താൻ ഒരു ഹിന്ദുവാണെന്നും ഇസ്ലാമിക തീവ്രവാദത്തെ ഒരിക്കലും പിന്തുണക്കില്ലെന്നും ലണ്ടനില്‍ അറസ്റ്റിലായ ഇന്ത്യന്‍ പൗരൻ സുന്ദർ നാഗരാജൻ. തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളക്ക് ധനസഹായം നൽകുന്ന നസീം സയീദ് അഹമ്മദിനു വേണ്ടി ഫണ്ട് നൽകി എന്നാണ് ഇയാൾക്കെതിരായ ആരോപണം. എന്നാൽ ഈ ആരോപണങ്ങളെല്ലാം സുന്ദർ നാഗരാജൻ നിഷേധിച്ചു. നാഗരാജനെ അമേരിക്കയ്ക്ക് കൈമാറാനും ധാരണയായിരുന്നു.
നാഗരാജന്റെ അറസ്റ്റിനെത്തുടർന്ന് ഇയാളുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. വിധി കേട്ട് പൊട്ടിക്കരയുകയായിരുന്നു ലണ്ടൻ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ നാഗരാജന്റെ മകൻ. വിചാരണവേളയിലുടനീളം നാഗരാജൻ ശാന്തനായാണ് കാണപ്പെട്ടത്.
റിട്ടയേർഡ് അക്കൗണ്ടന്റാണ് 65 കാരനായ നാഗരാജൻ. പതിനഞ്ചോളം പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏപ്രിൽ 18ന് പുലർച്ചെ 5.45 ന് വീട്ടിലെത്തിയ പോലീസുകാർ ഇയാളെ വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു. ഇയാളുടെ ആഭരണങ്ങളും ഉപകരണങ്ങളുമെല്ലാം പോലീസ് പിടിച്ചെടുത്തു. ഇപ്പോൾ ലണ്ടൻ ജയിലിലാണ് നാഗരാജൻ. ഇത്രയും നല്ല സ്വഭാവമുള്ള ഒരു മനുഷ്യനെ ഈ രീതിയിൽ അറസ്റ്റ് ചെയ്തുകൊണ്ടു പോയത് ശരിയായ നടപടിയല്ലെന്ന് നാഗരാജന്റെ ബാരിസ്റ്റർ ജോർജ്ജ് ഹെപ്ബേൺ സ്കോട്ട് കോടതിയിൽ പറഞ്ഞു.
Also Read- മയക്കുമരുന്നിന്റെ അമിത ഉപയോഗം; സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഓരോ 10 മണിക്കൂറിലും ഒരാള്‍ മരിക്കുന്നുവെന്ന് റിപ്പോർട്ട്
“നാഗരാജൻ ഹിന്ദു പശ്ചാത്തലമുള്ള ഒരു വ്യക്തിയാണ്. അയാൾ ഒരു ഇസ്ലാമിക ഭീകരനല്ല. ഇസ്ലാമിക ഭീകരതയെ അയാൾക്ക് അംഗീകരിക്കാനാവില്ല”, സ്കോട്ട് പറഞ്ഞു. ഭാര്യയുടെ ശവസംസ്കാര ചടങ്ങുകൾ നടത്താനും കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരാനും സുഖമില്ലാത്ത ഇളയ മകനെ ശുശ്രൂഷിക്കാനുമൊക്കെ നാഗരാജന് ജാമ്യം അനുവദിക്കണമെന്നും സ്കോട്ട് കോടതിയോട് അഭ്യർത്ഥിച്ചു.
നാഗരാജന്റെ അറസ്റ്റ് വാർത്ത അറിഞ്ഞയുടൻ ഇയാളുടെ മൂത്തമകൻ അമേരിക്കയിൽ നിന്ന് യുകെയിൽ എത്തിയിരുന്നു. തന്റെ പിതാവിന്റെ മോചനത്തിനായി എന്തും ചെയ്യാൻ തയ്യാറാണെന്നു പറഞ്ഞ ഇയാൾ ജാമ്യം ലഭിക്കുന്നതിനായി 60,000 പൗണ്ട് നൽകുകയും ചെയ്തു. എന്നാൽ ജില്ലാ ജഡ്ജി ബ്രയോണി ക്ലാർക്ക് ജാമ്യാപേക്ഷ നിരസിച്ചു. ബെൽജിയത്തിലും ഇന്ത്യയിലും നാഗരാജനുള്ള ബന്ധങ്ങളെക്കുറിച്ചും ആസ്തികളെക്കുറിച്ചു ദക്ഷിണാഫ്രിക്കൻ വിസയ്ക്കുള്ള അപേക്ഷയെക്കുറിച്ചുമൊക്കെ തനിക്ക് അറിയാമെന്നും ജാമ്യം അനുവദിച്ചാൽ ഇയാൾ രക്ഷപെടാൻ സാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു.
നസീം അഹമ്മദിന്റെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ നാഗരാജനും പങ്കുണ്ടായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. 2021 ജനുവരിക്കും 2022 ഓഗസ്റ്റിനും ഇടയിൽ, അമേരിക്കയുടെ ഉപരോധത്തെ മറികടന്ന് യുഎസിലേക്ക് വലിയ അളവിൽ ഇയാളും സംഘവും വജ്രങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും നടത്തിയതായും ജഡ്‍ജി പറഞ്ഞു. “നാഗരാജനാണ് ഈ ഇടപാടുകൾക്കെല്ലാം നേതൃത്വം നൽകിയതും ഇടപാടുകൾ സുഗമമാക്കുകയും ചെയ്തത്”, ജഡ്‍ജി കൂട്ടിച്ചേർത്തു. നാഗരാജൻ സയീദ് അഹമ്മദിന് വേണ്ടി ജോലി ചെയ്തിരുന്നു എന്നും ഇയാൾക്കു വേണ്ടി നികുതി ഫോമുകളും മറ്റും പൂരിപ്പിച്ചു നൽകിയിരുന്നതായും ജഡ്‍ജി ബ്രയോണി ക്ലാർക്ക് കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.