• HOME
  • »
  • NEWS
  • »
  • world
  • »
  • Canada | കാനഡയിലെ ഭഗവത്ഗീത പാര്‍ക്കിലെ ബോര്‍ഡ് തകര്‍ത്തു: ഇന്ത്യക്കാർക്കെതിരായ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുന്നതാ?

Canada | കാനഡയിലെ ഭഗവത്ഗീത പാര്‍ക്കിലെ ബോര്‍ഡ് തകര്‍ത്തു: ഇന്ത്യക്കാർക്കെതിരായ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുന്നതാ?

കാനഡയിലെ വിദ്വേഷ കുറ്റകൃത്യങ്ങളിലും ഇന്ത്യക്കാർക്കെതിരായ അക്രമങ്ങളിലും ജാഗ്രത പാലിക്കണമെന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരോട് കേന്ദ്ര സർക്കാർ രണ്ടാഴ്ച മുൻപ് മുന്നറിപ്പ് നൽകിയിരുന്നു

(Reuters File Photo)

(Reuters File Photo)

  • Share this:
കാനഡയിലെ ബ്രാംപ്ടണിലുള്ള ഭഗവത്‌ഗീത പാര്‍ക്കിലെ ബോര്‍ഡ് തകര്‍ത്ത സംഭവത്തിനു പിന്നാലെ ഇന്ത്യക്കാർക്കെതിരെ വിദേശ രാജ്യങ്ങളിൽ നടക്കുന്ന വിദ്വേഷ ആക്രമണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്നു വരികയാണ്. സംഭവത്തെ അപലപിച്ച് ഇന്ത്യ രംഗത്തെത്തി. കാനഡയിലെ വിദ്വേഷ കുറ്റകൃത്യങ്ങളിലും ഇന്ത്യക്കാർക്കെതിരായ അക്രമങ്ങളിലും ജാഗ്രത പാലിക്കണമെന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരോട് കേന്ദ്ര സർക്കാർ രണ്ടാഴ്ച മുൻപ് മുന്നറിപ്പ് നൽകിയിരുന്നു.

പാർക്കിന്റെ പേര് പരാമർശിക്കുന്ന സൈൻ-ബോർഡാണ് അക്രമികൾ തകർത്തത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ വ്യക്തമാക്കി. എന്നാൽ, പാര്‍ക്കിന്റെ പേരിടല്‍ ചടങ്ങില്‍ ഉപയോഗിച്ചിരുന്ന താത്കാലിക പാര്‍ക്ക് ബോര്‍ഡ് ആണ് നശിപ്പിക്കപ്പെട്ടതെന്ന് പീല്‍ പോലീസ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസം, കിഴക്കൻ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ അജ്ഞാതരായ ജനക്കൂട്ടം ഹിന്ദു ക്ഷേത്രം തകർക്കുകയും കാവി പതാക പറിച്ചെടുക്കുകയും ചെയ്ത വാർത്ത പുറത്തു വന്നിരുന്നു. തീവ്ര വലതുപക്ഷ ആശയങ്ങൾക്കും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ വിവരങ്ങൾക്കും എതിരെ മന്ത്രിമാർ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ലെസ്റ്റർ ഈസ്റ്റ് എംപി ക്ലോഡിയ ക്ലോഡിയ വെബ്ബ് സംഭവത്തിന് പിന്നാലെ പറഞ്ഞിരുന്നു.

ബ്രാംപ്ടൺ ആക്രമണം ഇന്ത്യക്കാർക്കെതിരെ സമീപകാലത്ത് നടന്ന ആദ്യത്തെ സംഭവമല്ല. കാനഡയിൽ ഒരു ഖലിസ്ഥാൻ ഹിതപരിശോധന നടന്നതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അടുത്തിടെ ഒരു ഹിന്ദു ക്ഷേത്രം തകർക്കപ്പെട്ട വാർത്തയും കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സെപ്റ്റംബറിൽ ടൊറന്റോയിലെ ബിഎപിഎസ് സ്വാമിനാരായൺ മന്ദിരത്തിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും പ്രത്യക്ഷപെട്ടിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ, ഇന്ത്യൻ വംശജനായ പഞ്ചാബി റേഡിയോ അവതാരകൻ ജോതി സിംഗ് മാൻ ബ്രാംപ്ടണിൽ ആക്രമിക്കപ്പെട്ടിരുന്നു. ജൂലൈ 14 ന് കാനഡയിലെ ഒരു ഹിന്ദു ക്ഷേത്രത്തിൽ മഹാത്മാഗാന്ധിയുടെ പ്രതിമക്കു നേരെ ആക്രമണം ഉണ്ടായ വാർത്തയും പുറത്തു വന്നിരുന്നു. ഏപ്രിലിൽ, ഗാസിയാബാദിൽ നിന്നുള്ള 21 കാരനായ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ച വാർത്തയും രാജ്യം നടുക്കത്തോടെയാണ് കേട്ടത്. സംഭവത്തിൽ റിച്ചാർഡ് ജോനാഥൻ എഡ്വിൻ എന്നയാളെ പോലീസ് അറസ്റ്റും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ മാർച്ചിൽ, സ്റ്റഡി വിസയിൽ കാനഡയിലേക്ക് പോയ പഞ്ചാബിലെ കപൂർത്തല സ്വദേശി ഹർമൻദീപ് കൗർ (25) കനേഡിയൻ പൗരന്റെ അടിയേറ്റ് മരിച്ചിരുന്നു. തലയിൽ ഇരുമ്പു ദണ്ഡു കൊണ്ട് അടിച്ചാണ് ഈ യുവാവിനെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഇന്ത്യക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വിദ്വേഷ ആക്രമണങ്ങൾ

2021 സെപ്റ്റംബർ 25: മിസിസാഗയിൽ പാർക്കിൽ പൂജ നടത്തുന്നതിനിടെ ഒരു ഹിന്ദു കുടുംബത്തെ രണ്ട് പേർ ആക്രമിച്ചു.

2021 ഒക്ടോബർ: 23 കാരനായ പ്രഭ്‌ജോത് സിംഗ് ഖത്രിക്ക് തന്റെ വാഹനത്തിൽ കയറുന്നതിനിടെ കുത്തേറ്റു.

2020 ജൂൺ: തമിഴ്‌നാട്ടിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥിനി റേച്ചൽ ആൽബർട്ടിന് ടൊറന്റോയിലെ യൂണിവേഴ്സിറ്റിക്ക് സമീപം കുത്തേറ്റു.

കോവിഡ് സമയത്ത് വിദ്വേഷ ആക്രമണങ്ങളിൽഉണ്ടായ വർധന

കാനഡയിൽ വിവിധ മതങ്ങൾ, വംശങ്ങൾ, ലൈംഗിക ആഭിമുഖ്യം എന്നിവയ്‌ക്കെതിരായ വിദ്വേഷ ആക്രമണങ്ങളിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. 2019 നും 2021 നും ഇടയിൽ രാജ്യത്തെ വിദ്വേഷ കുറ്റകൃത്യങ്ങളുടെ നിരക്കിൽ 72% വർധനയുണ്ടായതായാണ് റിപ്പോർട്ട്. 2021-ൽ, മതത്തെ ലക്ഷ്യമാക്കിയുള്ള വിദ്വേഷ ആക്രമണങ്ങൾ 67% വർധിച്ചു. വിവിധ ലൈംഗിക ആഭിമുഖ്യങ്ങൾക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ 64% വും വർധിച്ചു. വംശീയ കുറ്റകൃത്യങ്ങളിൽ 6% വർധനവ് ഉണ്ടായിട്ടുണ്ട്.

വംശീയതയ്ക്കെതിരായ നിയമം പാസാക്കണമെന്ന് കാനഡയിലെ ന്യൂനപക്ഷ വിഭാഗങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Published by:user_57
First published: