• HOME
 • »
 • NEWS
 • »
 • world
 • »
 • തീവ്രവാദ വിരുദ്ധ സമിതി യോ​ഗം: പാക്കിസ്ഥാനും ചൈനക്കുമെതിരെ നിശിത വിമർശനവുമായി ഇന്ത്യയും അമേരിക്കയും

തീവ്രവാദ വിരുദ്ധ സമിതി യോ​ഗം: പാക്കിസ്ഥാനും ചൈനക്കുമെതിരെ നിശിത വിമർശനവുമായി ഇന്ത്യയും അമേരിക്കയും

മുംബൈ ആക്രമണത്തിന്റെ സൂത്രധാരർ ഇപ്പോഴും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ചില രാഷ്ട്രീയ ഇടപെടലുകൾ കാരണം തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നതിൽ യുഎൻ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

 • Share this:
  മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരെ പാക്കിസ്ഥാൻ ഇപ്പോഴും സംരക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനക്കെതിരെയും അദ്ദേഹം നിശിത വിമർശനം ഉന്നയിച്ചു. കൂട്ടക്കൊലയുടെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞപ്പോഴും അവരെ യുഎൻ ഭീകരരുടെ പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും ശ്രമങ്ങളെ ചൈന തടഞ്ഞതും ജയശങ്കർ ചൂണ്ടിക്കാട്ടി.

  മുംബൈ ആക്രമണത്തിന്റെ സൂത്രധാരർ ഇപ്പോഴും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ചില രാഷ്ട്രീയ ഇടപെടലുകൾ കാരണം തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നതിൽ യുഎൻ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിന് എത്രത്തോളം വില നൽകേണ്ടി വരുമെന്ന് മറ്റെല്ലാവരെക്കാളും ഇന്ത്യക്ക് മനസിലായതായും അദ്ദേഹം പറഞ്ഞു. യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിന്റെ (UNSC) തീവ്രവാദ വിരുദ്ധ സമിതി (Counter-Terrorism Committee (UNCTC) ) മീറ്റിംഗിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  Also Read-'മോദി തികഞ്ഞ രാജ്യസ്നേഹി , സമീപഭാവി ഇന്ത്യയുടേത്' : റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍

  മുംബൈ ആക്രമണത്തിലെ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലവേർലി ഇരകളുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

  തീവ്രവാദ ആവശ്യങ്ങൾക്കായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് പ്രതിരോധിക്കുക എന്നതായിരുന്നു യോഗത്തിന്റെ പ്രമേയം. സോഷ്യൽ മീഡിയ, ഓൺലൈൻ പേയ്‌മെന്റുകൾ, യു‌എ‌വികൾ എന്നിവ പോലുള്ള പുതിയതും കൂടുതൽ നൂതനവുമായ സാങ്കേതികവിദ്യകൾ ഉപയോ​ഗിച്ച് ശക്തി പ്രാപിക്കുന്ന തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള വഴികളെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിനായി യോഗത്തിന്റെ രണ്ടാം ഭാ​ഗം ശനിയാഴ്ച ഡൽഹിയിൽ വെച്ചു നടക്കും.

  യോ​ഗത്തിലെ മറ്റു പ്രധാന പരാമർശങ്ങൾ താഴെപ്പറയുന്നവയാണ്

  1.  മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരും ആസൂത്രകരും ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ടെന്നാണ് താജ്മഹൽ പാലസ് ഹോട്ടലിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് എസ് ജയശങ്കർ ഊന്നിപ്പറഞ്ഞത്. ഭീകരാക്രമണം മുംബൈയ്ക്കെതിരെ മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന് നേരെ നടന്ന ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിക്കപ്പുറത്ത് നിന്നു വന്ന ഭീകരർ നഗരത്തിലെ ജനങ്ങളെ ബന്ധികളാക്കിയെന്നും പാകിസ്ഥാന്റെ പേര് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.

  2. ചില തീവ്രവാദികളെ നിരോധിക്കുന്ന കാര്യത്തിൽ യുഎന്നിൽ ചില രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായി. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരർക്കെതിരെയുള്ള യുഎൻഎസ്‌സിയുടെ നടപടി പലതവണ തടഞ്ഞ ചൈനയെക്കുറിച്ചുള്ള പരാമർശമായിരുന്നു ഇത്. "ഭീകരത ലോകത്തിന്റെ പല മേഖലകളെയും ബാധിച്ചിട്ടുണ്ടാകാം, എന്നാൽ അതിന്റെ വില മറ്റുള്ളവരെക്കാൾ കൂടുതൽ ഇന്ത്യ മനസിലാക്കുന്നു. എന്നാൽ അത്തരം അനുഭവങ്ങളിലൂടെ നമ്മൾ കൂടുതൽ കരുത്തരായി", അദ്ദേഹം കൂട്ടിച്ചേർത്തു. പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള ഭീകരത ശക്തി പ്രാപിക്കുകയാണ്. അതിനെതിരെ നമ്മൾ തിരിച്ചടിക്കണം. രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി ഈ വിപത്തിനെ നേരിടാൻ നാം പ്രവർത്തിക്കണം. തീവ്രവാദത്തിനെതിരായ പോരാട്ടം എല്ലാ സാഹചര്യങ്ങളിലും, എല്ലാ സ്ഥലങ്ങളിലും ഉണ്ടാകണമെന്നും ജയശങ്കർ പറഞ്ഞു.

  3. തീവ്രവാദ സംഘടനകൾക്ക് പ്രവർത്തിക്കാൻ ഫണ്ടും മറ്റു വിഭവങ്ങളും ആവശ്യമായതിനാൽ, ഭീകരവാദത്തിന് ധനസഹായം നൽകുന്ന കേന്ദ്രങ്ങളെ തടയേണ്ടതും പ്രധാനപ്പെട്ട കാര്യമാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. എല്ലാ ഭീകരപ്രവർത്തനങ്ങളും കുറ്റകരവും നീതീകരിക്കാനാവാത്തതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  4. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സും (എഫ്‌എടിഎഫ്), എഗ്‌മോണ്ട് ഗ്രൂപ്പും പോലുള്ള മറ്റ് ഫോറങ്ങളുമായുള്ള സഹകരണത്തിലൂടെ തീവ്രവാദത്തിനെതിരായ യുഎൻ ശ്രമങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും ജയശങ്കർ പറഞ്ഞു. ഭീകരർക്കും അവരുടെ സ്പോൺസർമാർക്കും എതിരായ നടപടികളെയും അവരുടെ സുരക്ഷിത താവളങ്ങളും പരിശീലന സ്ഥലങ്ങളും ലക്ഷ്യമിട്ടു നടത്തുന്ന നീക്കങ്ങളെ പ്രോത്സാഹിപ്പിക്കണം. ഇതിനായി സാമ്പത്തികവും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പിന്തുണ നൽകണണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  5. രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങൾ, നിരോധിത മയക്കുമരുന്ന്, ആയുധക്കടത്ത് എന്നീ പ്രവർത്തനങ്ങളുമായി തീവ്രവാദത്തിനുള്ള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസാരിച്ചതും എസ് ജയശങ്കർ ചൂണ്ടിക്കാട്ടി. ഇത്തരം ബന്ധങ്ങൾ തിരിച്ചറിയുകയും അവയെ തകർക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

  6. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലവേർലി മുംബൈ ആക്രമണത്തിലെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി. ഇത്തരം ഭീകരപ്രവർത്തനങ്ങൾ ഇനി ആവർത്തിക്കാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ''2008-ൽ മുംബൈയിൽ ഭീകരർ ആക്രമണം നടത്തിയപ്പോൾ കൊല്ലപ്പെട്ട 166 പേരെയും ആ ആക്രമണത്തിൽ പരിക്കേറ്റ എണ്ണമറ്റ ആളുകളെയും ഓർക്കുന്നു. ഇരകളോടും അവരുടെ കുടുംബങ്ങളോടും ഞാൻ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു," ക്ലവേർലി പറഞ്ഞു.

  7. യുകെയെ പ്രതിനിധീകരിച്ച് സമ്മേളനത്തിൽ പങ്കെടുത്ത ജയിംസ് ക്ലവേർലി തീവ്രവാദത്തെ ശക്തമായി അപലപിച്ചു. "മുംബൈയിൽ നടന്നതു പോലുള്ള ആക്രമണം ആവർത്തിക്കാതിരിക്കാൻ ഇന്ത്യയുമായും അന്താരാഷ്ട്ര സുഹൃത്തുക്കളുമായും പങ്കാളികളുമായും സഹകരിച്ച് ഞങ്ങൾ പ്രവർത്തിക്കും", ക്ലവേർലി കൂട്ടിച്ചേർത്തു. തീവ്രവാദ പ്രവർത്തനങ്ങൾക്കു ലഭിക്കുന്ന ഫണ്ടുകളെക്കുറിച്ചും അത്തരം പ്രവർത്തനങ്ങൾ തടയേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

  8. പാക്കിസ്ഥാനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ കുറഞ്ഞെന്ന് സമ്മേളനത്തിൽ പങ്കെടുത്ത ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. എങ്കിലും പാകിസ്ഥാൻ ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തായതിനു പിന്നാലെ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

  9. ഇന്റലിജൻസ് സംവിധാനം ഉപയോഗപ്പെടുത്തിയുള്ള ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, ബാലാകോട്ട് വ്യോമാക്രമണം, കശ്മീരിന് വേണ്ടിയുള്ള ആർട്ടിക്കിൾ 370 എന്നിവ വിഘടനവാദ പ്രവർത്തനങ്ങൾ ​ഗണ്യമായി കുറച്ചെന്ന് യോ​ഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. ''ഈ നാല് കാരണങ്ങളാണ് തീവ്രവാദ പ്രവർത്തനങ്ങൾ കുറയാൻ കാരണമായത്. അതിന്റെ പ്രധാന ക്രെഡിറ്റ് എഫ്എടിഎഫിനാണ്'', അദ്ദേഹം പറഞ്ഞു.

  10. നാല് വർഷത്തിന് ശേഷമാണ് പാകിസ്ഥാൻ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തായത്. ഒക്ടോബർ 20, 21 തീയതികളിൽ പാരീസിൽ നടന്ന എഫ്എടിഎഫിന്റെ പ്ലീനറിയിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മൂന്നു വർഷങ്ങൾക്കു മുൻപ് കശ്മീരിൽ വിദേശ ഭീകരരുടെ കടന്നു കയറ്റം കുറവായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഇവിടെയെത്തുന്ന എഴുപതു ശതമാനത്തോളം തീവ്രവാദികളും വിദേശത്തു നിന്നും വരുന്നവരാണെന്നും യോ​ഗത്തിൽ പങ്കെടുത്ത സർക്കാർ ഉദ്യോ​ഗസ്ഥനായ റിസ്വി പറഞ്ഞു. ''സോഫ്റ്റ് ടാർഗെറ്റുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ (കുടിയേറ്റ തൊഴിലാളികൾ, മതന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാ​ഗങ്ങൾ) വീണ്ടും ആരംഭിച്ചിരിക്കുന്നു. ഇത് വലിയ ആക്രമണങ്ങൾ നടത്തുന്നതിന് മുന്നോടിയാണ്'', റിസ്വി പറഞ്ഞു. അത്യാധുനിക സ്‌ഫോടകവസ്തുക്കൾ, ആയുധങ്ങൾ, ഹെറോയിൻ പോലുള്ള മയക്കുമരുന്നുകൾ എന്നിവ കടത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നതായും തീവ്രവാദ ശൃംഖലയ്ക്കുള്ള ധനസഹായം വർധിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  Published by:Jayesh Krishnan
  First published: