മാർച്ച് 15 അന്താരാഷ്ട്ര ഇസ്ലാം വിദ്വേഷ (Islamophobia) വിരുദ്ധദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം യുഎൻ പൊതുസഭ (UN General Assembly) ചൊവ്വാഴ്ച അംഗീകരിച്ചു. അതേസമയം ഒരു മതത്തോടുള്ള വിദ്വേഷത്തെ അന്താരാഷ്ട്ര ദിനത്തിന്റെ നിലവാരത്തിലേക്ക് ഉയർത്തുന്നതിതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. മതവിദ്വേഷത്തിന്റെ സമകാലിക കാലത്ത് പ്രത്യേകിച്ച് ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളോടുള്ള വിദ്വേഷവും വളരുകയാണെന്നും ഇന്ത്യ പറഞ്ഞു. മാർച്ച് 15 അന്താരാഷ്ട്ര ഇസ്ലാംവിദ്വേഷ വിരുദ്ധ ദിനമായി പ്രഖ്യാപിക്കുന്നതിനായി സമാധാനത്തിന്റെ സംസ്കാരം എന്ന അജണ്ടയുടെ കീഴിൽ പാക്കിസ്ഥാൻ അംബാസഡർ മുനീർ അക്രം അവതരിപ്പിച്ച പ്രമേയം 193 അംഗ യുഎൻ പൊതു സഭ അംഗീകരിച്ചു.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (ഒഐസി) അവതരിപ്പിച്ച പ്രമേയം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, ജോർദാൻ, കസാക്കിസ്ഥാൻ, കുവൈറ്റ്, കിർഗിസ്ഥാൻ, ലെബനൻ, ലിബിയ, മലേഷ്യ, മാലിദ്വീപ്, മാലി, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, തുർക്കി, തുർക്ക്മെനിസ്ഥാൻ, ഉഗാണ്ട, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉസ്ബെക്കിസ്ഥാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളും പിന്താങ്ങി.
ഈ പ്രമേയം അംഗീകരിച്ചതിനെ തുടർന്ന് മതങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്വേഷത്തെ എതിർക്കുന്ന ഒന്നിലധികം പ്രമേയങ്ങളിലേക്ക് നയിക്കുകയും ഐക്യരാഷ്ട്രസഭയെ മത ക്യാമ്പുകളായി വിഭജിക്കുകയും ചെയ്യുന്ന ഒരു കീഴ്വഴക്കം സൃഷ്ടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി യുഎൻ ജനറൽ അസംബ്ലിയിൽ പ്രമേയം അംഗീകരിച്ചതിനെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി പറഞ്ഞു.
ലോകമെമ്പാടുമായി ഹിന്ദുമതത്തിന് 120 കോടിയിലേറെ അനുയായികളുണ്ട്. ബുദ്ധമതത്തിന് 535 ദശലക്ഷത്തിലധികവും സിഖ് മതത്തിന് 30 ദശലക്ഷത്തിലധികവും അനുയായികൾ ഉണ്ട്. ഒരു മതത്തെ മാത്രമായി പരിഗണിക്കാതെ പകരം മതവിദ്വേഷത്തിന്റെ വ്യാപനം നാം അംഗീകരിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും വേദിയിൽ നമ്മെ ഒരുമിച്ച് കൊണ്ടുവരുന്നതിനും ലോകത്തെ ഒരു കുടുംബമായി കണക്കാക്കുന്നതിനും പകരം നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരം മതപരമായ കാര്യങ്ങൾക്ക് അതീതമായി ഐക്യരാഷ്ട്രസഭ നിലകൊള്ളേണ്ടത് വളരെ പ്രധാനമാണന്നും അദ്ദേഹം പറഞ്ഞു.
Also Read-
Srilanka Economic Crisis| അരി കിലോയ്ക്ക് 448 ലങ്കൻ രൂപ; പാൽ ലിറ്ററിന് 263; സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക; ജനം തെരുവിൽയഹൂദവിരോധം, ക്രിസ്ത്യൻ വിദ്വേഷം അല്ലെങ്കിൽ ഇസ്ലാം വിദ്വേഷം എന്നിവയാൽ പ്രചോദിതമായ എല്ലാ പ്രവർത്തനങ്ങളെയും ഇന്ത്യ അപലപിക്കുന്നുണ്ടെങ്കിലും അത്തരം വിദ്വേഷങ്ങൾ ഇസ്ലാം മതത്തിൽ മാത്രം പരിമിതപ്പെടുന്നില്ലെന്ന് കരട് പ്രമേയം അംഗീകരിച്ചതിനെ തുടർന്ന് തിരുമൂർത്തി പറഞ്ഞു. വാസ്‌തവത്തിൽ, ദശാബ്ദങ്ങളായി ഇത്തരം മതവിദ്വേഷം ഇസ്ലാംഇതര മത വിഭാഗങ്ങളുടെ അനുയായികളെയും ബാധിച്ചിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഇത് മതവിദ്വേഷത്തിന്റെ സമകാലിക രൂപങ്ങൾ പ്രത്യേകിച്ചും ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളോടുള്ള വിദ്വേഷം, ഉയർന്നു വരുന്നതിന് കാരണമായി എന്നും അദ്ദേഹം പറഞ്ഞു.
മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ അക്രമത്തിന് ഇരകളായവരുടെ സ്മരണയ്ക്കായി 2019ൽ, ഓഗസ്റ്റ് 22, അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അംഗരാജ്യങ്ങൾ മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പൂർണ്ണമായും എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. നവംബർ 16 ന് നമുക്ക് സഹിഷ്ണുതയുടെ ഒരു അന്താരാഷ്ട്ര ദിനം പോലും ഉണ്ട്. ഒരു മതത്തിനെതിരായ വിദ്വേഷത്തെ ഒരു അന്താരാഷ്ട്ര ദിനത്തിന്റെ തലത്തിലേക്ക് ഉയർത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
ഗുരുദ്വാരകൾ, ആശ്രമങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയ മതപരമായ ആരാധനാലയങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതിലും അല്ലെങ്കിൽ പല രാജ്യങ്ങളിലും ഇസ്ലാം ഇതര മതങ്ങൾക്കെതിരെ വിദ്വേഷവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിലും ഈ സമകാലിക മതവിദ്വേഷ രൂപങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയുമെന്ന് തിരുമൂർത്തി തറപ്പിച്ചു പറഞ്ഞു.
താലിബാൻ അഫ്ഗാനിസ്ഥാനിലെ ബാമിയൻ ബുദ്ധപ്രതിഷ്ഠകൾ നശിപ്പിച്ചത്, ഗുരുദ്വാര പരിസരങ്ങളിൽ അതിക്രമിച്ച് കയറിയത്, ഗുരുദ്വാരയിൽ സിഖ് തീർഥാടകരെ കൂട്ടക്കൊല ചെയ്തത് ക്ഷേത്രങ്ങൾക്കു നേരെയുള്ള ആക്രമണം, ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ തകർക്കുന്നതിന്റെ മഹത്വവൽക്കരണം എന്നിവ ഉൾപ്പെടെ നിരവധി ഉദാഹരണങ്ങൾ അദ്ദേഹം ഇതിന് ചൂണ്ടികാണിച്ചു.
Also Read-
Suresh Gopi | 'അച്ഛൻ എന്റെ സൂപ്പര്‍ഹീറോ'; സുരേഷ് ഗോപിയുടെ രാജ്യസഭയിലെ വീഡിയോ പങ്കുവച്ച് മകൻ ഗോകുൽഇസ്ലാം ഇതര മതങ്ങൾക്കെതിരായ മതവിദ്വേഷത്തിന്റെ സമകാലിക രൂപങ്ങളുടെ വളർച്ചയ്ക്ക് ഇവ പിന്തുണ നൽകുന്നതായും അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് മറ്റെല്ലാം ഒഴിവാക്കി ഒരു മതത്തിനെതിരായ വിദ്വേഷത്തെ മാത്രം ഒരു അന്താരാഷ്ട്ര ദിനത്തിന്റെ തലത്തിലേക്ക് ഉയർത്തുന്നതിനെക്കുറിച്ച് ഞങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു മതത്തിലെ ആഘോഷം പോലെയല്ല ഒരു മതത്തിനെതിരായ വിദ്വേഷത്തെ ചെറുക്കുന്നത് അല്ലെങ്കിൽ അനുസ്മരിക്കുന്നത്. വാസ്തവത്തിൽ, ഈ പ്രമേയം മറ്റെല്ലാ മതങ്ങൾക്കുമെതിരായ ഭയത്തിന്റെ ഗൗരവത്തെ കുറച്ചു കാണുന്നതിലേക്ക് നയിച്ചേക്കാം, പ്രമേയം അംഗീകരിച്ചതിന് ശേഷമുള്ള തന്റെ പ്രസ്താവനയിൽ തിരുമൂർത്തി പറഞ്ഞു.
ബഹുസ്വരതയാണ് അസ്തിത്വത്തിന്റെ കാതൽ എന്നതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളുടെയും തുല്യ സംരക്ഷണത്തിലും പ്രോത്സാഹനത്തിലും ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ, 'ബഹുസ്വരത' എന്ന വാക്ക് പ്രമേയത്തിൽ പരാമർശിക്കുന്നില്ല എന്നും വ്യക്തമാക്കി. ലോകത്തിലെ മിക്കവാറും എല്ലാ മതങ്ങളുടെയും ആസ്ഥാനമായ ബഹുസ്വരവും ജനാധിപത്യപരവുമായ രാജ്യമെന്ന നിലയിൽ നൂറ്റാണ്ടുകളായി ലോകമെമ്പാടും സ്വന്തം വിശ്വാസത്തിന് വേണ്ടി പീഡിപ്പിക്കപ്പെടുന്നവരെ ഇന്ത്യ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് തിരുമൂർത്തി പറഞ്ഞു.
"അവർ എപ്പോഴും ഇന്ത്യയിൽ പീഡനത്തിൽ നിന്നും വിവേചനത്തിൽ നിന്നുമുള്ള സുരക്ഷിതമായ ഒരു താവളം കണ്ടെത്തി. അവർ സൗരാഷ്ട്രിയൻമാരോ ബുദ്ധമതക്കാരോ ജൂതന്മാരോ മറ്റേതെങ്കിലും വിശ്വാസക്കാരോ ആയിരുന്നാലും ഇത് ശരിയാണ്, അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേകം മതസമൂഹങ്ങളിലെ അംഗങ്ങൾക്ക് നേരെയുള്ള വിവേചനത്തിന്റെയും അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും സംഭവങ്ങൾ വർധിക്കുന്നതിൽ തിരുമൂർത്തി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി.
ചില രാജ്യങ്ങളിൽ വർധിച്ചു വരുന്ന വിഭാഗീയ അക്രമങ്ങൾ ഉൾപ്പെടെ, മതങ്ങളുടെ അനുയായികൾക്കെതിരായ അസഹിഷ്ണുത, വിവേചനം അല്ലെങ്കിൽ അക്രമം എന്നിവ ഉയരുന്നത് ഇന്ത്യ നോക്കി കാണുന്നത് ശക്തമായ ആശങ്കയോടെയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു
ഇസ്ലാം വിദ്വേഷത്തിന് എതിരെ പോരാടുന്നതിന് ഒരു അന്താരാഷ്ട്ര ദിനം സൃഷ്ടിക്കുന്ന പ്രമേയം എല്ലാത്തരം വിവേചനങ്ങൾക്കും എതിരെ പോരാടുന്നതിന് നാമെല്ലാവരും പങ്കിടുന്ന ആശങ്കയോട് പ്രതികരിക്കുന്നില്ലെന്ന് തിരുമൂർത്തിക്ക് ശേഷം സംസാരിച്ച യുഎൻ അംബാസഡറിലെ ഫ്രാൻസിന്റെ സ്ഥിരം പ്രതിനിധി നിക്കോളാസ് ഡി റിവിയർ പറഞ്ഞു. കാരണം, മതപരമായ അസഹിഷ്ണുതയ്‌ക്കെതിരായ പോരാട്ടത്തിൽ, വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യത്തെ പരാമർശിക്കാതെ, ഒരു മതം മാത്രം തെരഞ്ഞെടുത്ത് മറ്റുള്ളവർക്കിടയിൽ വിഭജനം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹം വൈവിധ്യങ്ങളാൽ നിർമ്മിതമാണെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം വ്യക്തികൾ പലതരം മതങ്ങൾ പിന്തുടരുന്നു അല്ലെങ്കിൽ അവയൊന്നും പാലിക്കുന്നില്ല. ഓരോ മതത്തിനും, വിശ്വാസത്തിനും അവിശ്വാസത്തിനും വേണ്ടിയുള്ള ദിവസങ്ങൾ സൃഷ്ടിക്കപ്പെടുമോ? ഈ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ വർഷത്തിൽ മതിയായ ദിവസങ്ങൾ ഉണ്ടാകണമെന്നില്ലെന്നും ഡി റിവിയർ പറഞ്ഞു.
ചൊവ്വാഴ്ച സമർപ്പിച്ച പ്രമേയത്തിന്റെ വാചകം മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ പോരാടാനുള്ള നിശ്ചയദാർഢ്യവുമായി ബന്ധപ്പെട്ട് നിരവധി ബുദ്ധിമുട്ടുകൾ ഉയർത്തിയതായി ഫ്രഞ്ച് പ്രതിനിധി പറഞ്ഞു. 'ഇസ്ലാമോഫോബിയ' എന്ന പദത്തിന് അന്താരാഷ്ട്ര നിയമത്തിൽ അംഗീകരിക്കപ്പെട്ട നിർവചനമൊന്നുമില്ല, മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ വിരുദ്ധമായി, പ്രമേയം തൃപ്തികരമല്ലെന്നും ഫ്രാൻസ് മുന്നോട്ടുവച്ച നിർദ്ദേശങ്ങളൊന്നും പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.