ഹേഗ്: റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെ വംശഹത്യയ്ക്കെതിരെ നടപടി സ്വീകരിക്കാൻ മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. മ്യാൻമറിലെ റോഹിംഗ്യകൾ അങ്ങേയറ്റം ദുർബലരാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ് ജഡ്ജി അബ്ദുൾകവി അഹമ്മദ് യൂസഫ് പറഞ്ഞു. റോഹിംഗ്യകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള താൽക്കാലിക നടപടികൾക്കായുള്ള ഉത്തരവ് മ്യാൻമറിൽ "അന്താരാഷ്ട്ര നിയമപരമായ ബാധ്യതകൾ സൃഷ്ടിക്കുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു.
റോഹിങ്ക്യൻ അഭയാർഥികളുടെ വംശഹത്യ തടയാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് നാലുമാസത്തിനകം അറിയിക്കണമെന്നും മ്യാൻമറിനോട് നിർദേശിച്ചിട്ടുണ്ട്. അതിനിടെ കോടതിയുടെ ഏകകണ്ഠമായ തീരുമാനത്തെ മനുഷ്യാവകാശ പ്രവർത്തകർ സ്വാഗതം ചെയ്തു. “റോഹിംഗ്യകളുടെ വംശഹത്യ തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളാൻ മ്യാൻമറിനോടുള്ള ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ജനതയ്ക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള സുപ്രധാന നടപടിയാണിത്,” ന്യൂയോർക്ക് ആസ്ഥാനമായുള്ള അസോസിയേറ്റ് ഇന്റർനാഷണൽ ജസ്റ്റിസ് ഡയറക്ടർ പരം-പ്രീത് സിംഗ് പറഞ്ഞു.
റോഹിംഗ്യകളെ അടിച്ചമർത്തുന്നതിൽ മ്യാൻമർ വംശഹത്യ നടത്തിയെന്ന് ആരോപിക്കുന്ന മുസ്ലീം രാഷ്ട്രങ്ങളുടെ സംഘടനയ്ക്ക് വേണ്ടി ആഫ്രിക്കൻ രാഷ്ട്രമായ ഗാംബിയ കൊണ്ടുവന്ന കേസിലാണ് അന്താരാഷ്ട്ര കോടതിയുടെ താൽക്കാലിക ഉത്തരവ്. കഴിഞ്ഞ മാസം നടന്ന പൊതു വിചാരണകളിൽ, മ്യാൻമറിനെതിരെ നിരവധി തെളിവുകൾ നിരത്തിയിരുന്നു. മ്യാൻമറിന്റെ മുൻ ജനാധിപത്യ അനുകൂല മുഖമായിരുന്ന ആംഗ് സാൻ സൂകി 15 വർഷക്കാലം വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്ന സൈനിക സേനയുടെ പ്രചാരണത്തെ ന്യായീകരിച്ചതോടെ വാദംകേൾക്കലിനിടെ രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി.
ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാൻമർ റോഹിംഗ്യകളെ ബംഗ്ലാദേശിൽ നിന്നുള്ള "അഭയാർഥികൾ" ആയാണ് മുമ്പേ കരുതിയിരുന്നത്. എന്നാൽ അവരുടെ കുടുംബങ്ങൾ രാജ്യത്ത് തലമുറകളായി താമസിക്കുന്നുണ്ടെന്നാണ് റോഹിങ്ക്യൻ അനുകൂലികൾ പറയുന്നത്. 1982 മുതലാണ് ഏതാണ്ട് എല്ലാവർക്കും പൗരത്വം നിഷേധിക്കപ്പെട്ടത്. അവർക്ക് സഞ്ചാര സ്വാതന്ത്ര്യവും മറ്റ് അടിസ്ഥാന അവകാശങ്ങളും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് മ്യാൻമറിലുള്ളത്.
റോഹിംഗ്യൻ വിമത സംഘത്തിന്റെ ആക്രമണത്തിന് മറുപടിയായി 2017 ഓഗസ്റ്റിൽ മ്യാൻമറിന്റെ സൈന്യം വടക്കൻ റാഖൈൻ സംസ്ഥാനത്ത് ക്ലിയറൻസ് കാമ്പയിൻ ആരംഭിച്ചു. 700,000 ത്തിലധികം റോഹിംഗ്യകളെ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ നിർബന്ധിച്ചു. കൂടാതെ സുരക്ഷാ സേന ഇവരെ കൂട്ടമായി വധിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ആയിരകണക്കിന് റോഹിങ്ക്യകളുടെ വീടുകൾ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.
റോഹിംഗ്യകൾക്കെതിരായ പ്രത്യാക്രമണങ്ങളിൽ സുരക്ഷാ സേന യുദ്ധക്കുറ്റങ്ങൾ ചെയ്തുവെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്ന് മ്യാൻമർ സർക്കാർ സ്ഥാപിച്ച ഒരു സ്വതന്ത്ര കമ്മീഷൻ തീരുമാനിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് വ്യാഴാഴ്ച അന്താരാഷ്ട്ര കോടതിയുടെ വിധി വന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ വംശഹത്യ ആസൂത്രണം ചെയ്തതായോ നടപ്പാക്കിയതായോ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളില്ല.
മ്യാൻമറിലെ സ്വതന്ത്ര അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മനുഷ്യാവകാശ പ്രവർത്തകരുടെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. മ്യാൻമർ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന രാഷ്ട്രീയ കമ്മീഷൻ സുതാര്യമല്ലാത്ത അന്വേഷണത്തിൽനിന്നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്നും, ശരിയായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഡെപ്യൂട്ടി ഏഷ്യ ഡയറക്ടർ ഫിൽ റോബർട്ട്സൺ പറഞ്ഞു.
ബുദ്ധിശൂന്യമായ ഈ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നും മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരകൃത്യങ്ങൾ തടയണമെന്നും സ്വന്തം ജനതയുടെ ഈ വംശഹത്യ തടയണമെന്നും ഗാംബിയയിലെ നീതിന്യായ മന്ത്രി അബൂബാകർ തമ്പദോ ലോക കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവുകൾ നിയമപരമായി ബാധ്യസ്ഥമാണെങ്കിലും ആവശ്യമെങ്കിൽ അവ നടപ്പാക്കാൻ രാഷ്ട്രീയ സമ്മർദ്ദം ചെലുത്താൻ ഐക്യരാഷ്ട്രസഭയെ സമീപിക്കുമെന്നും പരാതിക്കാർ വ്യക്തമാക്കുന്നു. കേസിൽ അന്തിമ വിധി പുറപ്പെടുവിക്കാൻ കോടതി വർഷങ്ങളെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack against Rohingya, Genocide, Myanmar, Rohingya case, Rohingya myanmar, UN Court Orders