ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെയും ബുഷ്റ ബീബിയുടെയും വിവാഹം ഇസ്ലാമിക ശരിയത്ത് നിയമപ്രകാരമല്ല നടത്തിയതെന്ന് വെളിപ്പെടുത്തി മതപണ്ഡിതൻ. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2018ല്‍ ഇവരുടെ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച പുരോഹിതനായ മുഹ്തി മുഹമ്മദ് സയിദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബുഷ്റ ബീബിയുടെ ഇദ്ദത് കാലഘട്ടത്തിലാണ് ചടങ്ങ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.മൂന്ന് മാസമാണ് ഇദ്ദത് കാലഘട്ടം. ഭര്‍ത്താവിന്റെ മരണ ശേഷമോ വിവാഹം വേര്‍പ്പെടുത്തിയ ശേഷമോ മുസ്ലീം സ്ത്രീകള്‍ ആചരിക്കേണ്ട കാത്തിരിപ്പ് കാലഘട്ടമാണ് ഇദ്ദത് കാലം എന്നറിയപ്പെടുന്നത്.
ഇദ്ദത് കാലഘട്ടത്തില്‍ ബുഷ്റ ബീബിയെ വിവാഹം കഴിച്ചതിനെതിരെ ഇമ്രാന് ഖാനെതിരെ നിയമനടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. നിലവില്‍ തെഹ് രീക് -ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ ചെയര്‍മാനാണ് ഇമ്രാന് ഖാന്.
മുഹമ്മദ് ഹനീഫ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. ഇതോടെയാണ് വിഷയം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്. അതേസമയം ഇമ്രാന് ഖാനുമായി തനിക്ക് നല്ല ബന്ധമാണുള്ളത് എന്ന് മതപണ്ഡിതനായ സയിദ് പറഞ്ഞു. പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ താന്‍ അംഗമായിരുന്നുവെന്നും സയിദ് പറഞ്ഞു. വിവാഹം നടത്താനായി ഇമ്രാന് ഖാന് തന്നെയാണ് തന്നെ ലാഹോറിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്നും സയിദ് കൂട്ടിച്ചേര്‍ത്തു.
2018 ജനുവരി ഒന്നിനാണ് ദമ്പതികളുടെ വിവാഹം തന്റെ നേതൃത്വത്തില്‍ നടന്നതെന്ന് സയിദ് പറഞ്ഞു. അതേത്തുടര്‍ന്നാണ് ഇരുവരും ഇസ്ലാമാബാദിലേക്ക് തിരിച്ചതെന്നും തുടര്‍ന്ന് ഇരുവരും ഒന്നിച്ച് ജീവിക്കുകയായിരുന്നുവെന്നും സയിദ് പറഞ്ഞു.
2018 ഫെബ്രുവരിയില്‍ ഇമ്രാന് ഖാന് വീണ്ടും തന്നെ കാണാനെത്തിയിരുന്നുവെന്നും സയിദ് പറഞ്ഞു. വിവാഹ ചടങ്ങ് ഒരിക്കല്‍ കൂടി നടത്തണമെന്ന് പറഞ്ഞു. വിവാഹം കഴിക്കുന്ന കാലഘട്ടത്തില്‍ ബുഷ്റ ബീബിയുടെ ഇദ്ദത് കാലം അവസാനിച്ചിരുന്നില്ലെന്നും 2017 നവംബറിലാണ് ബുഷ്റയുടെ വിവാഹമോചനം നടന്നതെന്നുമായിരുന്നു ഇമ്രാന് സയിദിനോട് പറഞ്ഞത്. ശരിയത്ത് നിയമം അനുസരിച്ചുള്ള വിവാഹമായിരുന്നില്ല ബുഷ്റ ബീബിയുമായുള്ള വിവാഹമെന്ന് ഇമ്രാന് ഖാന് തന്നെ അറിയാമായിരുന്നുവെന്നും സയിദ് പറഞ്ഞു.
2018ലെ പുതുവത്സര ദിനത്തിലാണ് ഇരുവരും വിവാഹിതരായത്. അതിനാൽ ഇസ്ലാമിക വിരുദ്ധമായാണ് ഇരുവരും വിവാഹിതരായതെന്നും സയിദ് പറയുന്നു. റമദാന്റെ നാലാം ദിവസമാണ് പരാതിക്കാരനായ മുഹമ്മദ് ഹനീഫ് തന്നെ ബന്ധപ്പെട്ടതെന്നും സയിദ് പറഞ്ഞു. ഈ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കാനായിരുന്നു ഹനീഫ് തന്നെ വിളിച്ചതെന്നും സയിദ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.