• HOME
 • »
 • NEWS
 • »
 • world
 • »
 • War in Ukraine | യുക്രെയ്‌ൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയിൽ 'ഗുരുതര പ്രത്യാഘാതം' സൃഷ്ടിക്കുമെന്ന് IMF

War in Ukraine | യുക്രെയ്‌ൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയിൽ 'ഗുരുതര പ്രത്യാഘാതം' സൃഷ്ടിക്കുമെന്ന് IMF

നിലവിലെ പ്രതിസന്ധി നേരിടുന്നതിന് വേണ്ടിയുള്ള യുക്രെയ്നിന്റെ അടിയന്തിര ധനസഹായ അഭ്യർത്ഥന അടുത്താഴ്ച പരി​ഗണിക്കുമെന്നും ഐഎംഎഫ് അറിയിച്ചു.

 • Share this:
  യുക്രെയ്നിൽ (Ukraine) ഇപ്പോൾ തുടരുന്ന യുദ്ധവും അനുബന്ധ ഉപരോധങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയിൽ (Global Economy) ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (International Monetary Fund) മുന്നറിയിപ്പു നൽകി. നിലവിലെ പ്രതിസന്ധി പണപ്പെരുപ്പത്തെയും (inflation) സാമ്പത്തിക പ്രവർത്തനങ്ങളെയും (economic activity) പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുകയാണന്നും ഐഎംഎഫ് ചൂണ്ടികാട്ടി.

  യുക്രെയ്‌നിലെ യുദ്ധം ഇതിനകം തന്നെ ഊർജത്തിന്റെയും ധാന്യത്തിന്റെയും വില ഉയരാൻ കാരണമായെന്നും റഷ്യയ്‌ക്കെതിരെ അഭൂതപൂർവമായ ഉപരോധം ഏർപ്പെടുത്തുന്ന സമയത്ത് ഒരു ദശലക്ഷത്തിലധികം അഭയാർഥികളെ അയൽ രാജ്യങ്ങളിലേക്ക് അയച്ചുവെന്നും ആഗോള വായ്പ സ്ഥാപനമായ ഐഎഎംഎഫ് പ്രസ്താവനയിൽ പറഞ്ഞു.

  നിലവിലെ പ്രതിസന്ധി നേരിടുന്നതിന് വേണ്ടിയുള്ള യുക്രെയ്നിന്റെ അടിയന്തിര ധനസഹായ അഭ്യർത്ഥന അടുത്താഴ്ച പരി​ഗണിക്കുമെന്നും ഐഎംഎഫ് അറിയിച്ചു. യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ നേരിടാൻ 1.4 ബില്യൺ ഡോളറിന്റെ അടിയന്തര ധനസഹായമാണ് യുക്രെയ്ൻ അഭ്യർത്ഥിച്ചിരിക്കുന്നത്.

  ബോർഡ് അടുത്താഴ്ച തന്നെ അഭ്യർത്ഥന പരി​ഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശനിയാഴ്ച ഐഎംഎഫ് പറഞ്ഞിരുന്നു. മാത്രമല്ല അയൽരാജ്യമായ മോൾഡോവയിലെ അധികൃതരുമായി ഫണ്ടിങ് ഓപ്ഷനുകളെക്കുറിച്ച് ചർച്ചകൾ നടത്തുകയാണെന്നും ഐഎംഎഫ് പറഞ്ഞു.

  “സാഹചര്യം വളരെ വേ​ഗത്തിൽ മാറികൊണ്ടിരിക്കുകയും ഭാവി അസാധാരണമായ അനിശ്ചിതത്വത്തിന് വിധേയമാവുകയും ചെയ്യുന്നതിനാൽ, സാമ്പത്തിക പ്രത്യാഘാതങ്ങൾ ഇതിനകം തന്നെ വളരെ ഗുരുതരമാണ്” മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിന് ശേഷം ഐഎംഎഫ് പ്രസ്താവനയിൽ പറഞ്ഞു.

  "ഇപ്പോൾ തുടരുന്ന യുദ്ധവും അനുബന്ധ ഉപരോധങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും" വില സമ്മർദ്ദം ഇതിനകം തന്നെ ഉയർന്നിരിക്കുന്നതിനാൽ ഈ പ്രതിസന്ധി പണപ്പെരുപ്പത്തെയും സാമ്പത്തിക പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുകയാണന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.

  വില വർധനവ് സൃഷ്ടിക്കുന്ന ആഘാതം ലോകമെമ്പാടും അനുഭവപ്പെടുമെന്നും, ഭക്ഷണത്തിനും ഇന്ധനത്തിനുമായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നതിനാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് അധികൃതർ ധനസഹായം നൽകണമെന്നും, യുദ്ധം രൂക്ഷമായാൽ സാമ്പത്തിക നഷ്ടം വർധിക്കുമെന്നും ഐഎംഎഫ് പറഞ്ഞു.

  യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ആഗോള സമ്പദ്‌വ്യവസ്ഥയിലും സാമ്പത്തിക വിപണികളിലും കാര്യമായ സ്വാധീനം ചെലുത്തും. മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്ക് കൂടി ഇത് പ്രതിഫലിച്ചേക്കാം.

  യുക്രെയ്നിലും മോൾഡോവയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ
  മനുഷ്യരുടെ എണ്ണത്തിൽ ഉണ്ടാകുന്ന നഷ്ടം മാത്രമല്ല യുക്രെയ്ൻ നേരിടുന്നത്. വൻ സാമ്പത്തിക നഷ്ടം കൂടിയാണ്. രാജ്യത്തെ തുറമുഖങ്ങളും വിമാനത്താവളങ്ങളും അടഞ്ഞു കിടക്കുകയാണ് പലതിനും വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി റോഡുകളും പാലങ്ങളും തകരുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഈ സാഹചര്യം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായിരിക്കും.

  “ഈ ഘട്ടത്തിൽ സാമ്പത്തിക ആവശ്യങ്ങൾ കൃത്യമായി വിലയിരുത്തുന്നത് വളരെ ബുദ്ധിമുട്ടാണെങ്കിലും, പൂർവ സ്ഥിതിയിലേക്ക് മടങ്ങിയെത്തുന്നതിന് യുക്രെയ്നിന് കാര്യമായ പുനർനിർമ്മാണ ചെലവുകൾ നേരിടേണ്ടിവരുമെന്ന് ഇതിനകം തന്നെ വ്യക്തമാണ്,” ഐഎംഎഫ് പറയുന്നു.

  യുക്രെയ്നിന്റെ 1.4 ബില്യൺ ഡോളറിന്റെ അടിയന്തര ധനസഹായ അഭ്യർത്ഥന അടുത്ത ആഴ്ച തന്നെ ബോർഡ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ക്രമീകരണത്തിന് കീഴിൽ ജൂൺ വരെ 2.2 ബില്യൺ ഡോളർ യുക്രെയ്‌നിന് ലഭ്യമാണ് എന്നാണ് കഴിഞ്ഞ ആഴ്ച ഐഎംഎഫ് വ്യക്തമാക്കിയത്. യുക്രെയ്നുമായും റഷ്യയുമായും അടുത്ത സാമ്പത്തിക ബന്ധമുള്ള മോൾഡോവിലും മറ്റ് രാജ്യങ്ങളിലും ക്ഷാമത്തിനുള്ള സാധ്യത ശക്തമായിരുന്നു എന്ന് ഐഎംഎഫ് പറഞ്ഞു. ഈ രാജ്യങ്ങൾ വിതരണ തടസ്സം നേരിടുന്നുണ്ട്.

  ഇപ്പോഴത്തെ ഈ പ്രതിസന്ധിയുടെ ചെലവ് നേരിടാൻ സഹായിക്കുന്നതിന് നിലവിലുള്ള 558 മില്യൺ ഡോളറിന്റെ ഐഎംഎഫ് വായ്പാ പദ്ധതി വർദ്ധിപ്പിക്കാനും പുനഃക്രമീകരിക്കാനും മോൾഡോവ അഭ്യർത്ഥിച്ചിരുന്നു. അതിനാൽ ഐഎംഎഫ് ജീവനക്കാർ മോൾഡോവയുമായി ധനസഹായം ലഭ്യമാക്കുന്നതിനുള്ള വിവിധ മാർ​ഗങ്ങളെ കുറിച്ച് സജീവ ചർച്ച നടത്തി വരികയാണെന്ന് ഐഎംഎഫ് പറഞ്ഞു.
  Published by:Arun krishna
  First published: