ജി 20 കൂട്ടായ്‌മയുടെ അദ്ധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുകയാണ്. സാമ്പത്തിക മാന്ദ്യം, രാജ്യങ്ങളുടെ കടബാധ്യത, കാലാവസ്ഥാ പ്രതിസന്ധി തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാൻ രാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുക എന്ന കാര്യത്തിലാണ് ഇന്ത്യ ഊന്നൽ നൽകുന്നത്.
യുനെസ്‌കോ അംഗീകരിച്ച ഇന്ത്യയിലെ ലോക പൈതൃക സ്മാരകങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് സംരക്ഷിത സ്മാരകങ്ങളിൽ ഡിസംബർ 1 മുതൽ ജി20 ലോഗോ പ്രദർശിപ്പിക്കും. ഹുമയൂണിന്റെ ശവകുടീരം, ഗുജറാത്തിലെ മൊധേര സൂര്യക്ഷേത്രം, ഒഡീഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം, ബീഹാറിലെ ഷേർഷാ സൂരിയുടെ ശവകുടീരം, കൊൽക്കത്തയിലെ മെറ്റ്കാൾഫ് ഹാൾ, കറൻസി ബിൽഡിംഗ്, ഗോവയിലെ ബോം ജീസസിന്റെ ബസിലിക്കയും, ലേഡി ഓഫ് റോസറി ചർച്ചും, ടിപ്പു സുൽത്താൻ കൊട്ടാരം, കർണാടകയിലെ ഗോൾഗുംബസ്, സാഞ്ചി ബുദ്ധ സ്മാരകങ്ങൾ. മധ്യപ്രദേശിലെ ഗാവ്ലിയോർ കോട്ട എന്നിവയെല്ലാം ഈ നൂറ് സ്മാകരങ്ങളിൽ പെടുന്നു. ഇതിൽ ഭൂരിഭാഗം പൈതൃക സ്മാരകങ്ങളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കീഴിലാണ്.
Also read: റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ അതിഥി; ആരാണ് അബ്ദുള്‍ ഫത്താ അല്‍ സിസി
ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷ പദത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് അമേരിക്ക അറിയിച്ചു. ”ആഗോള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ തുടരുന്നതിനൊപ്പം നിലവിലെ ഭക്ഷ്യ-ഊർജ സുരക്ഷാ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതുൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനത്തെ ഞങ്ങൾ പിന്തുണക്കുന്നു ”, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒരു വർഷത്തേക്കാണ് ഇന്ത്യ ജി 20 അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ 55 സ്ഥലങ്ങളിലായി 200-ലധികം മീറ്റിംഗുകൾ നടക്കും. ഡിസംബർ ആദ്യത്തെ ആഴ്ച ഉദയ്പൂരിൽ ആയിരിക്കും ആദ്യ യോഗം.
”ഡിസംബർ 1 മുതൽ ഒരു വർഷത്തേക്ക് ജി 20 പ്രസിഡന്റ് സ്ഥാനം ഇന്ത്യ വഹിക്കും. ഉന്നത ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും സർക്കാർ പ്രതിനിധികളും ഇന്ത്യയിലെ വിവിധ സംരക്ഷിത സ്മാരകങ്ങൾ സന്ദർശിക്കും. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളിലും സൈറ്റുകളിലും ജി20 ലോഗോ പ്രദർശിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്” എന്ന് ജി20 പുറത്തിറക്കിയ മെമ്മോറാണ്ടത്തിൽ പറയുന്നു.
ബാലിയിൽ നടന്ന ഇത്തവണത്തെ ജി20 ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോയി ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഈ പദവിയിലൂടെ ജി-20യെ ആഗോള തലത്തിലുള്ള മാറ്റങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡിജിറ്റൽ പരിവർത്തനത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു.
Summary: India’s G20 presidency commenced on Thursday with a focus on unity within a disparate grouping to tackle global challenges such as an economic slowdown, indebtedness of countries and the climate crisis
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.