• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഈ ജന്‍മദിനം ആഘോഷിക്കുന്നതാര് ?

ഇന്ത്യയിലെ പതിനേഴ് ശതമാനം ജനങ്ങള്‍ ഹിറ്റ്‌ലറെ ഇഷ്ടപ്പെടുന്നവരാണെന്ന് ചില സര്‍വേ ഫലവങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

Asha Sulfiker | news18
Updated: April 20, 2018, 11:43 PM IST
ഈ ജന്‍മദിനം ആഘോഷിക്കുന്നതാര് ?
ഇന്ത്യയിലെ പതിനേഴ് ശതമാനം ജനങ്ങള്‍ ഹിറ്റ്‌ലറെ ഇഷ്ടപ്പെടുന്നവരാണെന്ന് ചില സര്‍വേ ഫലവങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
Asha Sulfiker | news18
Updated: April 20, 2018, 11:43 PM IST
മാമംഗലത്ത് മാധവന്‍കുട്ടി മലയാളികള്‍ക്ക് അത്ര പരിചിതമായ പേരല്ല. എന്നാല്‍ ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയെ കേരളം മുഴുവന്‍ അറിയും. അഞ്ച് പെങ്ങന്‍മാര്‍ക്ക് കാവലായ കാര്‍ക്കശ്യക്കാരനായ സഹോദരന്‍. ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ സ്വേച്ഛാധിപതികളിലൊരാളുടെ പേര് ആ സഹോദരന് വട്ടപ്പേരായി സംവിധായകന്‍ സിദ്ദീഖ് നല്‍കിയത് യാദൃശ്ചികമായി ആകണമെന്നില്ല. ആര്യന്‍ ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ അതിക്രൂരമായ രീതിയില്‍ ദശലക്ഷ കണക്കിന് ജൂതന്‍മാരെയും രാഷ്ട്രീയ വിരോധികളെയും കൊന്നൊടുക്കിയ ഹിറ്റ്‌ലര്‍ എന്ന ഭരണാധികാരി, പ്രതികൂലമായാണങ്കില്‍ പോലും ജനങ്ങള്‍ക്കിടയില്‍ എത്ര മാത്രം പ്രശസ്തനായിരുന്നു എന്നതിന്റെ തെളിവ് കൂടിയായിരുന്നു ഇത്.

വംശഹത്യയെ തന്നെ അതിനിഷ്ഠൂരമായ തരത്തില്‍ പുനര്‍വ്യാഖ്യാനം ചെയ്ത ആ ഭരണാധികാരിയുടെ 129-ാം ജന്‍മവാര്‍ഷികമാണിന്ന് (ഏപ്രില്‍ 20). കസ്റ്റംസിലെ ജീവനക്കാരനായ അലോയ്സ് ഹിറ്റ്ലറുടെയും ക്ലാര പോള്‍സിലിന്റെയും മകനായി ഓസ്ട്രിയഹങ്കറി പ്രദേശമായ ബ്രോണൗ ആം ഇന്നില്‍ 1889 ഏപ്രില്‍ 20 നാണ് അഡോള്‍ഫ് ഹിറ്റ്ലര്‍ ജനിക്കുന്നത്. വളരെ ചെറുപ്രായം മുതല്‍ തന്നെ ജര്‍മ്മന്‍ ദേശീയതയോട് അതീവ താത്പ്പാര്യം കാട്ടിയ അദ്ദേഹം 1919 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും 1921 ല്‍ നാസി പാര്‍ട്ടിക്ക് രൂപം കൊടുക്കുകയും ചെയ്തു. പരാജയപ്പെട്ട ഒരു പട്ടാള അട്ടിമറി ശ്രമത്തിലൂടെ 1923 ല്‍ ജയിലിലായ ഹിറ്റ്‌ലര്‍, അവിടെ വച്ചാണ് തന്റെ ആശയങ്ങളും ലക്ഷ്യങ്ങളും വിവരിക്കുന്ന മേന്‍ കാഫ് (എന്റെ പോരാട്ടം) എന്ന പുസ്തകം രചിക്കുന്നത്. ലോകക്ലാസികുകളില്‍ തന്നെ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ പുസ്തകം ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നാണ്.

ജര്‍മ്മനി സാമ്പത്തിക മാന്ദ്യത്തിലാണ്ടു കിടന്ന സമയങ്ങളില്‍ തന്റെ അസാമാന്യ വാക്ചാതുര്യം കൊണ്ട് രാജ്യത്തെ ജനങ്ങളെ കയ്യിലെടുത്ത ഹിറ്റ്‌ലര്‍ 1933 ല്‍ ജര്‍മ്മന്‍ ചാന്‍സലറായി അധികാരമേറ്റു.ലോകം കണ്ടതില്‍ വച്ചേറ്റവും ക്രൂരമായ ഒരു ഏകാധിപത്യഭരണത്തിനാണ് പിന്നീട് ജര്‍മ്മനി സാക്ഷ്യം വഹിച്ചത്. ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനും ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് നിലവില്‍ വന്ന വിലക്കുകള്‍ എടുത്തു കളയാനും ഹിറ്റ്‌ലര്‍ പ്രത്യേകം ശ്രദ്ധിച്ചു. അദ്ദേഹം നടപ്പിലാക്കിയ കഠിനമായ വിദേശ നയങ്ങളാണ് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച പ്രാഥമിക കാരണങ്ങളിലൊന്നായി കരുതപ്പെടുന്നത്.



ഫാസിസത്തിന്റെ അതിക്രൂരമായ മുഖങ്ങളിലൊന്നായ ഹിറ്റ്‌ലര്‍, ആര്യന്‍ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനായി ജൂതന്‍മാരെയടക്കം ദശലക്ഷക്കണക്കിന് പേരെയാണ് കൊന്നൊടുക്കിയത്. കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലെയും ഗ്യാസ് ചേംബറുകളിലെയും കൂട്ടക്കുരുതി കഥകളിലൂടെ പൈശാചികതയുടെ പര്യായമായി ഹിറ്റ്‌ലര്‍ ഇന്നും വിശേഷിപ്പിക്കപ്പെടുന്നു. 1939 ല്‍ ജര്‍മ്മനി സൈന്യം പോളണ്ട് പിടിച്ചടക്കിയതോടെ ബ്രിട്ടനും ഫ്രാന്‍സും ഇവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1941 സോവിയറ്റ് യൂണിയന്‍ പിടിച്ചടക്കാനുള്ള ശ്രമങ്ങള്‍ ഹിറ്റ്‌ലര്‍ ആരംഭിച്ചു. എന്നാല്‍ യുഎസിന്റെ ഇടപെടല്‍ ഉണ്ടായതോടെ പരാജയപ്പെട്ട ഈ ശ്രമം ഹിറ്റ്‌ലറുടെ തകര്‍ച്ചയിലേക്കാണ് നയിച്ചത്. സോവിയറ്റിന്റെ ചുവപ്പു പട ജര്‍മ്മനിയിലേക്ക് കുതിച്ചു കയറുന്നത് കണ്ട് അപകടം മണത്ത ഹിറ്റ്‌ലര്‍ തന്റെ പത്‌നിയുമൊത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. പരാജിതനായെങ്കിലും തോല്‍വി അംഗീകരിക്കാന്‍ തയ്യാറാകാത്ത ഹിറ്റ്‌ലര്‍ക്ക് സ്മാരകം ഉയരുമെന്ന ആശങ്കയില്‍ അദ്ദേഹത്തിന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിക്കപ്പെട്ടു.

നരഹത്യ,വംശീയ മൗലിക വാദം തുടങ്ങി ഹിറ്റ്‌ലറുടെ ക്രൂരതയുടെ കഥകള്‍ ലോകപ്രശസ്തമാണെങ്കിലും ഇന്ത്യ  ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇദ്ദേഹത്തിന് ആരാധകരുണ്ടെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഇന്ത്യയിലെ പതിനേഴ് ശതമാനം ജനങ്ങള്‍ ഹിറ്റ്‌ലറെ ഇഷ്ടപ്പെടുന്നവരാണെന്ന് ചില സര്‍വേ ഫലവങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ്, നെല്‍സണ്‍ മണ്ടേല, എബ്രഹാം ലിങ്കണ്‍ എന്നിവരെക്കാളും മുകളിലാണ് ഈ കണക്കുകള്‍ എന്നതാണ് ശ്രദ്ധേയം. 1940 കളില്‍ പൊതുശത്രുവായ ബ്രിട്ടനെ നേരിടാന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഹിറ്റ്‌ലറുമായി കൈകോര്‍ത്തിരുന്നുവെങ്കിലും പിന്നീട് ഈ ബന്ധം അവസാനിക്കുകയാണുണ്ടായത്.

ഹിറ്റ്‌ലറോടുള്ള അഭിനിവേശം തുറന്നു പ്രകടിപ്പിച്ച നേതാക്കന്‍മാരിലൊരാളായിരുന്നു ശിവസേന മുന്‍ തലവന്‍ ബാല്‍ താക്കറെ. ഹിറ്റ്‌ലറെപ്പോലെ ഒരു ഭരണാധികാരി ആയിരുന്നു ഇന്ത്യക്ക് ആവശ്യമെന്നായിരുന്നു താക്കറെയുടെ അഭിപ്രായം. രാജ്യത്ത് ഏകാധിപത്യപ്രവണതകള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണിപ്പോള്‍.പ്രത്യയശാസ്ത്രത്തെക്കാളുപരി വ്യക്തി പൂജയിലധിഷ്ഠിതമായ പാര്‍ട്ടികള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാലഘട്ടം. രാജ്യത്തെ പതിനേഴ് ശതമാനം ജനങ്ങള്‍ ഏകാധിപത്യത്തിന്റെ മൂര്‍ത്തിമത് ഭാവമായ ഹിറ്റ്‌ലറെ ആരാധിക്കുന്നുവെന്ന 2002 ലെ സര്‍വേ ഫലങ്ങള്‍ ഈ ഒരു സാഹചര്യത്തിലാണ് ചേര്‍ത്തു വായിക്കപ്പെടേണ്ടത്.
First published: April 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...