ന്യൂസെന്ന് സാമി ഇബ്രാഹിം പറഞ്ഞു. അതിന്റെ ബാക്കിപത്രമാണ് ഈ സംഭവങ്ങളെന്നും അദ്ദേഹം പറയുന്നു.
” ഞങ്ങള്‍ ഉടന്‍ തന്നെ ഒരു പത്ര സമ്മേളനം വിളിച്ച് കൂട്ടും. പാകിസ്ഥാനിലെ മനുഷ്യവകാശ ലംഘനങ്ങളുടെ സ്ഥിതി ലോകത്തെ അറിയിക്കാനായിരിക്കും ആ സമ്മേളനം വിളിച്ച് ചേര്‍ക്കുക,’ സാമി ഇബ്രാഹിം പറഞ്ഞു.
അതേസമയം പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. അവരെ തട്ടിക്കൊണ്ടുപോകുക, നിര്‍ബന്ധിച്ച് മതമാറ്റുക എന്നിവയെല്ലാം പാകിസ്ഥാനില്‍ വളരെ സാധാരണമാണ്. ഹിന്ദു സമൂഹത്തിലെ ന്യൂനപക്ഷ വിഭാഗമാണ് ഇതിനെല്ലാം ഇരയാകേണ്ടി വരുന്നത്.
കഴിഞ്ഞ മാസമാണ് ദയാല്‍ സിംഗ് എന്നയാള്‍ പെഷവാറില്‍ കൊല്ലപ്പെട്ടത്. തന്റെ കടയുടെ മുന്നിലിരിക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. അതേ മാസം തന്നെയാണ് ബിര്‍ബല്‍ ജെനാനി എന്ന ഹിന്ദു ഡോക്ടറും കൊല്ലപ്പെട്ടത്. കറാച്ചിയിലായിരുന്നു ഈ സംഭവം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.