ന്യൂയോർക്ക്: "എനിക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും സാധിക്കും" ടൈം മാഗസിന്റെ ആദ്യ 'കിഡ് ഓഫ് ദി ഇയർ' ജേതാവായ ഇന്ത്യൻ-അമേരിക്കൻ വംശജയയായ പതിനഞ്ചുകാരി ഗീതാഞ്ജലി റാവുവിന്റെ വാക്കുകളാണിത്. സൈബർ ആക്രമണം മുതൽ കുടിവെള്ള മലിനീകരണം വരെയുള്ള പ്രശ്നങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നേരിട്ടതിനാണ് പുരസ്കാരം.
ലോകം അതിനെ രൂപപ്പെടുത്തന്നവർക്കുള്ളതാണ്. ഇപ്പോൾ എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ലെങ്കിലും ഓരോ പുതിയ തലമുറയും ഇപ്പോൾ ഈ കുട്ടികളുടെ നേട്ടത്തേക്കാൾ കൂടുതൽ സംഭാവന ചെയ്യുമെന്ന് ഉറപ്പാണ്. ഇതാണ് ഏറ്റവും മികച്ച കാര്യം. ഗീതാഞ്ജലിയെ പുരസ്കാര ജേതാവായി പ്രഖ്യാപിച്ച് ടൈം മാഗസിൻ വ്യക്തമാക്കി.
മിടുക്കന്മാരും മിടുക്കികളുമായ 5,000 ഓളം കുട്ടികളിൽ നിന്നാണ് ഗീതാഞ്ജലിയെ ടൈം കിഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത്. ഹോളിവുഡിലെ സൂപ്പർ താരം ആഞ്ജലീന ജോളി ഗീതാഞ്ജലിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന്റെ വീഡിയോയും ടൈം പുറത്തുവിട്ടിരുന്നു.
"നിരീക്ഷണം, ബോധവത്കരണം, പഠനം, നിർമാണം, ജനങ്ങളിലേക്ക് എത്തിക്കുക" , തന്റെ രീതിയെ കുറിച്ച് ആഞ്ജലീനയുമായുള്ള അഭിമുഖത്തിൽ ഗീതാഞ്ജലി പറയുന്നു.
You may also like:ഭാഗ്യം വരുന്ന വഴികൾ; ക്രിസ്മസ് ട്രീ വഴികാട്ടി; 1.2 കോടി രൂപ ലോട്ടറിയടിച്ച് യുവതി
ലോകത്തെമ്പാടുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സമാനചിന്താഗതിയുള്ള സമപ്രായക്കാരെ ഉൾകൊള്ളിച്ച് കൂട്ടായ്മയാണ് താൻ ലക്ഷ്യമിടുന്നതെന്ന് ഗീതാഞ്ജലി വ്യക്തമാക്കുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിക്കാതെ നിങ്ങൾക്ക് തോന്നുന്ന പ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കൂ എന്നാണ് ഗീതാഞ്ജലിയുടെ സന്ദേശം.
"എനിക്ക് സാധിക്കുമെങ്കിൽ, ഇതൊക്കെ ആർക്കും പറ്റും". സ്വന്തം പ്രയത്നങ്ങളെ കുറിച്ച് ലളിതമായി ഗീതാഞ്ജലി പറയുന്നു. ലോകത്തിനെ കുറിച്ചും ഭാവിയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചും കൃത്യമായ ധാരണ ഈ പതിനഞ്ചുകാരിക്കുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത തരം പ്രശ്നങ്ങളാണ് തന്റെ തലമുറ നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് ഗീതാഞ്ജലി പറയുന്നത്.
You may also like:കർഷക സമരത്തിന് പിന്തുണ; ബെൻസ് ഒഴിവാക്കി വരൻ വിവാഹവേദിയിലെത്തിയത് ട്രാക്ടറിൽ
പുതിയ വെല്ലുവിളികൾ ഉയരുമ്പോൾ തന്നെ നിലവിലുള്ള വെല്ലുവിളികളേയും നേരിടേണ്ടി വരുന്നു. ഉദാഹരണമായി ഗീതാഞ്ജലി പറയുന്നതിങ്ങനെ, "ഒരു മഹാമാരിക്ക് നടുവിലാണ് നാമിപ്പോൾ, അതേസമയം, കാലങ്ങളായി തുടരുന്നു മനുഷ്യാവകാശ പ്രശ്നങ്ങൾ നേരിടണം. കാലാവസ്ഥാ വ്യതിയാനം, സൈബർ ബുള്ളിയിങ് പോലുള്ള പ്രശ്നങ്ങൾ ഞങ്ങൾ ഉണ്ടാക്കിയതല്ല, പക്ഷേ അതൊക്കെ പരിഹരിക്കേണ്ടത് ഞങ്ങളാണ് ".
ശാസ്ത്രത്തോടുള്ള താത്പര്യത്തെ കുറിച്ചുള്ള ആഞ്ജലീനയുടെ ചോദ്യത്തിന് ഗീതാഞ്ജലിയുടെ മറുപടി ഇങ്ങനെ, "മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതാണ് ഓരോ ദിവസവും എന്റെ ലക്ഷ്യം. ആരെയെങ്കിലും സന്തോഷിപ്പിക്കുക."
സ്ഥിരം കണ്ടുപരിചയമുള്ള ശാസ്ത്രജ്ഞയല്ല താനെന്നും ഗീതാഞ്ജലി. ടിവിയിൽ താൻ കാണുന്ന ശാസ്ത്രജ്ഞരെല്ലാം വെളുത്ത തൊലിയുള്ളവരാണ്. ലിംഗം, പ്രായം, തൊലിയുടെ നിറം എന്നിവ നോക്കി ആളുകളുടെ റോളുകൾ തീരുമാനിക്കുന്നതാണ് തനിക്ക് ഏറ്റവും വിചിത്രമായി തോന്നുന്നതെന്നും ഗീതാഞ്ജലി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.