• HOME
  • »
  • NEWS
  • »
  • world
  • »
  • 'അവർ എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ പോരാടും'; വധശ്രമത്തിനു പിന്നാലെ ഇമ്രാൻ ഖാൻ

'അവർ എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ പോരാടും'; വധശ്രമത്തിനു പിന്നാലെ ഇമ്രാൻ ഖാൻ

"എനിക്കറിയാം അവർ എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ അവർക്കറിയില്ല എന്നെ രക്ഷിക്കാൻ അല്ലാഹുവുണ്ടെന്ന്. ഞാൻ തിരിച്ചു പോരാടുക തന്നെ ചെയ്യും"

  • Share this:
തന്നെ വധിക്കാൻ ആഗ്രഹിക്കുന്നവർക്കെതിരെ ശക്തമായി പോരാടുമെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ന് വൈകിട്ടാണ് പാകിസ്ഥാനിലെ വസീറാബാദിൽ റാലിക്കിടെ ഇമ്രാൻ ഖാന് വെടിയേറ്റത്. മൂന്ന് ബുള്ളറ്റുകളാണ് ഇമ്രാൻ ഖാന്റെ ശരീരത്തിൽ ഏറ്റത്.

തന്റെ മരണം ചിലർ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അവർക്കെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്നും മുൻ പാക് പ്രധാനമന്ത്രി പ്രതികരിച്ചതായി സിഎൻഎൻ ന്യൂസ് 18 ന് ലഭിച്ചു. "എനിക്കറിയാം അവർ എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ അവർക്കറിയില്ല എന്നെ രക്ഷിക്കാൻ അല്ലാഹുവുണ്ടെന്ന്. ഞാൻ തിരിച്ചു പോരാടുക തന്നെ ചെയ്യും" എന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം.

കാലുകൾക്കാണ് ഇമ്രാൻ ഖാന് വെടിയേറ്റത്. അദ്ദേഹം അപകടനില തരണം ചെയ്തതായി ആരോഗ്യമന്ത്രി യാസ്മിൻ റഷീദ് അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ലാഹോറിലുള്ള ശൗക്കത്ത് ഖാനും ആശുപത്രിയിലേക്ക് ഇമ്രാൻ ഖാനെ മാറ്റിയിരിക്കുകയാണ്.
Also Read- റാലിക്കിടെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് വെടിയേറ്റു

ഇമ്രാൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന ഡോ. ഫൈസൽ സുൽത്താന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തേയും രൂപീകരിച്ചിട്ടുണ്ട്.

റാലിക്കിടെയുണ്ടായ വെടിവെപ്പിൽ പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ഒരു മരണവും ഉണ്ടായതായി പൊലീസ് അറിയിച്ചു.

ഇമ്രാൻഖാനെതിരെയുണ്ടായ ആക്രമണത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് അപലപിച്ചു. ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്താനും ഇമ്രാൻ ഖാന് സുരക്ഷയൊരുക്കാനും പഞ്ചാബ് സർക്കാരിന് എല്ലാവിധ സഹകരണവും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും ഷഹബാസ് ശരീഫ് വ്യക്തമാക്കി.

സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രിക്ക് നിർദേശം നൽകിയതായും ഇമ്രൻ ഖാനും പരിക്കേറ്റ മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

ഇമ്രാൻ ഖാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപത്തായിരുന്നു അക്രമം. ഇമ്രാന്റെ മാനേജർ ഉൾപ്പെടെയുള്ളവർക്ക് വെടിവയ്പ്പിൽ പരുക്കേറ്റു.

ഒക്ടോബർ 28 നാണ് ഫെഡറൽ ഗവൺമെന്റിനെതിരെ ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് ആരംഭിച്ചത്. ലാഹോറിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ഇമ്രാന്റെ നേതൃത്വത്തിലുള്ള പിടിഐ പാർട്ടിയുടെ ആയിരക്കണക്കിന് പ്രവർത്തകരും പിന്തുണക്കുന്നവരും പങ്കെടുത്തിരുന്നു.

ഈ വർഷം ഏപ്രിലിൽ പാർലമെന്റിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ ‌ഇമ്രാൻ ഖാനെ പുറത്താക്കിയതിന് പിന്നാലെ, തന്നെ പുറത്താക്കിയത് ‌ ‌ഷഹബാസ് ഷെരീഫും അമേരിക്കയും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ഖാൻ ആരോപിച്ചിരുന്നു.

നേരത്തെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇമ്രാൻ ഖാൻ ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ചിന് നേതൃത്വം നൽകിയത്. നിലവിലെ ദേശീയ അസംബ്ലിയുടെ കാലാവധി 2023 ഓഗസ്റ്റിൽ അവസാനിക്കും, 60 ദിവസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തണം.
Published by:Naseeba TC
First published: