റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് (Vladimir Putin) ഒരു സ്ത്രീയായിരുന്നെങ്കില്‍ യുക്രെയ്നില്‍ യുദ്ധം (Ukraine War) നടക്കില്ലായിരുന്നുവെന്ന് ബ്രിട്ടീഷ് (British) പ്രധാനമന്ത്രി ബോറിസ് ജോണ്സണ് (Boris Johnson).
പുടിന് ഒരു സ്ത്രീയായിരുന്നുവെങ്കില്‍ അധിനിവേശത്തിന്റെയും അക്രമത്തിന്റെയും ഭ്രാന്തന് യുദ്ധം തുടങ്ങുമെന്ന് താൻ കരുതുന്നില്ലെന്ന് ജര്‍മന്‍ മാധ്യമമായ ഇസഡ്ഡിഎഫിന് (ZDF) നല്കിയ അഭിമുഖത്തില്‍ ബോറിസ് ജോണ്സണ് പറഞ്ഞു.
യുക്രൈനിലെ പുടിന്റെ അധിനിവേശം വിഷലിപ്തമായ 'പുരുഷാധിപത്യത്തിന്റെ ഉത്തമ ഉദാഹരണമാണ്'. ലോകമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നും അധികാര സ്ഥാനങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ വരണമെന്നും ജോൺസൺ പറഞ്ഞു.
അതേസമയം, ആളുകള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ തൽക്കാലം അത് നടക്കില്ലെന്നും പുടിന് സമാധാനം നൽകില്ലെന്നും ബോറിസ് ജോണ്സണ് വ്യക്തമാക്കി. റഷ്യയുമായി സമാധാന ചര്‍ച്ചകള്‍ സാധ്യമാകുന്ന തരത്തില്‍ പാശ്ചാത്യ ശക്തികള്‍ യുക്രൈനെ പിന്തുണക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അധിനിവേശത്തിനിടെ കിഴക്കന്‍ യുക്രെയ്ന് വിമത മേഖലകളെ പുടിന് സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചിരുന്നു. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന് സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്സ്കിനേയും ലുഹാന്‍സ്കിനെയുമാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്.
അതേസമയം, റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന യുക്രെയ്ന്റെ ആവശ്യം ഏറെ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ യുക്രെയ്ന് സ്ഥാനപതി ഐഗോര്‍ പൊലിഖ ആണ് ആവശ്യവുമായി ഇന്ത്യയെ സമീപിച്ചത്. റഷ്യ നടത്തുന്നത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും ഇത് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി സംസാരിക്കണമെന്നുമാണ് പൊലിഖ ആവശ്യപ്പെട്ടത്.
'ലോകനേതാക്കള്‍ പറഞ്ഞാല്‍ പുടിന് അനുസരിക്കുമോയെന്ന് എനിക്കറിയില്ല. ആഗോള തലത്തിലുള്ള തങ്ങളുടെ സര്‍വ്വശക്തിയുമെടുത്ത് ഇന്ത്യ ഇക്കാര്യത്തില്‍ ഇടപെടണം. ഞങ്ങള്‍ ഇന്ത്യയുടെ പിന്തുണ തേടുന്നു. മോദിജി ആദരണീയനായ നേതാവാണ്. റഷ്യയുമായി ഇന്ത്യക്ക് പ്രത്യേക ബന്ധമാണുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം. മോദിജിയുടെ ശക്തമായ പ്രതികരണം പുടിനെ ഒന്ന് ചിന്തിക്കാനെങ്കിലും പ്രേരിപ്പിക്കും' എന്നും പൊലിഖ വ്യക്തമാക്കിയിരുന്നു.ലോകത്തെ വിഴുങ്ങിയേക്കാവുന്ന ഒരു പ്രതിസന്ധി ഒഴിവാക്കാന്‍ റഷ്യയുമായുള്ള ശക്തമായ ബന്ധം ഇന്ത്യ ഉപയോഗിക്കണമെന്ന് പൊലിഖ അഭ്യര്‍ത്ഥിച്ചിരുന്നു.
റഷ്യ-യുക്രെയ്ൻ (Russia-Ukraine War) യുദ്ധം തുടരുന്നത് ലോകത്ത് വലിയ ഭക്ഷ്യ പ്രതിസന്ധിക്കു കൂടിയാണ് ഇടയാക്കിയിരിക്കുന്നത്. ലോകത്തിലെ ഗോതമ്പിന്റെയും ബാർലിയുടെയും ഏകദേശം മൂന്നിലൊന്നും കയറ്റുമതി ചെയ്യുന്നത് റഷ്യ, യുക്രെയ്ൻ എന്നീ രാജ്യങ്ങളിൽ നിന്നാണ്. സൂര്യകാന്തി എണ്ണയുടെ 70 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ വളം ഉൽപ്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് റഷ്യ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.